Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ അദ്ഭുത വിമാനം പറക്കൽ നിർത്തിയിട്ട് പതിനാലു വർഷം

concorde-7 Concorde

ശബ്ദത്തേക്കാൾ അതിവേഗത്തിൽ, മനുഷ്യന്റെ സ്വപ്നവേഗങ്ങളെ ആകാശത്തിലേക്കുയർത്തിയ ആ അത്ഭുതവിമാനം പറക്കൽ നിർത്തിയിട്ട് പതിനാല് വർഷങ്ങൾ തികയുന്നു. വായുവിൽ ശബ്ദം സഞ്ചരിക്കുന്നത് സെക്കൻഡിൽ 343 മീറ്റർ വേഗത്തിൽ. മണിക്കൂറിൽ 1235 കിലോമീറ്റർ. മണിക്കൂറിൽ 2,180 കിലോമീറ്റർ എന്ന സ്വപ്ന വേഗത്തിൽ സഞ്ചരിച്ച  കോൺകോർഡ് അവസാനമായി റൺവേ തൊട്ടത്  2003 ഒക്ടോബർ 24ന്. 

concorde Concorde

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കയും സോവിയറ്റ് യൂണിയനും ശീതയുദ്ധത്തിന്റെ കൊടിക്കൂറ നാട്ടി ശക്തിയാർജിക്കുന്ന കാലം. ലോകമടക്കി ഭരിച്ചിരുന്ന ബ്രിട്ടനും ഫ്രാൻസും രണ്ടാംനിരയിലേക്ക് പിൻവാങ്ങിയ കാലം. ബദ്ധവൈരികളായ ബ്രിട്ടനും ഫ്രാന്‍സും അതിജീവനത്തിന്റെ അനിവാര്യതയിൽ കൈകോർത്തു. ആ കൂട്ടായ്മയിൽ മൊട്ടിട്ട സ്വപ്നമായിരുന്നു ശബ്ദാതിവേഗ യാത്രാവിമാനം.

concorde-2 Concorde

1962ൽ ഇരുരാജ്യങ്ങളും കരാറൊപ്പിട്ടു. എടുത്താൽ പൊങ്ങാത്ത സാമ്പത്തിക പ്രാരാബ്ധമാകുമെന്ന് ആരോപിച്ചു ഇരുരാജ്യങ്ങളിലും സമരങ്ങളുമാരംഭിച്ചു. പാരിസ്ഥിതിക പ്രശ്നങ്ങളും ഉയർന്നുവന്നു. വിമ‍ർശനങ്ങളെ വെല്ലുവിളിച്ചു പദ്ധതിയുമായി മുന്നോട്ട്. ബ്രിട്ടീഷ് എയറോസ്പേസും എയ്റോസ്പാഷിയേലും ചേർന്ന് നിർമാണ ജോലികൾ തുടങ്ങി. ആദ്യത്തെ ട്രയലുകള്‍ പൂർണമായി പരാജയപ്പെട്ടു. തളർന്നില്ല. സൂപ്പർസോണിക് വേഗത്തിനായി എഞ്ചിനിലും രൂപത്തിലും തുടര്‍ച്ചയായ മാറ്റങ്ങള്‍ കൊണ്ടുവന്നു. വർഷങ്ങളുടെ കഠിനധ്വാനത്തിനു ശേഷം വിമാനം രൂപമെടുത്തു. 1969ൽ ആദ്യമായി പറന്നുയർന്നു. ശബ്ദാതിവേഗ വിമാനത്തിന് കോൺകോർഡ് എന്നു പേരിട്ടു. പൊരുത്തം, യോജിപ്പ്, കൂട്ടായ്മ എന്നെല്ലാമാണ് ഈ ഫ്രഞ്ചുവാക്കിന്റെ അർത്ഥം.

concorde-6 Concorde

റഷ്യയ്ക്കുമുണ്ടായിരുന്നു ശബ്ദാതിവേഗ വിമാനം. ടിയു–144 സൂപ്പർസോണിക് എയർക്രാഫ്റ്റ്. കോൺകോർഡിനു മുമ്പായി 1968 ഡിസംബർ 31ന് കന്നിപ്പറക്കൽ‌ നടത്തി. കാർഗോ സർവീസായിരുന്നു ആദ്യം. 1977ൽ പാസഞ്ചർ സർവീസ് ആരംഭിച്ചു. രണ്ടുതവണ അപകടമുണ്ടായതോടെ 1985ൽ പിൻവലിച്ചു.

