ലോകമെങ്ങുമുള്ള വാഹന പ്രേമികൾക്കു വേദന സമ്മാനിച്ചു ജാപ്പനീസ് കാറുകളിൽ ഇതിഹാസ മാനങ്ങളുള്ള ‘മിറ്റ്സുബിഷി ലാൻസർ’ ഇക്കൊല്ലം ഔദ്യോഗികമായി വിട പറയുന്നു. ജപ്പാനിലെ ചെറുകാറായ ‘കീ’ക്കും വലിയ സെഡാനായ ‘ഗലന്റി’നുമിടയിലെ വിടവ് നികത്തുകയെന്ന ലക്ഷ്യത്തോടെ 1973ൽ നിരത്തിലെത്തിയ ‘ലാൻസറാ’ണ് ദൗത്യം പൂർത്തിയാക്കി മടങ്ങുന്നത്. ഹോണ്ട ‘സിറ്റി’ക്കൊപ്പം 1998ലായിരുന്നു ഇന്ത്യൻ വിപണിയിലേക്കുള്ള ‘ലാൻസറി’ന്റെ രംഗപ്രവേശം.
വിദേശ വിപണികളിൽ ‘ലാൻസർ’ പലതവണ പരിഷ്കരിക്കപ്പെട്ടെങ്കിലും ഇന്ത്യയിൽ കാറിന്റെ രണ്ടു തലമുറ മോഡലുകൾ മാത്രമാണു വിൽപ്പനയ്ക്കെത്തിയത്; ഇതിൽതന്നെ ആദ്യമെത്തിയ 1995 — 2000 മോഡലാവട്ടെ വിദേശത്തു വിൽപ്പന അവസാനിപ്പിച്ച ശേഷമായിരുന്നു ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 2006 — 2012 കാലഘട്ടത്തിൽ ‘സീഡിയ’യും വിപണിയിലെത്തി. 2011ലാണു ‘ലാൻസറി’ന്റെ ഏക ‘ഇവൊ’ പതിപ്പ് ഇന്ത്യയിലെത്തുന്നത്: ‘ഇവൊ എക്സ്’ എന്ന പേരിൽ പൊതുവേ അറിയപ്പെട്ടിരുന്ന ‘ഇവൊ 10’ ആണ് ഇവിടെയെത്തിയത്. രാജ്യാന്തര വിപണികളിൽ ആയുസിന്റെ പകുതി പിന്നിട്ട ഈ മോഡലിന് ഇന്ത്യയിൽ പ്രീമിയം നിലവാരത്തിൽ വില നിശ്ചയിച്ചതാണുതിരിച്ചടി സൃഷ്ടിച്ചത്.
‘ഇവൊ’യിലെ നാലു സിലിണ്ടർ ടർബോ എൻജിനാണ് ‘ലാൻസറി’ന് ലോകവ്യാപകമായി ജനപ്രീതി നേടിക്കൊടുത്തത്; ഒപ്പം വിദേശ വിപണികൾ പരിഗണിക്കുമ്പോൾ ന്യായമായ വിലയ്ക്ക് ഓൾ വീൽ ഡ്രൈവ് വകഭേദം ലഭ്യമാണെന്നതും കാറിന്റെ സ്വീകാര്യത മെച്ചപ്പെടുത്തി. പരിഷ്കാരങ്ങൾക്ക് അനായാസം വഴങ്ങുന്ന എൻജിനായിരുന്നു ‘ലാൻസറി’ന്റെ മറ്റൊരു സവിശേഷത; എൻജിനിൽ വരുത്തിയ മാറ്റം വഴി 500 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന ‘ലാൻസറും’ ‘ഇവൊ’യുമൊക്കെ പതിവു കാഴ്ചകളാണ്.
കിഴക്കൻ രാജ്യങ്ങളിലെയും ഹോളിവുഡിലെയും സിനിമകളിലും ‘ലാൻസർ’ സജീവ സാന്നിധ്യമായി; ജാക്കി ചാൻ റേസ് കാർ ഡ്രൈവറായി വേഷമിട്ട ‘തണ്ടർ ബോൾട്ടി’ൽ ‘ലാൻസറാ’യിരുന്നു നായകന്റെ വാഹനം. ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ പരമ്പരയിലാവട്ടെ ‘ലാൻസർ’ കാറുകളുടെ ‘ഇവൊ’ പതിപ്പുകളാണ് അരങ്ങുവാണത്.
ഇതിനു പുറമെ 1990 — 2000 കാലഘട്ടത്തിൽ സുബാരു ‘ഇംപ്രസ’യുടെ വെല്ലുവിളി അതിജീവിച്ചു റാലി ചാംപ്യൻഷിപ്പുകളിൽ തിളങ്ങാനും ‘ലാൻസറി’നായി. മികച്ച ഡ്രൈവർമാരെ കൂട്ടിനു കിട്ടിയതോടെ ആഗോളതലത്തിൽതന്നെ പ്രമുഖ റാലി വേദികളിലെല്ലാം ‘ലാൻസർ ഇവൊ’യുടെ ആധിപത്യമായിരുന്നു. എന്നാൽ കാറുകളെ കൈവിട്ട് പിക് അപ് ട്രക്കുകളുടെയും ക്രോസോവറുകളുടെയും എസ് യു വികളുടെയും നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മിറ്റ്സുബിഷിയുടെ തീരുമാനമാണ് ‘ഗാലന്റി’നു പിന്നാലെ ഇപ്പോൾ ‘ലാൻസറി’നും അന്ത്യം കുറിക്കുന്നത്. ‘ഇവൊ’ നിർമാണം കഴിഞ്ഞ വർഷം തന്നെ അവസാനിപ്പിച്ച കമ്പനി ഇക്കൊല്ലത്തോടെ ‘ലാൻസർ’ ബ്രാൻഡിനോടു തന്നെ വിട പറയാനുള്ള ഒരുക്കത്തിലാണ്. 2017 ജനീവ ഓട്ടോ ഷോയിൽ മിറ്റ്സുബിഷി പുതിയ ക്രോസോവർ അനാവരണം ചെയ്യുമ്പോൾ വിസ്മൃതിയിലേക്കു നീങ്ങുക ഐതിഹാസിക മാനങ്ങളുള്ള ‘ലാൻസർ’ ശ്രേണിയാവും.