ആരോഗ്യം എന്നാൽ ഹൃദയം, തലച്ചോറ്, എല്ല് എന്നിവയുടെ ആരോഗ്യത്തിനാകും മിക്കവരും ശ്രദ്ധ കൊടുക്കുക. ആരോഗ്യത്തോടെ ഇരിക്കുക എന്നാൽ കണ്ണുകളുടെയും ആരോഗ്യം പ്രധാനമാണ്. പ്രായമാകുമ്പോൾ കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളാണ് തിമിരം, കണ്ണുകളുടെ പേശികളെ ബാധിക്കുന്ന മാക്യുലാർ ഡീജനറേഷൻ, കണ്ണുകളിലെ വരൾച്ച, രാത്രി കാഴ്ച മങ്ങൽ തുടങ്ങിയവ. ഇതെല്ലാം വരാതെ വാർധക്യ കാലത്തും കണ്ണുകൾ ആരോഗ്യത്തോടെ ഇരിക്കുക എന്നത് പ്രധാനമാണ്.
ആരോഗ്യകരവും ഊർജ്ജസ്വലവുമായ ജീവിതരീതിക്ക് കണ്ണുകളുടെ ആരോഗ്യത്തിനായി ചില ഭക്ഷണങ്ങൾ കഴിക്കേണ്ടതും പ്രധാനമാണ്. അവ നിങ്ങളുടെ കണ്ണുകളെ മിഴിവാർന്നതും തിളങ്ങുന്നതുമായി കാത്തു സൂക്ഷിക്കും. ഏതൊക്കെയാണ് കണ്ണുകൾക്ക് ആരോഗ്യമാകുന്ന ഭക്ഷണങ്ങൾ എന്നറിയേണ്ടേ?
കാരറ്റ്: ചില ജീവകങ്ങളും ധാതുക്കളും കണ്ണുകളുടെ ആരോഗ്യത്തിന് കൂടിയെ തീരൂ. അതിൽ പ്രധാനമാണ് ജീവകം എ. കാരറ്റ്, ഓറഞ്ചു നിറത്തിലുള്ള പഴങ്ങൾ, മത്തങ്ങ, മധുരക്കിഴങ്ങ് ഇവയിലെല്ലാം ജീവകം എ അടങ്ങിയിട്ടുണ്ട്. ബീറ്റാകരോട്ടിൻ ആണ് കാരറ്റിന് ഓറഞ്ച് നിറം നൽകുന്നത്. ജീവകം സി, പൊട്ടാസ്യം, നാരുകൾ എന്നിവയും ഈ പഴങ്ങളിലും പച്ചക്കറികളിലും ഉണ്ട്. ഇവ കണ്ണിന് വളരെ നല്ലതാണ്.
ഇലക്കറികൾ : ആന്റിഓക്സിഡന്റുകളായ ല്യൂട്ടീൻ, സിസാന്തിൻ ഇവ അടങ്ങിയിട്ടുള്ളതിനാൽ തിമിരം, മാക്യുലാർ ഡീ ജനറേഷൻ ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുന്നു.
നാരകഫലങ്ങൾ: ജീവകം സിയാൽ സമ്പന്നമായ നാരകഫലങ്ങളായ ഓറഞ്ച്, നാരങ്ങ, മുസാംബി മുതലായവയും സ്ട്രോബറി, ബ്ലൂബെറി മുതലായ ബെറിപ്പഴങ്ങളും നേത്രാരോഗ്യമേകും.
ബ്രൊക്കോളി : അർബുദവും ഹൃദ്രോഗവും തടയാൻ മാത്രമല്ല കണ്ണുകൾക്കും നല്ലത്. കാബേജ്, കോളിഫ്ലവർ, ബ്രൊക്കൊളി മുതലായ ക്രൂസിഫെറസ് പച്ചക്കറികളിൽ ല്യൂട്ടിൻ, സിസാന്തിൻ എന്നിവയ്ക്കു പുറമെ ജീവകം സി യും അടങ്ങിയിട്ടുണ്ട്.
പരിപ്പ്/ പയർവർഗങ്ങൾ : ഇവയിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ജീവകം എ യെ കരളിൽ നിന്ന് ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നു. സിങ്കിന്റെ കുറവ് നേത്രരോഗങ്ങൾക്ക് കാരണമാകും. ബീഫ്, പൗൾട്രി, മത്തങ്ങാക്കുരു ഇവയിലും സിങ്ക് അടങ്ങിയിട്ടുണ്ട്.
മുട്ട : മുട്ടയിൽ ല്യൂട്ടീൻ, സിസാന്തിൻ, സിങ്ക് ഇവയടങ്ങിയിരിക്കുന്നു. നേത്രാരോഗ്യത്തിന് നല്ലത്.
ബദാം : ജീവകം ഇ ധാരാളം ഉണ്ട്. ദിവസവും ഒരുപിടി ബദാം കഴിക്കുന്നത് ആരോഗ്യമേകും; പ്രത്യേകിച്ചു കണ്ണുകൾക്ക്.
മത്സ്യം : അയല, മത്തി, ട്യൂണ മുതലായ മത്സ്യങ്ങൾ കഴിക്കുന്നത് നേത്രരോഗം വരാതെ തടയും. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡ് അങ്ങിയിട്ടുണ്ട്.
ആഴ്ചയിൽ ഒരിക്കലെങ്കിലും ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ കണ്ണുകളെ ആരോഗ്യത്തോടെ നിലനിർത്താം.