സൈക്കിൾ സവാരിക്കാരനും ഉള്ളിന്റെയുള്ളിൽ ഒരു ഇരുചക്ര സ്വപ്നമുണ്ടാകും.. ഹുഡു ഹുഡു ശബ്ദത്തിലോടുന്നൊരു സ്വപ്നം. എൻഫീൽഡ് ബുള്ളറ്റാണ് സ്വപ്നത്തിലെ നായകൻ. വെല്ലുവിളികളെ അതിജീവിച്ചു മുന്നേറുന്ന ചക്രങ്ങൾ ആ സ്വപ്നത്തിലെ ഹീറോയിസവും. റോയൽ എൻഫീൽഡിന്റെ കഥയും വ്യത്യസ്തമല്ല. കയറ്റിറക്കങ്ങൾ കണ്ടാണ് ഇംഗ്ലണ്ടിൽ ജനിച്ച് ഇന്ത്യയിൽ വളരുന്ന എൻഫീൽഡിന്റെ പ്രയാണം.
1851 ൽ ഇംഗ്ലണ്ടിലെ റെഡിച്ചിൽ ഗിവ്റി വർക്സ് എന്നൊരു സ്ഥാപനം തുടങ്ങുമ്പോൾ ജോർജ് ടൗൺസെൻഡ് മോട്ടോർ ബൈക്ക് പോയിട്ടു സൈക്കിളിനെക്കുറിച്ചുപോലും ചിന്തിച്ചിരുന്നില്ല. തുന്നൽ സൂചി നിർമാണമായിരുന്നു ടൗൺസെൻഡിന്റെ ബിസിനസ്. പിന്നീടത് സൂചിക്കു പകരം സൈക്കിളുകളുടെ അനുബന്ധഘടകങ്ങളായി. സ്ഥാപനത്തിന്റെ പേരിലും വന്നു മാറ്റം. ടൗൺസെൻഡ് സൈക്ലിസ്റ്റ്സ് എന്ന പേരിൽ സൈക്കിൾ പാർട്സിനു പേറ്റന്റ് സ്വന്തമാക്കിയ സ്ഥാപനം സൈക്കിൾ തന്നെ നിർമിക്കാൻ വൈകിയില്ല. തരംഗമായി മാറി ടൗൺസെൻഡ് സൈക്കിളുകൾ. കരുത്തു പ്രതിഫലിക്കുന്നു നിർമാണം തന്നെയായിരുന്നു ആകർഷണം. സൈക്കിളിന്റെ സഞ്ചാരം പക്ഷേ അധികം മുന്നോട്ടുപോയില്ല. സാമ്പത്തികപ്രശ്നങ്ങളുടെ രൂപത്തിലാണ് തിരിച്ചടിയെത്തിയത്. ടൗൺസെൻഡ് കുടുംബത്തിന് ഉടമസ്ഥാവകാശം നഷ്ടപ്പെട്ടതോടെ ആൽബർട്ട് ഈഡിയും റോബർട്ട് വാൽക്കർ സ്മിത്തും സാരഥ്യം ഏറ്റെടുത്തു.
Read More: പുതിയ ബുള്ളറ്റോ പഴയതോ മെച്ചം ?
തളർന്നുതുടങ്ങിയ സൈക്കിൾ സ്ഥാപനത്തിന് പിടിവള്ളിയായി വമ്പനൊരു ഓർഡർ വന്നതാണ് ഈ കഥയിലെ വഴിത്തിരിവ്. എൻഫീൽഡിലെ റോയൽ ആയുധ ഫാക്ടറിക്കു വേണ്ട റൈഫിൾ പാർട്സ് തയാറാക്കാനുള്ളതായിരുന്നു ആ ഓർഡർ. കമ്പനിയുടെ തലവര തന്നെ മാറി ആ കരാറിലൂടെ. ഇതിന്റെ സന്തോഷസൂചകമായി പുത്തൻ മോഡൽ സൈക്കിളിന് എൻഫീൽഡ് എന്ന പേരും നൽകി. 1892 ൽ എൻഫീൽഡ് മാനുഫാക്ചറിങ് കമ്പനി എന്ന പേരിലേയ്ക്കു സ്ഥാപനം മാറിയെങ്കിലും അത് അധികകാലം തുടർന്നില്ല. തൊട്ടടുത്ത വർഷം തന്നെ പേരിനു മാറ്റം വന്നു. റോയൽ എന്ന വാക്ക് കൂട്ടിച്ചേർത്തു റോയൽ എൻഫീൽഡ് എന്ന ജൈത്രയാത്ര തുടങ്ങുകയായിരുന്നു അന്നവിടെ. റോയൽ എൻഫീൽഡ് എന്ന പേരിനൊപ്പം വയ്ക്കാനൊരു മുദ്രാവാക്യവും അന്നവർ എഴുത്തിച്ചേർത്തു. റൈഫിൾ നിർമാണത്തിലെ അവിഭാജ്യഘടകം ഒരുക്കിയതിന്റെ പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു ആ വാക്കുകൾ – മെയ്ഡ് ലൈക്ക് എ ഗൺ.
