വിമാനങ്ങളുടെ ശവപ്പറമ്പുകൾ

Mojave Airport, Image Source: Official Website

മാനത്ത് വട്ടമിട്ടു പറക്കുന്ന ആകാശത്തുമ്പികൾക്ക് മരണമുണ്ടാകുമോ എന്ന് കുട്ടിക്കാലത്ത് കുറെ ആലോചിച്ചിട്ടില്ലേ? വിമാനമെന്ന ഔദ്യോഗിക നാമത്തിൽ നമ്മുടെ തലയ്ക്കു മുകളിലൂടെ രാപകലില്ലാതെ പറന്നുനടക്കുന്ന പലനിറ തുമ്പികൾ. പല ശബ്ദങ്ങളിൽ, പല സ്വപ്നങ്ങൾക്ക് നിറം ചാർത്തിയവർ. ഒരുനാൾ നമ്മെപ്പോലെ അവരും മരിക്കുമെന്നു ആദ്യമായി കേട്ടപ്പോൾ സങ്കടമായിരുന്നു.

സ്വപ്നകാലങ്ങൾ പിന്നിട്ട് ആ തുമ്പി ലോകത്തിലെ മുക്കിലും മൂലയിലും ഓടിയെത്തി. വിമാനത്താവളങ്ങളിലെ തേൻ നുകർന്നു. വിമാനം കയറുന്നത് ആഡംബരമല്ലാതായി. രണ്ടായിരം രൂപയുണ്ടെങ്കിൽ ഇപ്പോൾ ചെറുയാത്ര നടത്താം. കുറെക്കാലമിങ്ങനെ പറന്നുനടന്ന് ക്ഷീണിച്ച് മൃതപ്രായമാകുന്ന വിമാനത്തുമ്പികളെ എവിടെയാണ് ചികിത്സിക്കുക. സ്വാഭാവിക മരണമോ അതോ ദയാവധമോ? മരണാനന്തരം ആരാണ് ആ തുമ്പികൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യുക. എവിടെയാണ്, എങ്ങനെയാണ് വിമാനങ്ങളെ അടക്കം ചെയ്യുക? നൂറുകൂട്ടം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളായി ലോകത്തിന്റെ പലയിടത്തും ശ്മശാന ശാന്തതയിൽ ചിറകറ്റ് അവർ ഉറങ്ങിക്കിടക്കുന്നു. ബോയിംഗ്, എയർബസ്, മക്ഡൊണൽ ഡഗ്ലസ്, ബോംബാർഡീർ, ലോക്ഹീഡ് മാര്‍ട്ടിൻ തുടങ്ങി പലതരം എയർക്രാഫ്റ്റുകളാണ് കൂട്ടത്തിൽ ഉറങ്ങിക്കിടക്കുന്നത്. ചില മൃതസഞ്ജീവനി കഴിച്ച് ഉണർന്നു പറക്കുന്നവരും കൂട്ടത്തിലുണ്ട്. പരിചയപ്പെടാം ലോകത്തിലെ പ്രധാന വിമാന കുഴിമാടങ്ങളെപ്പറ്റി.

അമാർക്, അമേരിക്ക

ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയുടെ ആകാശപഥങ്ങളും വിപുലമാണ്. എണ്ണിയാലൊടുങ്ങാത്ത ആകാശവണ്ടികൾ സ്വന്തം. പൊതുയാത്രയ്ക്കും യുദ്ധത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി അസംഖ്യം വ്യോമയാനങ്ങൾ. അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ ഇടതടവില്ലാതെ പുത്തൻ അവതരിക്കുന്നു. അന്നേരം പഴയതെല്ലാം പ്രതാപം മറന്ന് കട്ടപ്പുറത്താവും.

AMARC, Image Source: Official Website

ലോകത്തിലെ ഏറ്റവും വലിയ വിമാന കുഴിമാടമാണ് അമേരിക്കയിലുള്ള അമാർക്. ദി ബോണിയാർ‍ഡ് (ശ്മശാനം) എന്നും അറിയപ്പെടുന്നു. എയ്റോസ്പേസ് മെയിന്റനൻസ് ആൻ‍ഡ് റീജനറേഷൻ സെന്റർ എന്നതിന്റെ ചുരുക്കെഴുത്താണ് അമാർക് (AMARC). അരിസോണയിലെ ടക്സൺ ടൗണിലാണ് ഈ വിമാനക്കൂന. യുഎസ് എയർഫോഴ്സ് മെറ്റീരിയൽ കമാൻഡിനാണ് മേൽനോട്ട ചുമതല. കാലപ്പഴക്കം ചെന്ന വിമാനങ്ങളുടെ സൂക്ഷിപ്പും അറ്റകുറ്റപ്പണിയുമാണ് പ്രധാനം. 1925ൽ തുടങ്ങിയ ഡേവിസ്–മോന്തൻ എയർഫോഴ്സ് ബേസുമായി ബന്ധപ്പെട്ടാണ് അമാർക് പ്രവർത്തിക്കുന്നത്. അമേരിക്കയുടെ കര, നാവിക, വ്യോമ സേനകളുടെയും മറ്റ് ദേശീയ ഏജൻസികളുടെയും വിമാനങ്ങളുടെ അവസാനവട്ട സർവീസ് നടക്കുന്ന സുപ്രധാന കേന്ദ്രം.

