Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യ പോൾസ്റ്റാർ കാർ അവതരണം 17ന്

Volvo Polstar Volvo Polstar

സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോയുടെ പ്രകടനക്ഷമതയേറിയ വാഹന വിഭാഗമായ പോൾസ്റ്റാർ സ്വതന്ത്ര നിർമാതാവായി മാറുമെന്നു കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്നു വരുന്ന 17ന് ആദ്യ മോഡൽ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണു പോൾസ്റ്റാർ; പ്രകടനക്ഷമതയേറിയ കൂപ്പെയാവും പോൾസ്റ്റാർ ആദ്യം പുറത്തിറക്കുകയെന്നാണു കമ്പനിയുടെ ഇൻസ്റ്റാഗ്രാം പേജിലെ ടീസർ ചിത്രങ്ങൾ സൂചന. ഇപ്പോൾ അനാവൃതമാവുന്നത് ഉൽപ്പാദനസജ്ജമായ മോഡലാണോ ആശയമാണോ എന്നും വോൾവോ വ്യക്തമാക്കിയിട്ടില്ല.

എങ്കിലും കൂപ്പെയുടെ ടെയിൽ ലാംപുകൾ പരമ്പരാഗത വോൾവോ ശൈലിയിലാവുമെന്ന് ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ സൂചിപ്പിക്കുന്നത്്. 2013ൽ ഫ്രാങ്ക്ഫുർട്ട് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച വോൾവോ കൺസപ്റ്റ് കൂപ്പെ പ്ലഗ് ഇൻ ഹൈബ്രിഡിൽ നിന്നു പ്രചോദിതമാണ് പോൾസ്റ്റാർ കൂപ്പെയുടെ രൂപകൽപ്പന. അന്നത്തെ പോൾസ്റ്റാർ മേധാവിയും വോൾവോ ഡിസൈൻ മേധാവിയുമായ തോമസ് ഇംഗെൻലാത്ത് സാക്ഷാത്കരിച്ച ആ കൺസെപ്റ്റ് കൂപ്പെയിൽ 400 എച്ച് പി കരുത്തും 600 എൻ എം ടോർക്കും സൃഷ്ടിക്കുന്ന എൻജിനാണ് ഉണ്ടായിരുന്നത്. 

സ്വതന്ത്ര ബ്രാൻഡെന്ന നിലയിൽ പോൾസ്റ്റാർ എത്തുക ഹൈബ്രിഡ് കൂപ്പെയുമായിട്ടാവുമെന്ന അഭ്യൂഹം ശക്തമാണ്; അടുത്ത വർഷം പുറത്തെത്തുമെന്നു കരുതുന്ന കാറിന് അടിത്തറയാവുക ‘വോൾവോ എസ് 60’ സെഡാന്റെ സ്കേലബ്ൾ പ്രോഡക്ട് ആർക്കിടെക്ചർ പ്ലാറ്റ്ഫോമാവും.  കാറിലെ എൻജിൻ ശേഷി 600 ബി എച്ച് പിയോളമുണ്ടാവുമെന്നും പ്രതീക്ഷിക്കപ്പെടുന്നു; മിക്കവാറും ‘എക്സ് സി 90 ടി എയ്റ്റി’ൽ നിന്നു കടമെടുത്ത എൻജിനാണു കാറിൽ ഘടിപ്പിക്കുക. അങ്ങനെയെങ്കിൽ രണ്ടു ലീറ്റർ, ടർബോ ചാർജ്ഡ്, സൂപ്പർ ചാർജ്ഡ് നാലു സിലിണ്ടർ എൻജിനുമായിട്ടാവും പോൾസ്റ്റാർ കൂപ്പെയുടെ വരവ്; കൂട്ടിന് വൈദ്യുത മോട്ടോറുമുണ്ടാവും. ഇതോടെ ‘ടി എയ്റ്റി’ലെ പരമാവധി 407 ബി എച്ച് പി കരുത്തിനെയും 640 എൻ എം ടോർക്കിനെയും വെല്ലാനാവുമെന്നു കരുതാം. 

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവിനും മെഴ്സീഡിസ് ബെൻസിനുമൊക്കെ പ്രകടനക്ഷമതയേറിയ വാഹനങ്ങൾക്കായി പ്രത്യേക ഉപബ്രാൻഡുകളുണ്ട്; എന്നാൽ ‘എം ബ്രാൻഡി’’നെയോ ‘എ എം ജി’യെയോ സ്വതന്ത്ര നിർമാതാക്കളാക്കി മാറ്റാൻ ഇരുകമ്പനികൾക്കും നിലവിൽ പദ്ധതികളൊന്നുമില്ല.