കോൺകോർഡ് പറക്കൽ

1969 ഒക്ടോബർ ഒന്നിനാണ് വിജയകരമായി വിമാനം പറന്നത്. കന്നിയാത്ര നടത്തിയത് 1976 ജനുവരി 21ന്. ബ്രിട്ടീഷ് എയർവെയ്സ് കോൺകോർഡ് ലണ്ടനിൽ നിന്നു ബഹറിനിലേക്കും എയർഫ്രാൻസ് കോൺകോർഡ് പാരീസിൽ നിന്നു റിയോ ഡി ജനീറോയിലേക്കുമായിരുന്നു ആദ്യം പറന്നത്. ലണ്ടൻ– ബഹറിൻ ടിക്കറ്റുവില 356 പൗണ്ട്. ഇന്നത്തെ 29264 രൂപ. 100 സീറ്റാണ് ഉണ്ടായിരുന്നത്. മുൻഭാഗത്തെ കാബിനിൽ നാൽപതും പിൻകാബിനിൽ അറുപതും പേർക്കിരിക്കാം. രണ്ട് പൈലറ്റുമാരടക്കം ഒമ്പതു ക്രൂ അംഗങ്ങൾ. ചരിത്രത്തിൽ ഏറ്റവുമധികം പരീക്ഷണപ്പറക്കൽ നടത്തിയ വിമാനം കൂടിയാണിത്, 5000 മണിക്കൂർ. ലണ്ടൻ– ന്യൂയോർക്ക് റൂട്ടിൽ 1977 നവംബർ 22ന് യാത്രയാരംഭിച്ചു. എട്ടു മണിക്കൂർ വേണ്ട ഈ റൂട്ടിൽ യാത്രാസമയം മൂന്നര മണിക്കൂറായി കുറഞ്ഞു. 1996 ഫെബ്രുവരി ഏഴിന് കോൺകോർഡ് വീണ്ടും തിരുത്തി. 2.52 മണിക്കൂറിൽ പറന്നെത്തി. ഇന്നുവരെ തകർന്നിട്ടില്ലാത്ത റെക്കോർഡാണിത്. അറ്റ്ലാന്റിക്കിന് കുറുകെ മൂന്നേമുക്കാൽ മണിക്കൂറിൽ പറന്നു. ആയിരം പൗണ്ടായിരുന്നു ടിക്കറ്റുവില. 

concorde-1 Concorde

കോൺകോർഡിന്റെ ടേക്ക് ഓഫ് സ്പീഡ് മണിക്കൂറിൽ 402 കിലോമീറ്ററാണ്. ലാൻഡിങ് വേഗം മണിക്കൂറിൽ 300 കിലോമീറ്ററും. 60,000 അടി ഉയരത്തിൽ പറക്കുന്ന കോൺകോർഡിൽ നിന്ന് ഭൂമിയുടെ അപൂർവദൃശ്യം കാണാം. സ്ട്രാറ്റോസ്ഫിയറിനും അയണോസ്ഫിയറിനും ഇടയിലുള്ള ഈ ദൂരത്തിലൂടെ വിമാനം പോകുമ്പോൾ ഭൂമിയുടെ വൃത്താകൃതി കാണാനാകുമെന്ന കൗതുകവുമുണ്ട്. ഇത്ര ഉയരത്തിലും വേഗത്തിലും സഞ്ചരിക്കുമ്പോൾ ക്രമാതീതമായ ചൂടായിരിക്കും. ചൂടിൽ വിമാനം ആറു മുതൽ 10 ഇ‍ഞ്ചുവരെ വികസിക്കും. ഇതിനനുസരിച്ചാണ് നിർമാണം. പ്രത്യേക വെള്ള പെയിന്റ് പൂശിയിട്ടുള്ളതിനാൽ അകത്തിരിക്കുന്നവർക്ക് കഠിനമായ ചൂട് അനുഭവപ്പെടില്ല. മണിക്കൂറിൽ 25,629 ലിറ്റർ‌ ഇന്ധനം വേണ്ടതിനാൽ വിമാനത്തിന്റെ ഇന്ധശേഷി കൂടുതലാണ്. 1.19 ലക്ഷം ലിറ്റർ.