AMARC, Image Source: Official Website

അല്ലറചില്ലറ കൈപ്പണികൾ നടത്തി പരമാവധി വിമാനങ്ങൾ വീണ്ടും ആകാശത്തേക്ക് ഇറക്കാനാണ് ശ്രമിക്കുന്നതെന്നാണ് അധികൃതരുടെ വാദം. എത്തിക്കുന്ന ഓരോ എയർക്രാഫ്റ്റും പലവിധ പരിശോധനകൾക്ക് വിധേയമാക്കും. പുനരുപയോഗിക്കാവുന്ന ഭാഗങ്ങൾ എടുത്തുമാറ്റും. പരിസ്ഥിതി പ്രത്യാഘാതമുണ്ടാകാത്ത വിധം അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് എയ‍ർക്രാഫ്റ്റുകൾ സൂക്ഷിക്കുന്നത്.

AMARC, Image Source: Official Website

2600 ഏക്കർ ഭൂമിയാണ് അമാർകിനായി അമേരിക്ക മാറ്റിയിട്ടിരിക്കുന്നത്. നിലവിൽ 4200 എയർക്രാഫ്റ്റുകളുണ്ട്. കടലാസിൽ വരയ്ക്കുന്ന മനോഹര പാറ്റേണുകളെപ്പോലെ ക്രിയാത്മകമായി നിരത്തിയിട്ടിരിക്കുന്ന വിമാനങ്ങളുടെ ആകാശക്കാഴ്ച മനോഹരമാണ്. ഏകദേശം 30 ബില്ല്യൺ ഡോളറാണ് ഇവിടെയുള്ള വിമാനങ്ങളുടെ മൂല്ല്യം. വിവിഐപി പരിഗണനയിൽ രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പാറിപ്പറന്ന എയർക്രാഫ്റ്റുകളുടെ കാര്യങ്ങൾ നോക്കാനായി 600 ജോലിക്കാരുണ്ട്. അമേരിക്കയുടെ തെക്കുപടിഞ്ഞാറായി മെക്സിക്കോയുടെ സമീപത്തായാണ് അരിസോണ. ഇവിടെ വിമാനശ്മശാനം ഒരുക്കാൻ പ്രത്യേക കാരണമുണ്ടോ? ഉണ്ടെന്നാണ് അമേരിക്ക പറയുന്നത്. വർഷം മുഴുവൻ വരണ്ട് കിടക്കുന്ന ഭൂമിയാണ് ഇവിടത്തേത് എന്നാണ് വിശദീകരണം.

മൊജാവെ, അമേരിക്ക

ഡൈ ഹാർഡ്, ഡ്രാഗ്നറ്റ് തുടങ്ങിയ ഹോളിവുഡ് സിനിമകളിൽ കാണിക്കുന്ന വിമാനത്താവളം ഏതെന്ന് ചോദിച്ചാൽ ഇനി പ്രയാസപ്പെടാതെ ഉത്തരം പറയാം– മൊജാവെ. എയർപോർട് ഉൾപ്പെടെയുള്ള വിമാനരംഗങ്ങൾ സുഗമമായി ചിത്രീകരിക്കാം. ഇതുതന്നെയാണ് രണ്ടാമത്തെ വലിയ വിമാനക്കൂനയും. മറ്റൊരു വലിയ പ്രത്യേകത, മൊജാവെ എയർ ആൻഡ് സ്പേസ് പോർട്ട് ലോകത്തെ ഏറ്റവും മുന്തിയ വിമാനപ്പറക്കൽ പരിശീലന കേന്ദ്രമാണ് എന്നതാണ്. 10 വർഷത്തെ കഠിനപ്രവർത്തനം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. 3300 ഏക്കറിലായി പരന്നു കിടക്കുന്നു.

