എസ്‌യുവി പ്രേമികളുടെ ഇഷ്ടവാഹനമാണ് മാരുതി ജിപ്സി. എന്നാൽ പുറത്തിറങ്ങിയ കാലം മുതൽ വലിയ മാറ്റങ്ങളില്ലാതെ തുടരുന്ന രൂപമാണെന്ന ആരാധകരുടെ പരാതി പരിഹരിച്ചുകൊണ്ട് ജിപ്സിയുടെ പുതിയ പതിപ്പ് കമ്പനി പുറത്തിറക്കുന്നു. അടുത്ത വർഷം ആദ്യം പുതിയ ജിപ്സി പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുസുക്കിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യാന്തര വിപണിയിലേക്കുള്ള ജിംനി നിർമിക്കുന്നത് ഇന്ത്യയിലായിരിക്കും. സുസുക്കിക്ക് രാജ്യാന്തര വിപണിയിലുള്ള ചെറു എസ് യു വിയായ ജിംനിയുടെ രണ്ടാം തലമുറയെ ജിപ്സിയായി ഇന്ത്യയിലെത്തിക്കുന്നത് 1985 ലാണ്.
ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്കരിച്ച രൂപമാണ് ഇന്ത്യയിൽ ജിപ്സിയായി എത്തിയത്. ഇന്ത്യൻ സൈന്യം ഉപയോഗിച്ചു തുടങ്ങിയതോടെയാണ് ജിപ്സിയുടെ ജനപ്രിയത വർദ്ധിച്ചു. ഓൺറോഡും ഓഫ്റോഡും ഒരുപോലെ ഇണങ്ങുന്ന ജിംനി ഇന്ത്യയിലെ സബ് കോംപാക്റ്റ് എസ് യു വി സെഗ്‍മെന്റിലേയ്ക്കാണ് അങ്കത്തിനെത്തുന്നത്. 2017 അവസാനത്തിൽ കമ്പനി ചെറു എസ് യു വിയെ വിപണിയിലെത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ബലേനൊയും ഇഗ്‍നിസും നിർമിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ജിംനിയുടെ നിർമാണം മാരുതിയുടെ ഗുജറാത്ത് നിർമാണ ശാലയിൽ ഈ വർഷം ആരംഭിക്കും. ദക്ഷിണേഷ്യയിലേയും, യൂറോപ്പിലേയും ബ്രസീലിലേയും ജപ്പാനിലേയും വിപണികളിലേക്കുള്ള ജിംനിയായിരിക്കും ഇന്ത്യയിൽ നിർമിക്കുക. എന്നാൽ കമ്പനി ഇതുവരെ വാർത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ലൈറ്റ് ജീപ്പ് മോഡൽ എന്ന പേരിൽ 1970 ലാണ് ജപ്പാനീസ് വിപണിയിൽ ജിംനി എത്തിയത്. 1981 ൽ രണ്ടാം തലമുറയും 1998 ൽ മൂന്നാം തലമുറയും പുറത്തിറങ്ങി. 1998 മുതൽ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയിൽ തുടരുന്ന ജിംനിയുടെ നാലാം തലമുറ അടിമുടി മാറ്റങ്ങളുമായായിരിക്കും പുറത്തിറങ്ങുക. തുടക്കത്തിൽ 1 ലീറ്റർ ബൂസ്റ്റർജെറ്റ്, 1.4 ലീറ്റർ ബൂസ്റ്റർജെറ്റ് എന്നീ എന്‍ജിനുകളാകും ജിംനിയിൽ ഉണ്ടാകുക. ഡീസൽ എൻജിൻ ഉണ്ടാകാൻ ഇടയില്ല എന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. നാല് വീൽ ഡ്രൈവ് മോഡലുമായി ജിംനി എന്ന പേരില്‍ പുറത്തിറങ്ങുന്ന വാഹനം ഇന്ത്യയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.