പണ്ട്, പണ്ട്, പണ്ട്.... അതായത് ഇന്നത്തെപോലെ മെഴ്സീഡിസ് ബെൻസും ബി എം ഡബ്ല്യുവും ഔഡിയുമൊക്കെ സാധാരണ കാഴ്ചയായി മാറുന്നതിനു മുമ്പുള്ള കാലത്ത് ഇന്ത്യൻ നിരത്തുകളെ അടക്കിവാണ ചില കാർ മോഡലുകളെ പരിചയപ്പെടാം.
∙ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ‘അംബാസഡർ’
ഇന്ത്യക്കാർക്ക് കാർ എന്നാൽ ‘അംബാസഡർ’ ആയിരുന്ന കാലമുണ്ടായിരുന്നു. കയറ്റാവുന്നത്ര യാത്രക്കാരുമായി ഏതുതരം നിരത്തും കീഴടക്കി മുന്നേറുന്ന അത്ഭുത കാറായിരുന്നു ‘അംബി’. അറ്റകുറ്റപ്പണികൾ നടത്തിയാൽ ഏത്രകാലം വേണമെങ്കിലും ഉപയോഗിക്കാമെന്നതായിരുന്നു ‘അംബാസഡറി’ന്റെ മറ്റൊരു സവിശേഷത.ബ്രിട്ടനിൽ നിന്നുള്ള ‘മോറിസ് ഒക്സ്ഫർഡ്’ അടിസ്ഥാനമാക്കി സാക്ഷാത്കരിച്ച ‘അംബാസഡറാ’യിരുന്നു ആദ്യത്തെ ‘മെയ്ഡ് ഇൻ ഇന്ത്യ’ കാറും. പക്ഷേ ജാപ്പനീസ് നിർമാതാക്കളുടെ കടന്നാക്രമണത്തിൽ ‘അംബാസഡറി’ന് ചുവടിടറി. മത്സരം കടുത്തതോടെ കാലയവനികയ്്ക്കുള്ളിൽ മറയാനായിരുന്നു ‘അംബി’യുടെ നിയോഗം.
∙ ടാറ്റ ‘സിയറ’
സ്പോർട് യൂട്ടിലിറ്റി വാഹനം(എസ് യു വി) എന്നൊക്കെ നീട്ടിപ്പരത്തി പറയുന്നതിനു പകരമുള്ള ഒറ്റവാക്കായിരുന്നു ഇന്ത്യയ്ക്ക് ‘സിയറ’. നിരത്തിലെത്തിയ കാലത്ത് ‘സിയറ’യോട് വിദൂര സാമ്യം പോലുമുള്ള മറ്റൊരു വാഹനം ഇന്ത്യയിലുണ്ടായിരുന്നുമില്ല. ക്രമീകരിക്കാവുന്നതും പവർ അസിസ്റ്റഡുമായ സ്റ്റീയറിങ്, പവർ വിൻഡോ, പിൻ സീറ്റ് യാത്രികർക്കായി ഗ്ലാസ് ജനാല തുടങ്ങി പുതുമകളും അവിശ്വസനീയ പരിഷ്കാരങ്ങളുമായിട്ടായിരുന്നു ‘സിയറ’യുടെ വരവ്. 1.9 ലീറ്റർ എൻജിൻ കരുത്തു പകർന്നിരുന്ന ‘സിയറ’യെ ഇപ്പോഴും പലരും സംരക്ഷിച്ചു കൊണ്ടു നടക്കുന്നുണ്ട്. ഇതോടൊപ്പം ‘എസ്റ്റേറ്റ്’ എന്ന പേരിൽ നീളമുള്ളൊരു കാറും ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചിരുന്നു. ‘പപ്പയുടെ സ്വന്തം അപ്പൂസ്’ പോലുള്ള ചിത്രങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഈ കാറിനു പക്ഷേ ‘സിയറ’യുടെ സ്വീകാര്യത സ്വന്തമാക്കാനായില്ല.
∙ ‘സ്റ്റാൻഡേഡ് 2000’
വേഗത്തിന്റെ കാര്യത്തിലെ അവിശ്വസനീയ പ്രകടനമായിരുന്നു ‘സ്റ്റാൻഡേഡ് ടു തൗസന്റി’ന്റെ മുഖമുദ്ര. രണ്ടു ലീറ്റർ എൻജിനും നാലു സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമുള്ള കാറിന് മണിക്കൂറിൽ 145 കിലോമീറ്റർ വരെ വേഗം കൈവരിക്കാനാവുമായിരുന്നു. ഇന്നത്തെ നിലവാരത്തിൽ ഇതത്ര വലിയ കാര്യമായിരിക്കില്ല; പക്ഷേ കാഴ്ചപ്പകിട്ടിലും മുന്നിലായിരുന്ന ‘സ്റ്റാൻഡേഡ് 2000’ വിൽപ്പനയ്ക്കെത്തുന്ന കാലത്ത് ഈ കാറൊരു സംഭവം തന്നെയായിരുന്നു.