Mojave Airport, Image Source: Official Website

ലോസാഞ്ചൽസിൽ നിന്നു 96 മൈൽ അകലെ കാലിഫോർണിയയിലാണ് മൊജാവോ സിറ്റി. പ്രധാനപ്പെട്ട ഖനന സ്ഥലമായിരുന്നു. 1894ൽ സോൾഡാഡ് പർവതനിരകളുടെ സമീപങ്ങളിൽ നിന്നു സ്വർണം കുഴിച്ചെടുത്തിട്ടുണ്ട്. 1935ൽ പ്രാദേശിക എയർഫീൽഡായാണ് വിമാനത്താവളം തുറന്നത്. ഖനിസാമഗ്രികളുടെ കടത്തായിരുന്നു ആദ്യം നടന്നിരുന്നത്. രണ്ടാംലോക മഹായുദ്ധ കാലത്ത് യുഎസ് സേനയുടെ ട്രെയിനിംഗ് കേന്ദ്രമായി വികസിപ്പിച്ചു. 1946ൽ ഡീകമ്മിഷൻ ചെയ്തു. പിന്നെ യുഎസ് നേവിയുടെ എയര്‍ഫീൽ‍ഡായി.

Mojav Airport, Image Source: Official Website

സമുദ്രനിരപ്പിൽ നിന്നും 2801 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന എയർപോർട് വലിയ വ്യവസായിക പാർക്ക് കൂടിയാണ്. അറുപതിലധികം കമ്പനികൾ സജീവമായുണ്ട്. വിമാന ഡിസൈനിങ്, ഫ്ലൈറ്റ് ടെസ്റ്റ്, ഗവേഷണം, നിർമ്മാണം എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ. എൻജിൻ രൂപകൽപന, ശബ്ദശല്യം കുറയ്ക്കൽ, അത്യാധുനിക കോക്പിറ്റ് ഡിസ്പ്ലേ എന്നിവയിൽ പരിശീലനവും ഗവേഷണവുമുണ്ട്. പ്ലെയിൻ ക്രേസി സാറ്റർഡേയ്സ് എന്ന പേരിൽ പൊതുജനത്തിന് വിമാനത്താവളം കാണാനും അവസരമുണ്ട്.

ദി പൈനൽ എയർപാർക്ക്

ടക്സണിന്റെ വടക്കുപടിഞ്ഞാറ് അരിസോണയിലെ മരാനയിലാണ് ദി പൈനൽ എയർപാർക്ക് എയർപോർട്ട്. പൊതുഗതാഗതം നടത്തി നടുവൊടിഞ്ഞ എയർക്രാഫ്റ്റുകളുടെ സൂക്ഷിപ്പുപുര. പുനരുപയോഗിക്കാനുള്ള ഗവേഷണമാണ് ഇവിടെ പ്രധാനമായും നടക്കുന്നത്. സർവീസ് നിലച്ച വിമാനങ്ങളെ ദീർഘകാലം സൂക്ഷിക്കാൻ വരണ്ടതും ഈർപ്പം കുറഞ്ഞതുമായ കാലാവസ്ഥ ഗുണകരമാണ്. സർക്കാരിന്റേത് മാത്രമല്ല സ്വകാര്യമേഖലയ്ക്കും സ്ഥലം അനുവദിച്ചിട്ടുണ്ട്.

Pinal Air Park, Image Source: Official Website

രണ്ടാം ലോകമഹായുദ്ധ സമയത്ത് പതിനായിരത്തിലധികം പൈലറ്റുമാർക്ക് പരിശീലനം നൽകിയിരുന്ന കേന്ദ്രമെന്ന പ്രത്യേകതയുമുണ്ട്. യുദ്ധാനന്തരം എയർഫീൽ‍ഡ് പൈനൽ കൗണ്ടി ഏറ്റെടുത്തു. പിന്നെ പലർക്കായി പാട്ടത്തിന് നൽകി. വിയറ്റ്നാം യുദ്ധകാലത്ത് സിഐഎയുടെ കീഴിലായി എയർഫീൽഡ്. 1979ൽ എവർഗ്രീൻ ഇന്റർനാഷണൽ ഏവിയേഷൻ ഏറ്റെടുത്തു. 2080 ഏക്കറിലായി പരന്നുകിടക്കുന്ന പൈനൽ എയർപാർക്ക് സമുദ്രനിരപ്പിൽ നിന്ന് 1893 അടി ഉയരെയാണ്. ആദ്യകാലത്ത് പൊതുജനത്തിന് പ്രവേശനം നിഷേധിച്ചിരുന്നു. ഇപ്പോൾ പ്രവേശനകവാടത്തിൽ വലിയ പരിശോധനകളില്ല. അകത്തുകയറി തൊട്ടടുത്ത് നിന്ന് ആയിരക്കണക്കിന് വിമാനങ്ങളെ കാണാം. ഫോട്ടോയുമെടുക്കാം.

