പ്രതിരോധ മേഖലയ്ക്കു മുതൽക്കൂട്ടാണ് ഹെർക്കുലീസ് വിമാനങ്ങൾ. അമേരിക്കയിലെ ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയാണ് വിമാനത്തിന്റെ നിർമാതാക്കൾ. ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന സി 130 ജെ വിമാനം അപകടത്തില്‍ പെട്ടതോടെയാണ് ഹെർക്കുലീസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്. 1988 ൽ പാക്കിസ്ഥാന്റെ ആറാമത്തെ പ്രസിഡന്റായ മുഹമ്മദ് സിയ ഉള്‍ ഹക്കും പാക്കിസ്ഥാനിലെ യുഎസ് സ്ഥാനപതി അർണോൾഡ് ലൂയിസ് റാഫേലും മരണമടഞ്ഞത് ഹെർക്കുലീസ് വിമാനാപകടത്തിലായിരുന്നു.
സി 130 ജെ സൂപ്പർ ഹെർക്കുലീസ്
1954 ലാണ് ആദ്യ ഹെർക്കുലീസ് വിമാനം യുണൈറ്റഡ് എയർഫോഴ്സിന്റെ ഭാഗമാകുന്നത്. തുടർന്നിങ്ങോട്ട് അറുപതു വർഷത്തിനിടെ ഏകദേശം 2500 വിമാനങ്ങളാണ് കമ്പനി വിവിധ രാജ്യങ്ങളിലെ സേനകൾക്കു നിർമിച്ചുനൽകിയത്. ഏകദേശം 63 രാജ്യങ്ങൾ ഹെർക്കുലീസ് വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അവയുടെ രണ്ടാം തലമുറയാണ് ഇന്ത്യൻ എയർഫോഴ്സിന്റെ പക്കലുള്ള സി 130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനങ്ങൾ. നിലവിൽ 16 രാജ്യങ്ങളാണ് സി 130 ജെ സൂപ്പർ വിമാനം ഉപയോഗിക്കുന്നത്.
1999 ൽ യുകെയുടെ റോയൽ എയർഫോഴ്സിനാണ് സി 130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം ആദ്യമായി ലഭിക്കുന്നത്. നിലവിൽ ഏകദേശം 1186 സി 130 ജെ, സി 130 ജെ –30 വിമാനങ്ങളുടെ ഓർഡർ കമ്പനിക്കു ലഭിച്ചിട്ടുണ്ട് അവയിൽ ഏകദേശം 242 എണ്ണം നിർമിച്ചു നല്‍കിക്കഴിഞ്ഞു. 2007 ലാണ് ഇന്ത്യൻ എയർഫോഴ്സ് ആറ് സി 130 ജെ വിമാനങ്ങൾ വാങ്ങാൻ പദ്ധതിയിട്ടത്. 2008 1.2 ബില്യൺ ഡോളറിന്റെ കരാർ ഒപ്പിട്ടു. 2010 ഡിസംബറിൽ ആദ്യവിമാനവും 2011 ഡിസംബറിൽ ആറാമത്തെ വിമാനവും ലഭിച്ചു.
ഇതിൽ രണ്ടു വിമാനങ്ങൾക്കാണ് കേടുപറ്റിയത്. 2014 മാർച്ചിൽ ഗ്വാളിയോറിനടുത്ത് പരിശീലനപ്പറക്കലിനിടെ ഈ വിമാനം തകർന്നു വീഴുകയായിരുന്നു. മലയാളി വിങ് കമാൻഡർ ഉൾപ്പെടെ അഞ്ചുപേരാണ് അന്നു മരിച്ചത്. രണ്ടാമത്തെ വിമാനം 2016 ഡിസംബറിലാണ് അപടകത്തിൽപെട്ടത്. വ്യോമസേനയിലെ 'വീല്‍ഡ് വൈപ്പേഴ്‌സ്' സംഘമാണ് ഹെർക്കുലീസ് വിമാനങ്ങൾ കൈകാര്യം ചെയ്യുന്നത്. ലോകത്തിലെതന്നെ ഏറ്റവും സുരക്ഷിതമായ വിമാനം എന്നാണ് സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് അറിയപ്പെടുന്നത്. താഴ്ന്നു പറക്കാനുള്ള കഴിവ്, കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷി തുടങ്ങിയവയാണ് ഹെർക്കുലീസ് വിമാനങ്ങളെ സേനകൾക്കു പ്രിയപ്പെട്ടതാക്കുന്നത്. ടേക്ക് ഓഫിനും ലാൻഡിങ്ങിനും കുറച്ചു സ്ഥലം മതി എന്നത് സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.
112 അടി നീളവും 38 അടി പൊക്കവുമുണ്ട് സി 130 ജെ വിമാനത്തിന്. 132 അടിയാണ് ചിറകുകളുടെ വിരിവ്. റോൾസ് റോയ്സിന്റെ നാല് എൻജിനുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. ആറ് ബ്ലെയ്ഡുകളുണ്ട് ഇവയുടെ പ്രൊപ്പല്ലറുകൾക്ക്. പരമാവധി 74,389 കിലോഗ്രാം വരെ വഹിച്ചുകൊണ്ട് ഈ വിമാനത്തിന് പറന്നുയരാനാവും. മണിക്കൂറിൽ 660 കിലോമീറ്ററാണ് പരമാവധി വേഗത. ഏകദേശം 130 സൈനികരെ ഈ വിമാനത്തിന് വഹിക്കാനാവും.