∙ ‘മാരുതി ജിപ്സി’
കാലമേറെയായെങ്കിലും ഇപ്പോഴും വിൽപ്പനയ്ക്കുണ്ടെന്നതാണ് മാരുതി സുസുക്കിയിൽ നിന്നുള്ള ‘ജിപ്സി’യുടെ സവിശേഷത. ഒപ്പം ഏതു പ്രതിബന്ധവും കീഴടക്കി മുന്നേറാനുള്ള കഴിവും ‘ജിപ്സി’യെ വ്യത്യസ്തമാക്കുന്നു. ഈ ഓഫ് റോഡിങ് വൈഭവത്തിന്റെ പേരിൽ സൈനിക വിഭാഗങ്ങളുടെയും അർധ സൈനിക വിഭാഗങ്ങളുടെയും പൊലീസ് സേനകളുടെയുമൊക്കെ ഇഷ്ട വാഹനമായ ‘ജിപ്സി’യോട് ഇതേ കാരണത്താൽ വാഹനപ്രേമികൾക്കും താൽപര്യമേറെയാണ്. ഓഫ് റോഡിങ് മികവിന്റെ പേരിൽ തന്നെ റേസിങ് മേഖലയിലും ‘ജിപ്സി’ സ്വീകാര്യത നേടിയിരുന്നു. അതേസമയം പിൻസീറ്റ് യാത്ര സുഖകരമല്ലെന്നും ഇന്ധനക്ഷമത കുറവാണെന്നുമൊക്കെയുള്ള പരാതികളും ‘ജിപ്സി’ക്കെതിരെ ഉയർന്നിരുന്നു. ഓഫ് റോഡിങ്ങിൽ പതിന്മടങ്ങ് മികവുള്ള എതിരാളികൾ പെരുകിയതോടെ സൈനിക വിഭാഗങ്ങളിലടക്കം ‘ജിപ്സി’യുടെ ആധിപത്യവും ഏറെക്കുറെ അസ്തമിച്ചു.
∙ പ്രീമിയർ ‘പത്മിനി’
പഴയ കാലത്ത് കാർ പ്രേമികളുടെ ഇഷ്ട വാഹനമായിരുന്നു ‘പത്മിനി’; ‘അംബാസഡർ’ കണ്ടു മടുത്തവർക്കുള്ള ഏക ബദലും ഇതു മാത്രമായിരുന്നു. 1973 മുതൽ 1998 വരെ ഇന്ത്യയിൽ നിർമിച്ചിരുന്ന ‘പത്മിനി’യായിരുന്നു മുംബൈ നഗരത്തിലെ ടാക്സി കാറുകളിൽ ഭൂരിഭാഗവും. പോരെങ്കിൽ തമിഴ് സൂപ്പർതാരം രജനികാന്തിനെ പോലുള്ള പ്രശസ്തരും ‘പ്രീമിയർ പത്മിനി’ സ്വന്തമാക്കിയിരുന്നു. എൺപതുകളുടെ മധ്യത്തിൽ ‘മാരുതി’ പടയോട്ടം തുടങ്ങിയതോടെ ‘പത്മിനി’യുടെ കഷ്ടകാലവും ആരംഭിച്ചു; ക്രമേണ ജനപിന്തുണ നഷ്ടപ്പെട്ടു കാർ വിസ്മൃതിയിലുമായി.
∙ ‘മാരുതി 800’
ഇന്ത്യൻ വാഹന ചരിത്രത്തിൽ തന്നെ ഏറ്റവുമധികം വിൽക്കപ്പെട്ട കാർ ‘മാരുതി 800’ ആവും. ‘അംബാസഡറും’ ‘പത്മിനി’യും പോലുള്ള എതിരാളികളുടെ വംശനാശം വരുത്തി മുന്നേറിയ ‘മാരുതി’യുടെ ജനപ്രീതി ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്കു കുതിക്കുകയായിരുന്നു. എന്തിന് ‘ഇന്ത്യയ്ക്ക് ചക്രങ്ങൾ സമ്മാനിച്ച കാർ’ എന്ന ബഹുമതിയും ‘മാരുതി’ക്ക് അവകാശപ്പെട്ടതാണ്. വിൽപ്പനയ്ക്കെത്തി പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഇന്ത്യൻ നിരത്തിൽ ‘മാരുതി 800’ കാറുകൾക്കു പഞ്ഞമില്ല. പോരെങ്കിൽ ഈ വിശാല രാജ്യത്തെ മെക്കാനിക്കുകൾ പലരും തൊഴിൽ പഠിച്ചതും ഈ കാറിലാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മുക്കിലും മൂലയിലുമുള്ള മെക്കാനിക്കുകൾ ആത്മവിശ്വാസത്തോടെ ‘മാരുതി 800’ നന്നാക്കിത്തരും. ‘ബജാജ് ചേതക്’, ‘ഹീറോ ഹോണ്ട സി ഡി 100’ തുടങ്ങി അപൂർവ വാഹനങ്ങൾക്കു മാത്രം കൈവന്ന സൗഭാഗ്യമാണിത്.