Read More: ബുള്ളറ്റിനും ഒരമ്പലം
റോയൽ എൻഫീൽഡിൽ നിന്നു പുറത്തുവന്ന ആദ്യ ഓട്ടമോട്ടീവ് വാഹനം പക്ഷേ ഇരുചക്രവാഹനം ആയിരുന്നില്ല. ക്വാഡ്രിസൈക്കിൾ എന്ന പേരോടെ ബൈക്കിന്റെ നാലു ചക്രങ്ങളുള്ളൊരു വകഭേദമായിരുന്നുവത്. 1901 ൽ എൻഫീൽഡിന്റെ ആദ്യ മോട്ടോർ സൈക്കിൾ വിപണിയിലെത്തി. 150 സിസി മിനർവ എൻജിനുള്ള ആദ്യ മോഡലിന്റെ പരിഷ്കരിച്ച രൂപവും തൊട്ടടുത്ത വർഷം തന്നെ നിരത്തിലിറങ്ങി. എൻഫീൽഡിന്റെ സ്വന്തം എൻജിനുമായിട്ടാണ് 239 സിസിയുടെ ബൈക്ക് എത്തിയത്. ഇതിനു പിന്നാലെ കാറുകളിലായി എൻഫീൽഡ് പരീക്ഷണം. 1903 ൽ ഒറ്റ സിലിൻഡർ ചെറുകാർ നിർമിച്ച എൻഫീൽഡ് കാറുകൾക്കായി എൻഫീൽഡ് ഓട്ടോകാർ കമ്പനിയും രൂപീകരിച്ചു. ബെർമിങ്ഹാമിലെ കാർ കമ്പനി രണ്ടു വർഷം മാത്രമേ പ്രവർത്തിച്ചുള്ളൂ.
Read More: ബൈക്കെന്നാൽ ബുള്ളറ്റല്ലേ
1910 ൽ പ്രസിദ്ധമായ വി– ട്വിൻസ് എൻജിനോടു കൂടിയ എൻഫീൽഡ് വിപണി കീഴടക്കി. 1914 ൽ ടു സ്ട്രോക്ക് എൻജിൻ മോട്ടോർ സൈക്കിൾ ആദ്യമായി പുറത്തിറക്കിയ എൻഫീൽഡ് ഇരുപതുകളിൽ സ്പോർട്സ് ബൈക്ക് ഉൾപ്പെടെ ഒട്ടേറെ മോഡലുകളുമായി വിപണി നിയന്ത്രിച്ചു. 225 സിസി എൻജിനുള്ള ലേഡീസ് മോഡലും ഈ കാലയളവിൽ എൻഫീൽഡിൽ നിന്നെത്തി. മോട്ടോർ സൈക്കിളുകളുടെ കൺസെപ്റ്റ് തന്നെ മാറ്റിയെഴുതിയ പരീക്ഷണങ്ങളുമായാണ് 1930 ലെ സാമ്പത്തികമാന്ദ്യത്തെ എൻഫീൽഡ് അതിജീവിച്ചത്. എൻജിനുകളിലും പലകുറി പരീക്ഷണം നടന്നു. റോയൽ എൻഫീൽഡിന്റെ സൃഷ്ടികളിലെ ഇതിഹാസം എന്നു വിശേഷിപ്പിക്കാവുന്ന ബുള്ളറ്റിന്റെ വരവും ഈ സമയത്താണ്. 1932 ൽ ലണ്ടനിലെ മോട്ടോർ ഷോയിലാണ് ബുള്ളറ്റിന്റെ ആദ്യവരവ്. നാലു വാൽവുകളുള്ള, സിംഗിൾ സിലിണ്ടർ മോട്ടോർ സൈക്കിളിന്റെ രൂപത്തിലാണ് ബുള്ളറ്റ് അവതരിപ്പിക്കപ്പെട്ടത്. 1949 ൽ ഇറങ്ങിയ 350 സിസി ബുള്ളറ്റ് അന്നു തരംഗം തീർത്ത മോഡലാണ്്. അറുപതുകളിൽ ജപ്പാൻ കമ്പനികളുടെ തള്ളിക്കയറ്റം കണ്ട ടൂവീലർ വിപണിയിൽ ബ്രിട്ടിഷ് എൻഫീൽഡിന്റെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഫാക്ടറികളും പൂട്ടിയതോടെ എൻഫീൽഡിന്റെ ഉടമസ്ഥാവകാശത്തിനും പുതിയ ആളുകളെത്തി. 1971 ൽ ഇംഗ്ലണ്ടിലെ പ്രവർത്തനം എൻഫീൽഡ് അവസാനിപ്പിച്ചു.
