ഡിസ്ക് ബ്രേക്കോടെ ബജാജ് ‘വി 12’; വില 60,000 രൂപ

Bajaj V12, Representative Image

ഉപയോക്താക്കളുടെ പ്രതികരണം കണക്കിലെടുത്ത് 125 സി സി ബൈക്കായ ‘വി 12’ൽ ഡിസ്ക് ബ്രേക്ക് ലഭ്യമാക്കാൻ നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ് തീരുമാനിച്ചു. മുന്നിൽ ഡിസ്ക് ബ്രേക്ക് സഹിതമെത്തുന്ന ‘വി 12’ ബൈക്കിന് 60,000 രൂപയാണു ഡൽഹി ഷോറൂമിൽ വില; ഡിസ്ക് ബ്രേക്കോടെ വിൽപ്പനയ്ക്കുള്ള അടിസ്ഥാന വകഭേദത്തെ അപേക്ഷിച്ച് 3,000 രൂപ അധികമാണിത്. പുതിയ ബൈക്കിനുള്ള ബുക്കിങ്ങുകൾ രാജ്യമെങ്ങുമുള്ള ബജാജ് ഡീലർഷിപ്പുകൾ സ്വീകരിക്കുന്നുണ്ട്. 

ശേഷിയേറിയ എൻജിൻ ഘടിപ്പിച്ച ‘വി 15’ ബൈക്കിനു തുടക്കത്തിൽ തന്നെ ഡിസ്ക് ബ്രേക്ക് പതിപ്പ് ബജാജ് ഓട്ടോ ലഭ്യമാക്കിയിരുന്നു. എന്നാൽ ‘വി 12’ അവതരണവേളയിൽ ചെലവു കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഡിസ്ക് ബ്രേക്ക് ഒഴിവാക്കുകയായിരുന്നു. ആവശ്യക്കാരുണ്ടെങ്കിൽ ‘വി 12’ ഡിസ്ക് ബ്രേക്ക് സഹിതം വിൽപ്പനയ്ക്കെത്തിക്കുമെന്ന് അന്നു തന്നെ ബജാജ് വ്യക്തമാക്കിയിരുന്നു. ഡിസ്ക് ബ്രേക്കിന്റെ വരവിനപ്പുറം മറ്റു വ്യത്യാസമൊന്നുമില്ലാതെയാണു ‘വി 12’ എത്തുന്നത്. ബൈക്കിനു കരുത്തേകുന്നത് 124.45 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, ഡി ടി എസ് ഐ എൻജിനാണ്; പരമാവധി 10.5 ബി എച്ച് പി കരുത്തും 10.9 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഗീയർബോക്സാണു ബൈക്കിലുള്ളത്.

‘വി 15’ ഘടകങ്ങൾ യഥേഷ്ടം ഉപയോഗിക്കുന്ന ‘വി 12’ വേറിട്ടു നിൽക്കുന്നത് കറുത്ത മഡ്ഗാഡ്, ഇന്ധന ടാങ്കിലെ റിവേഴ്സ് പെയ്ന്റ് സ്ട്രൈപ്, വീതി കുറഞ്ഞ ടയർ തുടങ്ങിയവയിലൂടെയാണ്. ഇതോടൊപ്പം ഇൻസ്ട്രമെന്റ് ക്ലസ്റ്ററിൽ നിന്ന് എൽ ഇ ഡി ലൈറ്റുകളും ഒഴിവാക്കിയിട്ടുണ്ട്. 13 ലീറ്റർ ടാങ്കുമായി എത്തുന്ന ബൈക്കിന്റെ ഭാരം 133 കിലോഗ്രാമാണ്. ഹോണ്ട ‘സി ബി ഷൈൻ’, ഹീറോ ‘ഗ്ലാമർ 125’ തുടങ്ങിയവയോടാണു ബജാജ് ‘വി 12’ മത്സരിക്കുന്നത്. പ്രതിമാസം 55,000 യൂണിറ്റിന്റെ വിൽപ്പനയോടെ ‘സി ബി ഷൈനാ’ണ് ഈ വിഭാഗത്തിൽ മുന്നിൽ. ഡിസംബറിൽ വിപണിയിലെത്തിയ ‘വി 12’ കൈവരിച്ച പ്രതിമാസ വിൽപ്പന ആറായിരത്തോളം യൂണിറ്റ് മാത്രമാണ്.