∙ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ‘കോണ്ടെസ’
നടൻ സോമന്റെ അവസാന ചിത്രമായ ‘ലേല’ത്തിലെ ‘ബെൻസേലും കൊണ്ടാസായേലു’മെന്ന ഡയലോഗ് കേട്ടിട്ടില്ലാത്തവരുണ്ടോ? അവരെല്ലാം പക്ഷേ യഥാർഥ ‘കോണ്ടെസ’ കണ്ടിട്ടുണ്ടാവണമെന്നില്ല. പ്രതാപകാലത്ത് ധനികരുടെയും സ്വാധീനമുള്ളവരുടെയും ഇഷ്ടവാഹനമായിരുന്നു ‘കോണ്ടെസ’. കാറിന്റെ യാത്രാസുഖവും എയർ കണ്ടീഷനറിന്റെ മികവുമൊക്കെ ഇന്നും പഴമക്കാരുടെ മനസ്സിലുണ്ട്.
സ്ഥലസൗകര്യം, കരുത്ത്, യാത്രാസുഖം തുടങ്ങിയവയായിരുന്നു വോക്സോൾ ‘വിക്ടർ’ ആധാരമാക്കി പിറവിയെടുത്ത ‘കോണ്ടെസ’യുടെ സവിശേഷതകൾ. ഉൽപ്പാദനം അവസാനിപ്പിച്ചിട്ട് വർഷങ്ങൾ കഴിയുമ്പോഴും ഇന്നും പഴയ ‘കോണ്ടെസ’ സ്വന്തമാക്കാൻ ആരാധകർ ഉണ്ടെന്നതും ഈ കാറിന്റെ മികവിനു സാക്ഷ്യമാവുന്നു.
∙ ‘മാരുതി എസ്റ്റീം’
വിശ്വാസ്യതയിൽ മുന്നിലുള്ള, ദൃഢതയുള്ള കാർ എന്നതാണ് ‘എസ്റ്റീ’മിന്റെ വിശേഷണം. തുടക്കത്തിൽ 65 ബി എച്ച് പി എൻജിനുമായി എത്തിയപ്പോൾ തന്നെ മാരുതിയുടെ ‘എസ്റ്റീം’ അമച്വർ റാലിക്കാരുടെ ഇഷ്ടവാഹനമായി. പിന്നീട് കാറിൽ മാരുതി 85 ബി എച്ച് പി എൻജിനും ലഭ്യമാക്കി. എന്നാൽ വിദേശി വാഹന നിർമാതാക്കളിൽ നിന്നുള്ള മത്സരം ശക്തമായതോടെ പിടിച്ചു നിൽക്കാനാവാതെ ‘എസ്റ്റീ’മും പടിയിറങ്ങി.
∙ ‘ഫിയറ്റ് 118 എൻ ഇ’
നിർമാണം പ്രീമിയർ ആയിരുന്നെങ്കിലും ‘പത്മിനി’യുടെ ജനപ്രീതിയൊന്നും ‘118 എൻ ഇ’യെ തേടിയെത്തിയില്ല. എങ്കിലും വലിപ്പമേറിയ കാർ മോഹിച്ചവർ പലരും ‘118 എൻ ഇ’ സ്വന്തമാക്കി. കാലഹരണപ്പെട്ട 1996 പതിപ്പിൽ കാര്യമായ മാറ്റം വരുത്താതെയായിരുന്നു പ്രീമിയർ ‘118 എൻ ഇ’യാക്കി ഇന്ത്യയിൽ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ പ്രകടനക്ഷമതയും കാഴ്ചപ്പകിട്ടുമേറിയ പുതുതലമുറ കാറുകളുടെ കുത്തൊഴുക്കിൽ ‘118 എൻ ഇ’യും നാമാവശേഷമായി.
∙ ഒപെൽ ‘ആസ്ട്ര’
ജർമൻ നിർമാതാക്കളായ ഒപെലിനെ സംബന്ധിച്ചിടത്തോളം കുടുംബങ്ങൾക്കായുള്ള ചെറുകാറായിരുന്നു ‘ആസ്ട്ര’. രാജ്യാന്തര തലത്തിൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയ കാറിലാവട്ടെ ഇന്ത്യയിലെ എതിരാളികളെ അപേക്ഷിച്ച് സൗകര്യങ്ങളും സംവിധാനങ്ങളുമേറെയായിരുന്നു. വിദേശി നിർമാതാക്കളിൽ നിന്നുള്ള മത്സരം കനത്തതോടെ ‘ആസ്ട്ര’യ്ക്കും ഇന്ത്യൻ നിരത്തിനോട് വിട പറയേണ്ടി വന്നു.