Read More: സിനിമയിൽ താരമായ ബുള്ളറ്റുകൾ
1949 ൽ മദ്രാസ് മോട്ടോർസിലൂടെ ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയ റോയൽ എൻഫീൽഡിന് ഇവിടെ നിർമാണയൂണിറ്റ് ഒരുങ്ങിയത് 1955 ലാണ്. ഇംഗ്ലണ്ടിലെ എൻഫീൽഡ് പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും റോയൽ എൻഫീൽഡ് ഇന്ത്യയെ അതുബാധിച്ചില്ല. ഐഷർ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലാണ് ചെന്നൈ ആസ്ഥാനമായുള്ള എൻഫീൽഡ് ഇന്ത്യയുടെ ഇപ്പോഴത്തെ പ്രവർത്തനം. കരുത്തിന്റെയും ക്ഷമതയുടെയും വിശ്വാസ്യതയുടെയും പര്യായമായ നിർമിതികളുമായി എൻഫീൽഡ് ഇന്ത്യയ്ക്ക് ഇന്ന് യുകെയിലും യുഎസിലും വിതരണശൃംഖലയുണ്ട്. ബുള്ളറ്റ്, തണ്ടർബേഡ്, ക്ലാസിക്, കോൺടിനെന്റൽ എന്നീ മോഡലുകളിലൂടെ ഹിമാലയൻ വരെ ചെന്നെത്തിനിൽക്കുകയാണ് ഇന്ത്യയുടെ സ്വന്തം എൻഫീൽഡ്.
എൻഫീൽഡിന്റെ പട്ടാളബന്ധം
റൈഫിൾ പാർട്സ് നിർമിച്ചതിൽ മാത്രമല്ല എൻഫീൽഡിന്റെ ആർമി കണക്ഷൻ. ലോകം കണ്ട ഏറ്റവും വലിയ യുദ്ധങ്ങളിൽ പോലും റോയൽ എൻഫീൽഡിന്റെ പേര് പതിഞ്ഞിട്ടുണ്ട്. ലോകം ഒന്നാം ലോകയുദ്ധത്തിന്റെ കെടുതികൾ നേരിട്ടപ്പോഴും എൻഫീൽഡിന്റെ കരുത്തൻ നിർമിതികൾ കൂട്ടത്തോടെ നിരത്തിലിറങ്ങി. ബ്രിട്ടിഷ് യുദ്ധവകുപ്പും ഇംപീരിയൽ റഷ്യൻ ഗവൺമെന്റും നൽകിയ വൻ കരാറുകളിലായിരുന്നു യുദ്ധകച്ചവടം. രണ്ടാം ലോകമഹായുദ്ധക്കാലത്തും എൻഫീൽഡിന്റെ പട്ടാളപ്പകിട്ടുള്ള ബൈക്കുകൾക്കു ആവശ്യക്കാരേറെയുണ്ടായിരുന്നു. 125 സിസി മാത്രമുള്ള ഫ്ലൈയിങ് ഫ്ലീ മോഡലാണ് ഇതിലെ ഹിറ്റ്. യുദ്ധവിമാനങ്ങളിൽ നിന്നു പാരഷൂട്ടിലൂടെ, എയർബോൺ എന്ന പേരിലും അറിയപ്പെട്ട ഈ ബൈക്കുകളുമായാണ് സൈനികർ പറന്നിറങ്ങിയത്.
Read More: ബുള്ളറ്റ് വാങ്ങുന്നവർ ഒാർമിക്കാൻ
1952 ൽ ഇന്ത്യൻ സൈന്യത്തിന്റെ ആവശ്യത്തിനു വേണ്ടിയും എൻഫീൽഡിനു തന്നെയാണ് വിളിചെന്നത്.എൻഫീൽഡിന്റെ 350 സിസി ബുള്ളറ്റുകളാണ് സൈന്യം ആവശ്യപ്പെട്ടത്. 800 ബൈക്കുകളുടേതായിരുന്നു കരാർ. ഇന്റർസെപ്റ്റർ മെഷീനുമായെത്തിയ എൻഫീൽഡിനുമുണ്ട് ഒരു പട്ടാളബന്ധം. ഇന്റർസെപ്റ്റർ നിർമിച്ച എൻഫീൽഡിന്റെ വെസ്റ്റ്‌വുഡ് ഫാക്ടറി മുൻപു ബ്രിട്ടിഷ് പ്രതിരോധവകുപ്പിന്റെ പരീക്ഷണശാലയായിരുന്നു. ബ്രിട്ടന്റെ അതീവരഹസ്യമായ ആയുധങ്ങൾ നിർമിച്ചയിടമാണ് ഭൂമിക്കടിയിലുള്ള വെസ്റ്റ്‌വുഡ് ക്വാറി ഫാക്ടറി.