വിപണന ശൃംഖല വിപുലീകരിക്കാൻ ടെറ മോട്ടോഴ്സ്

ജപ്പാനിൽ നിന്നുള്ള വൈദ്യുത ഇരുചക്ര, ത്രിചക്ര വാഹന വാഹന(ഇ വി) നിർമാതാക്കളായ ടെറ മോട്ടോഴ്സ് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നു. അടുത്ത വർഷം അവസാനിക്കുംമുമ്പ് ഇന്ത്യയിൽ 80 അംഗീകൃത ഡീലർഷിപ്പുകൾ ആരംഭിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. ‘ഇ റിക്ഷ’യായ ‘ആർ സിക്സ്’ ഇന്ത്യയിൽ അവതരിപ്പിക്കാനാണു ടെറ മോട്ടോഴ്സിന്റെ തയാറെടുപ്പ്.

വ്യാവസായികമായി മുന്നിലുള്ള സംസ്ഥാനങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനാണു കമ്പനി ആലോചിക്കുന്നതെന്നു ടെറ മോട്ടോഴ്സ് കൺട്രി ഡയറക്ടർ തെപ്പെ സെകി അറിയിച്ചു. ദൃഢതയ്ക്കും ബാറ്ററികളുടെ കാര്യക്ഷമതയ്ക്കും വിൽപ്പനാന്തര സേവനത്തിനുമൊക്കെ പേരുകേട്ട വൈദ്യുത ഓട്ടോറിക്ഷകൾക്ക് ഇന്ത്യയിലും മികച്ച സ്വീകാര്യത കൈവരിക്കാനാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ടെറ മോട്ടോഴ്സിന്റെ വികസന പദ്ധതിയിൽ ഇന്ത്യ തന്ത്രപ്രധാന വിപണിയാണെന്നും സെകി അഭിപ്രായപ്പെട്ടു. വിപണന ശൃംഖല ഗണ്യമായി വിപുലീകരിച്ച് ഇന്ത്യയിൽ ശക്തമായ സാന്നിധ്യം കൈവരിക്കാനാവുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ. ബാറ്ററിയിൽ ഓടുന്ന ഇരുചക്ര, ത്രിചക്രവാഹനങ്ങൾ വിൽക്കുന്ന ടെറ മോട്ടോഴ്സ് ഇന്ത്യയിൽ സ്വന്തം നിർമാണശാലയും സ്ഥാപിക്കുന്നുണ്ട്. ഹരിയാനയിലെ ഗുഡ്ഗാവിൽ 31 കോടി രൂപ ചെലവിലാണു ടെറ മോട്ടോഴ്സ് പുതിയ നിർമാണശാല തുറക്കുന്നത്. പ്രവർത്തനത്തിന്റെ ആദ്യ വർഷം 30,000 യൂണിറ്റാണു ടെറ മോട്ടോഴ്സ് ലക്ഷ്യമിടുന്ന ഉൽപ്പാദന ശേഷി.

ഒരുലക്ഷം രൂപ വിലയ്ക്ക് ഇന്ത്യയിൽ ‘ആർ സിക്സ്’ വിൽക്കാനാവുമെന്നാണു ടെറ മോട്ടോഴ്സിന്റെ കണക്കുകൂട്ടൽ. 150 കിലോഗ്രാം ഭാരമുള്ള 48 വോൾട്ട്, 100 എ എച്ച് ബാറ്ററി പായ്ക്കാണ് ‘ആർ സിക്സി’നു കരുത്തു പകരുക. പൂർണമായും ചാർജ് ചെയ്താൽ 100 കിലോമീറ്റർ പിന്നിടാൻ ഈ ബാറ്ററി പായ്ക്കിനു ശേഷിയുണ്ട്. മൊത്തം 278 കിലോഗ്രാം ഭാരമുള്ള ‘ഇ റിക്ഷ’യിൽ ഏഴു പേർക്കാണു യാത്രാസൗകര്യം. ‘ആർ സിക്സി’നു പിന്നാലെ മറ്റൊരു ത്രിചക്ര വാഹനവും ടെറ മോട്ടോഴ്സ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണു കരുതുന്നത്.