സ്കാനിയ ഇന്ത്യയുടെ ട്രക്ക് നിർമാണം 1,000 പിന്നിട്ടു

സ്വീഡിഷ് വാണിജ്യ വാഹന നിർമാതാക്കളായ സ്കാനിയയുടെ ഉപസ്ഥാപനമായ സ്കാനിയ കൊമേഴ്സ്യൽ വെഹിക്കിൾസ് ഇന്ത്യയുടെ പ്രാദേശിക ഉൽപ്പാദനം 1,000 യൂണിറ്റ് പിന്നിട്ടു. ബെംഗളൂരുവിനടുത്തു നരസാപുരയിലെ നിർമാണശാല പ്രവർത്തനം തുടങ്ങി മൂന്നു വർഷം തികയും മുമ്പാണ് ഈ നേട്ടം കൈവരിച്ചതെന്നും കമ്പനി അവകാശപ്പെട്ടു. 2013 ഒക്ടോബറിലാണു സ്കാനിയ ഇന്ത്യയുടെ ട്രക്ക് നിർമാണശാല ഉദ്ഘാടനം ചെയ്തത്.

ഇന്ത്യയിലെ പ്രീമിയം വാണിജ്യ വാഹന നിർമാതാക്കൾക്കിടയിൽ സ്വന്തം ഇടം കണ്ടെത്തുന്നതിൽ കമ്പനി വിജയിച്ചതായി സ്കാനിയ ഇന്ത്യ മാനേജിങ് ഡയറക്ടറും സ്കാനിയ ഗ്രൂപ് സീനിയർ വൈസ് പ്രസിഡന്റുമായ ആൻഡ്രെസ് ഗ്രൻഡ്സ്ട്രോമർ അഭിപ്രായപ്പെട്ടു.

പ്രീമിയം വിഭാഗം ട്രക്കുകളുടെ പ്രകടനക്ഷമതയിലും സുരക്ഷിതത്വത്തിലും ലാഭക്ഷമതയിലുമൊക്കെ പുതിയ നിലവാരം കുറിക്കാൻ സ്കാനിയയുടെ മോഡലുകൾക്കു കഴിഞ്ഞിട്ടുണ്ടെന്നു കമ്പനി ഡയറക്ടർ(പ്രൊഡക്ഷൻ ആൻഡ് സർവീസ് ഓപ്പറേഷൻസ്) റിച്ചാർഡ് വാർഡെമാർക്ക് അവകാശപ്പെട്ടു. ഭാവിയിൽ ഇന്ത്യയെ ട്രക്ക് ഉൽപ്പാദനകേന്ദ്രമായി വികസിപ്പിക്കാനും സ്കാനിയയ്ക്കു പദ്ധതിയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.