Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എള്ളോളമല്ല, എള്ളിന്റെ ഗുണം

sesame-seed

കടുകുമണിയോളം വലുപ്പമേ ഉള്ളൂ എങ്കിലും എള്ളിനെ അത്ര നിസാരമായി കാണരുത്. ഇതിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അയൺ, ഫോസ്ഫറസ്, മാംഗനീസ്, കോപ്പർ എന്നിവയാൽ സമൃദ്ധവും. എള്ളിലടങ്ങിയിരിക്കുന്ന മഗ്നീഷ്യവും മറ്റു പോഷകങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കും. എള്ളെണ്ണ പതിവാക്കിയാൽ പ്രമേഹം നിയന്ത്രിക്കാം. രക്തസമ്മർദം കുറയ്ക്കാനും എള്ളിനെ കൂട്ടുപിടിക്കാം. വെളുത്ത എള്ളിനേക്കാൾ ഔഷധഗുണം തൊലിയോടുകൂടിയ കറുത്ത എള്ളിനാണ്.

ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാനും എള്ളിനു കഴിയും. ഇതിലടങ്ങിയിരിക്കുന്ന ഫൈറ്റോസ്റ്റിറോൾ ആണ് കൊളസ്ട്രോളിനിനെ നിയന്ത്രിക്കുന്നത്. ഹൃദയാരോഗ്യത്തിനും എള്ള് വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡൻറ്സ് ഹൃദയപ്രവർത്തനങ്ങൾ സുഗമമാക്കുന്നു.

നാരുകൾ ധാരാളമടങ്ങിയിരിക്കുന്ന എള്ള് ദഹനത്തിനും നല്ലതാണ്. ഇതിലടങ്ങിയരിക്കുന്ന സിങ്ക് ചർമത്തിന്റെ സ്നിഗ്ദ്ധത വർധിപ്പിക്കുകയും മൃതകോശങ്ങൾ അകറ്റി ചർമത്തിനു തിളക്കം നൽകുകയും ചെയ്യുന്നു. ദിവസവും പാകം ചെയ്യുമ്പോൾ എള്ളെണ്ണ ഉപയോഗിച്ചാൽ സ്കിൻ കാൻസർ ഒരു പരിധി വരെ തടയാം.

എള്ളിലടങ്ങിയിരിക്കുന്ന ഫൈറ്റിക് ആസിഡ്, മഗ്നീഷ്യം, ഫൈറ്റോസ്റ്റെറോൾസ് എന്നിവ കാൻസറിനെ പ്രതിരോധിക്കും. പരിപ്പ്- കടല വർഗങ്ങളിൽ ഏറ്റവും അധികം ഫൈറ്റോസ്റ്റെറോൾസ് അടങ്ങിയിട്ടുള്ളതും എള്ളിലാണ്. ശരീരത്തിലെ അഴുക്കു കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഫൈറ്റോസ്റ്റെറോൾ സഹായിക്കും.

മാനസികപിരിമുറുക്കമകറ്റി ഉൻമേഷം പ്രദാനം ചെയ്യാനും എള്ളിനു കഴിയും. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യവും കാൽസ്യവുമാണ് മാനസിക പിരിമുറുക്കമകറ്റാൻ സഹായിക്കുന്നത്. വേദനയും പിരിമുറുക്കവും നിയന്ത്രിച്ച് നല്ല ഉറക്കം പ്രദാനം ചെയ്യാനും എള്ളിനു കഴിയും.

അയൺ കൂടുതൽ അടങ്ങിയിട്ടുള്ള കറുത്ത എള്ള് അനീമിയ തടയും. റേഡിയേഷൻ മൂലമുള്ള ജനിതക തകരാറുകളിൽ നിന്ന് സംരക്ഷണം നൽകാൻ എള്ളിനു കഴിയും. എല്ലുകളെയും സന്ധികളെയും രക്തക്കുഴലുകളെയും ശക്തിപ്പെടുത്താൻ ഇതിലടങ്ങിയിരിക്കുന്ന കോപ്പർ സഹായിക്കും.

മദ്യപാനം മൂലം കരളിനുണ്ടായ തകരാറു പരിഹരിച്ച് കരളിന്റെ പ്രവർത്തനം ശക്തിപെടുത്താനും എള്ളിനെ കൂട്ടുപിടിക്കാം. അൾട്രാവയലറ്റ് കിരണങ്ങൾമൂലം ചർമത്തിനുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാനും ചർമത്തിലെ ചുളിവുകളും കലകളും അകറ്റാനും എള്ളെണ്ണയ്ക്കു കഴിയും.

ഒരു ഗ്ലാസ് പാലിൽ ഉള്ളതിനേക്കാൾ കാൽസ്യം ഒരുപിടി എള്ളിലടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന സിങ്ക് എല്ലുകളെ ബലപ്പെടുത്തി അസ്ഥിക്ഷയം ചെറുക്കുന്നു.

കുട്ടികളെ കുളിപ്പിക്കുന്നതിനു മുൻപ് ശരീരത്തിൽ എള്ളെണ്ണ പുരട്ടുന്നത് നല്ലതാണ്. വരണ്ട ചർമമകറ്റാനും ചർമത്തിലെ ചെറിയ തടിപ്പുകളും മറ്റുമകറ്റാനും നല്ല ഉറക്കം കിട്ടാനും എള്ളെണ്ണ പുരട്ടി തടവുന്നത് സഹായിക്കും.

ആസ്ത്മ പോലുള്ള രോഗങ്ങളെ ചെറുത്ത് ശ്വാസകോശത്തിന്‍റെ പ്രവർത്തനങ്ങളെ സുഗമമാക്കാനും എള്ളിനു കഴിയും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും എള്ളിനെ കൂട്ടുപിടിക്കാം.

ഇങ്ങനെ എണ്ണിയാൽ തീരാത്ത ഗുണങ്ങളുള്ള എള്ളിനെ ഇനി മുതൽ ധൈര്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.