concorde-4 Concorde

കുറച്ചുസമയമേ വിമാനത്തിനകത്ത് ചെലവഴിക്കേണ്ടതുള്ളൂ എങ്കിലും ക്ഷീണത്തിനു സാധ്യതയുണ്ട്. അതിനാൽ ആദ്യയാത്രയിൽ അടിപൊളി വിഭവങ്ങളാണ് ബ്രിട്ടീഷ് എയർവെയ്സ് യാത്രക്കാർക്കായി കരുതിയിരുന്നത്. ഷാംപയിൻ, ഗ്രിൽഡ് ഫില്ലറ്റ് സ്റ്റീക്, റോക്യുഫോർട്ട് ചീസ്, സലാഡ്, സ്ട്രോബറി, ഹവാന സിഗാർ.. ഇതുവരെ 14 കോൺകോർ‍ഡുകളേ വ്യവസായികാവശ്യത്തിന് ഉപയോഗിച്ചിട്ടുള്ളൂ. യാത്രക്കാരെ മാത്രമല്ല, മനുഷ്യാവയവങ്ങൾ, ഡയമണ്ട്, കറൻസി എന്നിവയുടെ കൈമാറ്റത്തിനും സഞ്ചരിച്ചു. ഇതുവരെ നടത്തിയത് 50000 യാത്രകൾ. 2.5 മില്ല്യൺ ആളുകൾ യാത്രക്കാരായി. സ്വകാര്യ ടൂറുകൾക്കായുള്ള ആദ്യസഞ്ചാരം 1983 മെയിലായിരുന്നു. ഹീത്രൂവിൽ നിന്നു നീസിലേക്ക്. ലണ്ടനിൽ നിന്നു സിങ്കപ്പൂരിലേക്ക് ഫ്ലൈറ്റുകൾ തുടങ്ങിയെങ്കിലും മൂന്നുയാത്രക്കു ശേഷം നിറുത്തി. ശബ്ദശല്യം കൂടുതലാണെന്നായിരുന്നു പരാതി. സൗദിയിൽ നിന്നും വന്നിരുന്നു വിചിത്രമായ തടസവാദം. സൗദിയ്ക്കു മുകളിലൂടെ പറക്കുമ്പോഴുള്ള വലിയ ശബ്ദം ഒട്ടകങ്ങളുടെ പ്രതുത്പാദനത്തെ ബാധിക്കുമെന്നായിരുന്നു അവരുടെ അഭിപ്രായം.

സെലിബ്രിറ്റി യാത്രക്കാർ

അതിവേഗത്തിൽ സഞ്ചരിക്കാൻ പണക്കാരും സെലിബ്രിറ്റുകളും രാഷ്ട്രത്തലവന്മാരും കൂടുതൽ താത്പര്യം കാണിച്ചു. ജയിംസ് കാല്ലഗൻ (James Callaghan) ആണ് കോൺകോർഡിൽ യാത്ര ചെയ്ത ആദ്യ ബ്രിട്ടിഷ് പ്രധാനമന്ത്രി. ബ്രിട്ടന്റെ വ്യോമയാനങ്ങളുടെ അമേരിക്കയിലെ ലാൻഡിങ് പ്രശ്നങ്ങൾ പ്രസിഡന്റുമായി ചർച്ച ചെയ്യാനായിരുന്നു ആ യാത്ര. 1991ൽ എഡിൻബർഗ് രാജ്ഞിയും പ്രഭുവും യാത്രക്കാരായി. ഫ്രാൻസിന്റെയും ബ്രിട്ടന്റെയും തലപ്പത്തുള്ളവർ നിരവധി തവണ കയറി. ക്യൂൻ എലിസബത്ത് 2, പ്രധാനമന്ത്രിമാരായ എഡ്‍വാർഡ് ഹീത്ത്, മാർഗരറ്റ് താച്ചർ, ജോൺ മേജർ, ടോണി ബ്ലയർ തുടങ്ങിയവർ നിത്യയാത്രക്കാരായി.

concorde-8 Concorde

ജോൺ കോളിൻസ്, എൽ‌ട്ടൺ ജോൺ, മിക് ജാഗർ, എലിസബത്ത് ടെയ്‍ലർ, സീൻ കോണറി, ഡയാന റോസ്, ഫിൽ കോളിൻസ് തുടങ്ങിയ പ്രശസ്തരും ഇഷ്ടപ്പെട്ടു. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1989ൽ യാത്ര ചെയ്തു. വ്യോമപ്രദർശനങ്ങൾ, പരേഡുകൾ എന്നിവയിലും വിമാനം അണിനിരന്നു. പരസ്യകമ്പനികൾക്കു വേണ്ടിയും ഒളിമ്പിക് ദീപശിഖാ റാലിയിലും (1992) പ്രത്യക്ഷപ്പെട്ടു. സൂര്യഗ്രഹണം നിരീക്ഷിക്കാനായി 1973 ജൂണിൽ പറന്ന കഥയും കോൺകോർഡിന് പറയാനുണ്ട്.