റൗ, മെക്സിക്കോ

Rosswell International Aircenter, Image Source: Google Map

ന്യൂ മെക്സിക്കോയിലെ റോസ്‍വല്ലിലാണ് റോസ്‍വൽ ഇന്റർനാഷണൽ എയർസെന്റർ എന്ന റൗ. രണ്ടാം ലോക മഹായുദ്ധത്തിൽ എയർഫീൽഡ് ആയിരുന്നു. പിന്നീട് എയർബേസ് ആയി. ബി–29 സൂപ്പർഫോർട്രെസ്, ബി–50, കെസി–97, ബി–36 പേസ്മേക്കർ, കെസി–135 സ്ട്രാറ്റോടാങ്കർ, ബി–52 സ്ട്രാറ്റോഫോർട്രെസ് എന്നീ സൈനിക യുദ്ധവിമാനങ്ങൾ സൂക്ഷിച്ചതും കുതിച്ചതും ഇവിടെ നിന്നാണ്. എയർബേസ് നിറുത്തിയതിനെ തുടർന്നാണ് ദി റോസ്‍വൽ ഇന്റർനാഷണൽ എയർ സെന്റർ (RIAC) സ്ഥാപിതമായത്. രണ്ട് റണ്‍വെകളുണ്ട്. ഒന്ന് 13001 അടി നീളത്തിലും മറ്റൊന്ന് 9,999 അടി നീളത്തിലും. വിമാനങ്ങളുടെ അറ്റകുറ്റപ്പണിയടക്കം നിരവധി വ്യവസായങ്ങൾ ഇവിടം കേന്ദ്രീകരിച്ച് നടക്കുന്നു. പലതരം വിമാനങ്ങളുടെ പാർട്സുകളും ലഭ്യമാണ്. റോസ്‍വൽ കേന്ദമാക്കി നിരവധി കമ്പനികൾ പ്രവർത്തിക്കുന്നു. മുന്നൂറ് ജെറ്റുകൾ സുഖമായി സൂക്ഷിക്കാം. ടൂറിസ്റ്റുകളെ അനുവദിക്കാറുണ്ട്.

ഖോണ്ഡ്യക, റഷ്യ

റഷ്യൻ ഏവിയേഷൻ ജന്മമെടുത്തത് ഖോണ്ഡ്യക എയറോഡ്രോമിലാണത്രെ. സോവിയറ്റ് റഷ്യയുടെ കാലത്ത് എയര്‍ക്രാഫ്റ്റ് ഡിസൈനിങ്ങും നിർമ്മാണവും നടന്നിരുന്ന സ്ഥലം. എയറോഫ്ലോട്ട്, ഇല്ലൂഷിൻ, മിഗ്, സുഖോയ്, യാകോവ്ലേവ് തുടങ്ങിയ പ്രശസ്ത വ്യോമയാനങ്ങളുടെ ആസ്ഥാന ഓഫീസും ഇതായിരുന്നു. 1941വരെ മോസ്കോയിലുണ്ടായിരുന്ന ഏക എയർപോർട്ടും ഖോണ്ഡ്യകയാണ്. 1989 വരെ പ്രവ‌ത്തിച്ചു. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ പ്രതാപമെല്ലാം പോയ്മറഞ്ഞു. ഇപ്പോൾ പ്രധാനമായും ചിറകൊടിഞ്ഞ വിമാനങ്ങളുടെ സൂക്ഷിപ്പുപുരയാണ്.

Khondynka Aerodrome

കാസ്പിയ്സ്ക് Kaspiysk (റഷ്യ), ഫീനിക്സ് ഗുഡ് ഇയർ (അരിസോണ, യുഎസ്), ആലീസ് സ്പ്രിംഗ്സ് എയർപോർട്ട് (ആസ്ട്രേലിയ), ദി മ്യൂസിയം ഓഫ് സിവിൽ ഏവിയേഷൻ (റഷ്യ), ചെർണോബിൽ ഗ്രേ‍വ്‍യാർഡ് (യുക്രൈൻ) തുടങ്ങിയ സ്ഥലങ്ങളിലും വിമാനങ്ങളുടെ അനാഥ പ്രേതങ്ങളെ കൂട്ടത്തോടെ കണ്ടുമുട്ടാം.