റോയൽ എൻഫീൽഡിന് ഭാഗ്യം കൊണ്ടു വന്ന ബൈക്കാണ് ക്ലാസിക്ക് 350. മന്ദഗതിയിലായിരുന്ന റോയൽ എൻഫീൽഡിനെ ടോപ്ഗിയറിലാക്കി ഈ ബൈക്ക്. 2009 ൽ വിപണിയിലെത്തിയ ക്ലാസിക്ക് റോയൽ എൻഫീൽഡിന്റെ ഏറ്റവും വിൽപ്പനയുള്ള മോഡലാണ് റെട്രോ ലുക്കുള്ള ഈ ബൈക്ക്. റോയൽ എൻഫീൽഡിന്റെ മാത്രമല്ല ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള ബൈക്കുകളിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു ക്ലാസിക്ക് 350.
പഴമയുടെ പ്രൗഢിയെ പ്രധാന ആകർഷണമാക്കുന്ന ക്ലാസിക്കിന്റെ 38080 യൂണിറ്റുകളാണ് കഴിഞ്ഞ ഡിസംബറിൽ നിരത്തിലിറങ്ങിയത്. നവംബർ മാസത്തെക്കാൾ 6.34 ശതമാനം വളർച്ച, നവംബറിൽ 35809 യൂണിറ്റുകളായിരുന്നു വിൽപ്പന. ബജാജ് പ്ലാറ്റിന, ഹീറോ ഗ്ലാമർ, ഹീറോ പാഷൻ തുടങ്ങിയ ബൈക്കുകളെ പിന്തള്ളിയാണ് ക്ലാസിക്ക് മൂന്നാം സ്ഥാനത്ത് എത്തിയത്. 2015 വർഷം ഡിസംബറിനെക്കാൾ 61 ശതമാനം വളർച്ചയാണ് 2016 ഡിസംബറിൽ ലഭിച്ചത്. 135104 യൂണിറ്റ് വിൽപ്പനയോടെ ഹീറോ സ്പ്ലെൻഡർ ഒന്നാം സ്ഥാനത്തും 85386 യൂണിറ്റ് വിൽപ്പനയോടെ എച്ച്എഫ് ഡിലക്സ് രണ്ടാം സ്ഥാനത്തുമാണ്.
സ്കൂട്ടർ ഉൾപ്പെടെയുള്ള മുഴുവൻ ഇരുചക്രവാഹനങ്ങളുടെ കാര്യമെടുത്താൽ രാജ്യത്തെ വിൽപ്പനയുടെ കാര്യത്തിൽ ആറാം സ്ഥാനത്താണ് ക്ലാസിക്ക്. ഒന്നാം സ്ഥാനം ഹോണ്ട ആക്ടീവ സ്വന്തമാക്കിയപ്പോൾ രണ്ടാം സ്ഥാനം സ്പ്ലെന്‍ഡറും മൂന്നാം സ്ഥാനം ഹീറോ എച്ച്എഫ് ഡിലക്സും നാലാം സ്ഥാനം ടിവിഎസ് മോപ്പഡിനും അഞ്ചാം സ്ഥാനം ടിവിഎസ് ജൂപ്പിറ്ററിനുമാണ്.