ജാപ്പനീസ് കാർ നിർമാതാക്കളായ നിസ്സാൻ മോട്ടോറിന്റെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനമൊഴിയാൻ കാർലോസ് ഘോസ്ൻ തയാറെടുക്കുന്നു. തുടർന്നും അദ്ദേഹം കമ്പനിയുടെ ചെയർമാനായി തുടരും. ഇപ്പോൾ നിസ്സാൻ കോ ചീഫ് എക്സിക്യൂട്ടീവായ ഹിരൊറ്റൊ സായ്കാവയാണ് ഏപ്രിൽ ഒന്നു മുതൽ നിസ്സാൻ മോട്ടോറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സി ഇ ഒ) സ്ഥാനം ഏറ്റെടുക്കുന്നത്.
അടുത്തയിടെ മിറ്റ്സുബിഷി മോട്ടോഴ്സിന്റെ കൂടി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്ന സാഹചര്യത്തിലാണ് നിസ്സാന്റെ സി ഇ ഒ സ്ഥാനം കൈമാറുന്നതെന്ന് ഘോസ്ൻ വിശദീകരിച്ചു. നിസ്സാൻ ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം കൂടി അടുത്തെത്തിയ സാഹചര്യത്തിൽ ഹിരറ്റൊ സായ്കാവയ്ക്കു തന്റെ പിൻഗാമിയായി ചുമതലയേൽക്കാൻ അനുകൂല സാഹചര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫ്രഞ്ച് നിർമാതാക്കളായ റെനോയും ജാപ്പനീസ് വാഹന നിർമാതാക്കളായ മിറ്റ്സുബിഷിയുമായി നിസ്സാനുള്ള സഖ്യത്തിൽ ശ്രദ്ധയൂന്നാൻ വേണ്ടിയാണു ഘോസ്ന്റെ ചുമതലകൾ പരിഷ്കരിച്ചതെന്ന് കമ്പനി വക്താവ് കീകൊ ഹൊഷിനൊ വിശദീകരിച്ചു. നേതൃനിരയിലെ പുനഃസംഘടനയ്ക്കു ഘോസ്ന്റെ ആരോഗ്യവുമായി ബന്ധമില്ലെന്നും അവർ വ്യക്തമാക്കി. നിസ്സാൻ — റെനോ — മിറ്റ്സുബിഷി എന്നീ കമ്പനികളുടെയും ചെയർമാൻ എന്ന നിലയിലും റെനോ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എന്ന നിലയിലും സഖ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാനാണു ഘോസ്ന്റെ തീരുമാനമെന്നും അവർ വിശദീകരിച്ചു.