Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാൾസ് ഫ്രംപ് വോൾവോ കാഴ്സ് ഇന്ത്യ മേധാവി

volvo-logo

സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ നേതൃത്വം ചാൾസ് ഫ്രംപിന്; വോൾവോ കാഴ്സ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായിട്ടാണ് അദ്ദേഹത്തിന്റെ നിയമനം. ഇതുവരെ കമ്പനിയെ നയിച്ച  ടോം വോൺ ബോൺസ്ഡോർഫ് ജന്മനാടായ ഫിൻലൻഡിലേക്കു മടങ്ങിയ ഒഴിവിലാണു പുതിയ മാനേജിങ് ഡയറക്ടറായി ഫ്രംപ് എത്തുന്നത്. ഇന്ത്യയിലെ സേവനകാലാവധി പൂർത്തിയാക്കിയ ടോം വോൺ ബോൺസ്ഡോർഫിനു വോൾവോ ഗ്രൂപ്പിൽതന്നെ പുതിയ ചുമതല ലഭിക്കുകയായിരുന്നു. തുടർന്നു താൽക്കാലിക നടപടിയെന്ന നിലയിൽ കമ്പനിയുടെ വിൽപ്പന, വിപണന വിഭാഗം ഡയറക്ടർ ജ്യോതി മൽഹോത്രയ്ക്ക് ആക്ടിങ് മാനേജിങ് ഡയറക്ടർ പദവി നൽകുകയായിരുന്നു.

 വോൾവോ ഓട്ടോ ഇന്ത്യ മേധാവിയായി 2015 ജൂൺ രണ്ടിനായിരുന്നു ബോൺസ്ഡോർഫ് ചുമതലയേറ്റത്. തുടർന്നുള്ള രണ്ടു വർഷത്തിനിടെ കമ്പനിയുടെ ഇന്ത്യയിലെ പ്രതിച്ഛായയും സാന്നിധ്യവും ശക്തമാക്കുന്നതിൽ അദ്ദേഹം വിജയിച്ചെന്നാണു വിലയിരുത്തൽ. ആഡംബര കാർ വിപണിയിൽ വോൾവോയുടെ വിഹിതം അഞ്ചു ശതമാനത്തോളമായി ഉയർന്നു; രണ്ടു വർഷത്തിനിടെ 32% വിൽപ്പന വളർച്ച കൈവരിക്കാനും അദ്ദേഹത്തിനു സാധിച്ചു. ഇക്കൊല്ലത്തെ വിൽപ്പനയിലും 25% വർധന രേഖപ്പെടുത്താനാവുമെന്നാണു വോൾവോയുടെ പ്രതീക്ഷ. വിപണന ശൃംഖല വിപുലീകരണത്തിലും മികച്ച നേട്ടം കൈവരിച്ച സാഹചര്യത്തിൽ 2020 ആകുമ്പോഴേക്ക് ഇന്ത്യൻ ആഡംബര കാർ വിപണിയിൽ 10% വിഹിതം സ്വന്തമാക്കാൻ വോൾവോയ്ക്കു സാധിക്കുമെന്നാണു വിലയിരുത്തൽ.

ഇന്ത്യയിൽ വോൾവോ കാഴ്സ് മേധാവിയാകുന്നതു മികച്ച അവസരമാണെന്നായിരുന്നു പുതിയ സ്ഥാനലബ്ധിയെപ്പറ്റി ഫ്രംപിന്റെ പ്രതികരണം. വിൽപ്പനസാധ്യതയേറിയ ആഡംബര കാർ വിപണിയെന്ന  നിലയിൽ വോൾവോയെ സംബന്ധിച്ചിടത്തോളം ഇന്ത്യ സുപ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ വോൾവോ കാഴ്സിന്റെ വിൽപ്പന വളർച്ച നിലനിർത്തുകയും ത്വരിതപ്പെടുത്തുകയുമാണു തന്റെ ചുമതല. ഇന്ത്യൻ വിപണിയിൽ അഭിമുഖീകരിക്കുന്ന വൈവിധ്യവും വെല്ലുവിളികളും തനിക്കു ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

എട്ടു വർഷമായി വോൾവോ കാർ ഗ്രൂപ്പിനൊപ്പം പ്രവർത്തിച്ച പരിചയസമ്പത്തുമായാണു ഫ്രംപ് ഇന്ത്യയിലെത്തുന്നത്. ഇതുവരെ സ്വീഡനിലെ മാർക്കറ്റിങ് വിഭാഗത്തിൽ സീനിയർ ഡയറക്ടറായിരുന്നു അദ്ദേഹം.