ബാർലി ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളൂ, ഒന്നല്ല, രണ്ടിനം ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ബാർലിക്കു കഴിയുമെന്നു പഠനം.
ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ എൽ.ഡി.എൽ, നോൺ ഹൈ ഡെൻസിറ്റി ലിപ്രോപ്രോട്ടീൻ അഥവാ നോൺ എച്ച്.ഡി.എൽ എന്നിവയെ ഏഴു ശതമാനം കുറയ്ക്കാൻ ബാർലിക്കു കഴിയും.
കാനഡ ഉൾപ്പടെ ഏഴു രാജ്യങ്ങളിലായി 14 ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തി. ബാർലിക്ക് ഓട്സിനെപ്പോലെ തന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയുമെന്നു പഠനത്തിൽ തെളിഞ്ഞു.
ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യതയെ കൂട്ടുന്ന ടൈപ്പ്–2 പ്രമേഹം ബാധിച്ചവർക്ക് ഈ പഠനം വളരെ പ്രധാനപ്പെട്ടതാണ്. ഇവർക്ക് എൽ.ഡി.എൽ കൊളസ്ട്രോൾ നോർമലും നോൺ എച്ച്.ഡി.എൽ കൂടുതലുമായിരിക്കും. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ബാർലിക്കു കഴിയുന്നതോടൊപ്പം ഉയർന്ന കൊളസ്ട്രോൾ ഇല്ലാത്തവർക്കും ഈ ധാന്യം ഗുണപ്രദമാണ്.
ആരോഗ്യഭക്ഷണങ്ങളുടെ ഗണത്തിൽപ്പെടുന്ന ഓട്സിനെപ്പോലെ ബാർലി അത്ര പ്രചാരം നേടിയിട്ടില്ല. പാവപ്പെട്ടവരുടെ ഭക്ഷണം എന്നു വിശേഷിപ്പിക്കപ്പെടുന്ന ധാന്യമാണിത്. കന്നുകാലിതീറ്റയായും ബാർലി ഉപയോഗിക്കുന്നുണ്ട്. ശരീരത്തിൽ ജലാംശം കുറഞ്ഞാൽ ബാർലി ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി. എന്നാൽ കഴിഞ്ഞ 10 വർഷമായി ബാർലിയുടെ ഉപഭോഗം 35 ശതമാനം കുറഞ്ഞു.
ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ ഓട്സ് പോലെതന്നെ ബാർലിയും സഹായിക്കുമെന്ന ഈ പഠനം യൂറോപ്യൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.