ദുരന്തത്തിലേക്ക് ടേക്ക് ഓഫ്

അതിഭയാനക ശബ്ദം മൂലം ഒട്ടുമിക്ക രാജ്യങ്ങളും കോണ്‍കോര്‍ഡ് തങ്ങളുടെ ആകാശത്ത് നിരോധിച്ചിരുന്നു. ലാന്‍ഡിങ് സമയത്ത് സമീപത്തെ കണ്ണാടികൾ പൊട്ടുന്നത് പതിവാണ്. 500 ഡെസിബൽ ശബ്ദം പരിസ്ഥിതിക്കു ഭീഷണിയാണെന്ന വാദങ്ങളുമുണ്ടായി. 2000 ജൂലായ് 25. എയര്‍ ഫ്രാന്‍സിന്റെ 4590 വിമാനം പാരീസിലെ ചാൾസ് ഇ ഗാര്‍ലെ എയര്‍പോര്‍ട്ടില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പറക്കാനൊരുങ്ങുന്നു. നൂറു യാത്രക്കാരും 9 ജീവനക്കാരുമടങ്ങുന്ന സംഘമാണ് അകത്ത്. ക്ലിയറന്‍സ് ലഭിച്ചതോടെ വിമാനം ടേക്ക് ഓഫ് ചെയ്തു. ഒന്നാം നമ്പര്‍ റണ്‍വേയിലൂടെ കുതിച്ച വിമാനം സെക്കൻഡുകൾക്കുള്ളിൽ 450 കിലോമീറ്റര്‍ വേഗതയിലേക്ക്. തൊട്ടുമുമ്പ് പറന്നുപൊങ്ങിയത് കോണ്ടിനന്റൽ എയർലൈൻസി ഡിസി–10. ഇതിൽ നിന്നു വളരെ ചെറിയൊരു മെറ്റൽകഷണം റൺവേയിൽ വീണിരുന്നു.

concorde-crash Concorde

ഇതാരും ശ്രദ്ധിച്ചിരുന്നില്ല. കോൺകോർഡിന്റെ ഇടതുചക്രം ഈ മെറ്റൽകഷണത്തിൽ ഉരസി. ടയർ പൊട്ടിത്തെറിച്ചു. തീപിടിച്ച റബറിന്റെ കഷണം ഇന്ധനടാങ്കിൽ വന്നിടിച്ചു. ഇടിയുടെ ആഘാതത്തിൽ ടാങ്ക് ചോർന്നു. അഗ്നിബാധ മുന്നറിയിപ്പിനെ തുടർന്നു രണ്ടാമത്തെ എഞ്ചിൻ ഓഫാക്കി. പക്ഷേ ഒന്നാം എഞ്ചിനു മാത്രമായി വിമാനത്തെ നീക്കാനോ ഉയർത്താനോ കഴിഞ്ഞില്ല. ഏതാനും സെക്കൻഡുകൾക്കകം കോൺകോർഡ് ഭീമാകാരമായ അഗ്നിഗോളമായി. 109 യാത്രക്കാരും എയർപോർട്ടിലെ നാലുപേരും വെന്തുവെണ്ണീറായി. വിജയചരിത്രം കുറിച്ച പാരീസിന്റെ മണ്ണില്‍ തന്നെ അപകടവുമെന്ന വിധിവൈപരീത്യം. കോണ്‍കൊര്‍ഡിന്റെ ആദ്യ അപകടം. അതുവരെ ഏറ്റവും സുരക്ഷിതമായ വിമാനങ്ങളിലൊന്നായിരുന്നു. ആരോപണങ്ങൾക്കും വിവാദങ്ങൾക്കും കാറ്റുപിടിച്ചു. കോൺകോർഡിന്റെ സുരക്ഷ വീണ്ടും ചർച്ചയായി. പിന്നെയും മൂന്നു വര്‍ഷം കൂടി കോണ്‍കോര്‍ഡ് പറന്നു. 2003ല്‍ സേവനം അവസാനിപ്പിക്കേണ്ടി വന്നു. ഭീമമായ അറ്റകുറ്റപ്പണി ചെലവും പ്രതിബന്ധമായി. ന്യൂയോർക്കിൽ നിന്നു ഹീത്രൂവിലേക്ക് 2003 ഒക്ടോബർ 24ന് അവസാനത്തെ പറക്കൽ.