മാരുതി ഇഗ്നിസ് വിപണിയിൽ, വില 4.59 ലക്ഷം മുതൽ

Ignis

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ അർബൻ കോംപാക്ട് ക്രോസ്ഓവറായ ‘ഇഗ്നിസ്’ പുറത്തിറങ്ങി. പെട്രോൾ‌ ‍ഡീസൽ‌ പതിപ്പുകളുള്ള കാറിന് പെട്രോൾ മോഡലിന് 4.59 ലക്ഷം മുതൽ 6.30 വരെയും, ഡീസൽ മോഡലിന് 6.39 ലക്ഷം മുതൽ 7.46 ലക്ഷം വരെയുമാണ് വില. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സയിലേക്ക് എത്തുന്ന മൂന്നാമത്തെ മോഡലാണ് ഇഗ്നിസ്. യുവാക്കളെ ലക്ഷ്യം വെച്ച് അർബൻ ക്രോസ്ഓവർ എന്ന കൺസെപ്ററിലാണ് കമ്പനി ഇഗ്നിസിനെ പുറത്തിറക്കുന്നത്. ഈ മാസം ആദ്യം നെക്സ വഴി മാരുതി ഇഗ്നിസിന്റെ ബൂക്കിങ്ങുകൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. 11000 രൂപ നൽകിയാണ് ഇഗ്നിസ് ബുക്കുചെയ്യേണ്ടത്. പതിനൊന്ന് വകഭേദങ്ങളിലായി ഒമ്പത് കളറുകളിൽ ഇഗ്നിസ് വിപണിയിലെത്തും.

Ignis

ബലേനൊ’യ്ക്ക് അടിത്തറയാവുന്ന അഞ്ചാം തലമുറ പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച പതിപ്പിലാണു മാരുതി സുസുക്കി ‘ഇഗ്നിസ്’ സാക്ഷാത്കരിച്ചിരിക്കുന്നത്. 1.2 ലീറ്റർ നാലു സിലിണ്ടർ പെട്രോൾ, 1.3 ലീറ്റർ, നാലു സിലിണ്ടർ ഡീസൽ എൻജിനുകളാവും വാഹനത്തിന് കരുത്തേകുക. പെട്രോൾ എൻജിന് 6,000 ആർ പി എമ്മിൽ 83 പി എസ് വരെ കരുത്തും 4,200 ആർ പി എമ്മിൽ 113 എൻ എം വരെ ടോർക്കും സൃഷ്ടിക്കും. ഡീസൽ എൻജിന്റെ പരമാവധി കരുത്ത് 4,000 ആർ പി എമ്മിൽ പിറക്കുന്ന 75 പി എസ് ആണ്; ടോർക്കാവട്ടെ 2,000 ആർ പി എമ്മിലെ 190 എൻ എമ്മും. പെട്രോൾ ലീറ്ററിന് 20.89 കിലോമീറ്ററും ഡീസൽ ലീറ്ററിന് 26.80 കിലോമീറ്ററുമാണ് ‘ഇഗ്നിസി’നു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സിനൊപ്പം അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതവും ‘ഇഗ്നിസ്’ വിൽപ്പനയ്ക്കുണ്ട്.

Ignis

സുസുക്കി ടി ഇ സി ടി ബോഡി, ഇ ബി ഡി സഹിതം എ ബി എസ്, ഐസോഫിക്സ് സീറ്റ് ആങ്കറേജ്, മുന്നിൽ ഇരട്ട എയർബാഗ്, ഫോഴ്സ് ലിമിറ്റർ സഹിതം സീറ്റ് ബെൽറ്റ് പ്രീ ടെൻഷനർ, പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ തുടങ്ങിയവയ്ക്കൊപ്പം ആൻഡ്രോയ്ഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയും പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകൾക്ക് അനുയോജ്യമായ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ‘ഇഗ്നിസി’ൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ‘ഇഗ്നിസി’ന്റെ ഇന്ത്യയിലെ പ്രധാന എതിരാളികൾ ഹ്യുണ്ടേയ് ‘ഗ്രാൻഡ് ഐ 10’, മഹീന്ദ്ര ‘കെ യു വി 100’ തുടങ്ങിയവയാണ്.