ഈ ഏപ്രിൽ ഒന്നു മുതൽ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരമുള്ള പുതിയ വാഹനങ്ങൾക്കു മാത്രം റജിസ്ട്രേഷൻ അനുവദിക്കാനുള്ള തീരുമാനത്തിന്റെ പേരിൽ എൻവയോൺമെന്റ് പൊല്യൂഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ അതോറിട്ടി(ഇ പി സി എ)യും വാണിജ്യ വാഹന നിർമാതാക്കളുമായി തർക്കം തുടരുന്നു. ഉൽപ്പാദിപ്പിച്ച വാഹനങ്ങൾ വിറ്റഴിക്കാൻ കൂടുതൽ സമയം വേണമെന്ന കടുംപിടുത്തം തുടരുന്ന നിർമാതാക്കളുടെ നിലപാടിനെ അതോറിട്ടി ശക്തമായി വിമർശിച്ചു. നിലവിലുള്ള ഭാരത് സ്റ്റേജ് മൂന്ന് നിലവാരം പാലിക്കുന്ന വാഹനശേഖരം എപ്പോൾ വിറ്റൊഴിവാക്കാൻ കഴിയുമെന്നു പറയുക എളുപ്പമല്ലെന്നാണ് വാണിജ്യവാഹന നിർമാതാക്കളുടെ വാദം. പോരെങ്കിൽ ഉൽപ്പാദിപ്പിച്ചു കഴിഞ്ഞ വാഹനങ്ങളെപ്പറ്റി സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ്(സയാം) സമർപ്പിച്ചകണക്കുകളെപ്പറ്റിയും ആശയക്കുഴപ്പം തുടരുകയാണ്.
അതേസമയം മലിനീകരണ നിയന്ത്രണത്തിൽ ബി എസ് നാല് നിലവാരം നടപ്പാവുന്ന സാഹചര്യത്തിൽ ഏപ്രിൽ ഒന്നോടെ മുൻനിലവാരമുള്ള വാഹനങ്ങളുടെ നിർമാണം നിർത്തുമെന്ന് ടാറ്റ മോട്ടോഴ്സും അശോക് ലേയ്ലൻഡും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ വിൽപ്പനത്തോത് പരിഗണിച്ചാൽ മാർച്ച് 31ന് ബി എസ് മൂന്ന് നിലവാരമുള്ള 45,000 ത്രിചക്രവാഹനങ്ങളും മുക്കാൽ ലക്ഷം വാണിജ്യ വാഹനങ്ങളും ഏഴര ലക്ഷം ഇരുചക്രവാഹനങ്ങളും ഇരുപതിനായിരത്തോളം യാത്രാ വാഹനങ്ങളും ബാക്കിയുണ്ടാവുമെന്നാണു ‘സയാ’മിന്റെ കണക്ക്.
ത്രിചക്ര വാഹനങ്ങളുടെ കണക്കെടുപ്പിൽ ‘സയാം’ ബജാജ് ഓട്ടോ ലിമിറ്റഡിനെയും ഉൾപ്പെടുത്തിയിരുന്നു; എന്നാൽ കമ്പനിയുടെ പക്കൽ ബി എസ് മൂന്ന് നിലവാരമുള്ള ത്രിചക്ര വാഹനങ്ങളില്ലെന്നാണു ബജാജ് ഓട്ടോയുടെ നിലപാട്.
ഇതോടെ ‘സയാം’ അവകാശപ്പെട്ടതിൽ നിന്നു വ്യത്യസ്മതായി മാർച്ച് 31ന് ബാക്കിയാവുക ബി എസ് മൂന്ന് നിലവാരമുള്ള 25,000 ത്രിചക്ര വാഹനങ്ങൾ മാത്രമാവുമെന്നാണു സൂചന. ഇ പി സി എയുമായുള്ള തർക്കം മുറുകുന്ന സാഹചര്യത്തിൽ ഓരോ കമ്പനിയുടെ പക്കൽ അവശേഷിക്കുന്ന ബി എസ് മൂന്ന് നിലവാരമുള്ള വാഹനങ്ങളുടെ എണ്ണം പങ്കുവയ്ക്കാൻ നിർമാതാക്കൾ വിസമ്മതിക്കുന്നുമുണ്ട്. അതേസമയം ഈ വിഷയത്തലിൽ ഉടൻ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്നാണ് സുപ്രീം കോടതി നിയോഗിച്ച അതോറിട്ടിയായ ഇ പി സി എയുടെ ചെയർമാൻ ഭുരെ ലാലും അംഗം സുനിത നാരായനും വ്യക്തമാക്കി. രാജ്യത്തെ പരിസ്ഥിതി മലിനീകരണം ഗുരുതര സ്ഥിതിയിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ കർശന നിലപാട് സ്വീകരിക്കുകയല്ലാതെ മാർഗമില്ലെന്നാണ് ഇരുവരുടെയും നിലപാട്.