ചൈനീസ് നിർമാതാക്കളായ ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോ ഓട്ടോയുടെ പരിഷ്കരിച്ച സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘എക്സ് സി 60’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. പുതിയ ‘എക്സ് സി 60’എസ് യു വിക്ക് 55.90 ലക്ഷം രൂപയാണു രാജ്യത്തെ ഷോറൂം വില.
ഇക്കൊല്ലം 2,000 യൂണിറ്റ് വിൽപ്പനയാണു കമ്പനി ലക്ഷ്യമിടുന്നതെന്ന് വോൾവോ ഓട്ടോ ഇന്ത്യ മാനജിങ് ഡയറക്ട് ചാൾസ് ഫ്രംപ് അറിയിച്ചു; മുൻവർഷത്തെ അപേക്ഷിച്ച് 25% അധികമാണിത്. പുത്തൻ സ്കാൻഡിനേവിയൻ രൂപകൽപ്പനയും ആകർഷകമായ സൗകര്യങ്ങളും സംവിധാനങ്ങളും കൂടുതൽ ആഡംബരവുമൊക്കെയുള്ള പുത്തൻ ‘എക്സ് സി 60’ മികച്ച സ്വീകാര്യത കൈവരിക്കുമെന്ന് ഫ്രംപ് അഭിപ്രായപ്പെട്ടു.
ആഗോളതലത്തിൽ വോൾവോ ശ്രേണിയിൽ ഏറ്റവുമധികം വിൽപ്പന കൈവരിക്കുന്ന ‘എക്്സ് സി 60’ ഇന്ത്യയിലും മികച്ച സ്വീകാര്യത കൈവരിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം വോൾവോ വിൽപ്പനയിൽ മൂന്നിലൊന്നും ‘എക്സ് സി 60’ ആണു നേടിത്തരുന്നത്. വിദേശ നിർമിതമായ ‘എക്സ് സി 60’ ഇറക്കുമതി വഴിയാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നത്.
കാൽനടയാത്രക്കാരെയും സൈക്കിൾ യാത്രികരെയും തിരിച്ചറിയാൻ ശേഷിയുള്ള സവിശേഷ സംവിധാനമടക്കം മികച്ച സുരക്ഷയ്ക്കായി അത്യാധുനിക സാങ്കേതികവിദ്യ സഹിതമാണ് പുത്തൻ ‘എക്സ് സി 60’ എത്തുന്നതെന്നും ഫ്രംപ് അറിയിച്ചു. എയർ സസ്പെൻഷൻ, സ്റ്റീയർ അസിസ്റ്റ്, ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, മുൻ സീറ്റ് വെന്റിലേഷൻ, മസാജ് സൗക്യം തുടങ്ങിയവയും ഈ എസ് യു വിയിലുണ്ട്.
രാജ്യത്തെ വിപണന ശൃംഖല വിപുലീകരിക്കാനും നടപടി സ്വീകരിക്കുമെന്നു ഫ്രംപ് അറിയിച്ചു. അടുത്ത രണ്ടു വർഷത്തനികം ഡീലർഷിപ്പുകളുടെ എണ്ണം ഇരട്ടിയാക്കാനാണു പദ്ധതി; നിലവിൽ 19 ഡീലർഷിപ്പുകളാണു വോൾവോയ്ക്ക് ഇന്ത്യയിലുള്ളത്.