അതെന്താ ഇത്ര സിമ്പിളായി വോൾവോ കാറിനു മുകളിൽ ഞങ്ങള്‍ക്ക് ചിത്രം വരച്ചൂടെ? കൊച്ചിയിലെ കുട്ടികൾക്കിടയിലെ സംസാരം ഇപ്പോൾ വോൾവോ കാറിനു മുകളിൽ വരച്ച ചിത്രങ്ങളെ പറ്റിയാണ്. ചിലർ കാറിനു മുകളിൽ പൂക്കളെയും കിളികളെയും പുമ്പാറ്റകളെയുമൊക്കെ വരച്ചു. ചിലരാകട്ടെ, ബുദ്ധിജീവി സ്റ്റൈലിൽ വെറുതെ ചായം പൂശി. ലക്ഷങ്ങൾ വിലമതിക്കുന്ന വോൾവോ കാറിലാണ് കൊച്ചിയിലെ കുട്ടിപ്പട്ടാളത്തിന്റെ ഈ കരവിരുത്.
45 ലക്ഷം രൂപ വിലവരുന്ന എസ് 60 ക്രോസ് കൺട്രി സെഡനെന്ന ആഡംബരക്കാറാണ് കുട്ടികൾക്ക് ചിത്രം വരച്ച് കളിക്കാൻ കൊച്ചിയിലെ വോൾവോ അധികൃതർ വിട്ടുനൽകിയത്. ചിൽഡ്രൻസ് ബിനാലെ എന്നുപേരിട്ട പരിപാടിയിൽ 18 കുട്ടികൾ പങ്കെടുത്തു. ഈ കാർ പിന്നീട് കാണികൾക്കായി ഷോറൂമിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
കുട്ടികളിലെ ഭാവനശേഷി വളർത്തുന്നതിനാണ് ചിൽഡ്രൻസ് ബിനാലെ പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് വോൾവോ അധികൃതർ അറിയിച്ചു. മത്സരശേഷം പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മായ്ച്ചു കളയാൻ കഴിയുന്ന ഛായമായിരുന്നു കുട്ടികൾക്ക് വരച്ചു കളിക്കാൻ നൽകിയത്. ഛായം പൂശിയ ഈ കാറാണ് ഇപ്പോൾ കൊച്ചി വോൾവോ ഷോറൂമിൽ ഡെമോ ആയി ഉപയോഗിച്ചിരിക്കുന്നത്.