പക്വതയെത്താൻ പ്രായമായില്ലെങ്കിലും തലയിലുദിച്ച ആശയം പിറവിയെടുത്തപ്പോൾ അത് പ്രായം കവച്ചുവയ്ക്കുന്നതായി. ദാൻയാൽ, ഷിരാഗ് ഷാ, മുവാസ് നവാസ്. ഇവരിൽ ആദ്യത്തെ രണ്ടുപേർക്കും പ്രായം 14, മുവാസിന് പതിമൂന്നും. ലണ്ടനിലെ സർ ഐസ്ക് ന്യൂറ്റൺ സ്കൂളിലെ വിദ്യാർഥികൾ. ഇവരുടെ കണ്ടുപിടിത്തമാണ് ഇപ്പോൾ ശാസ്ത്രലോകത്തെ ചൂടൻ ചർച്ച. ഇത്തിരിപോന്ന പയ്യൻമാർ കണ്ടെത്തിയത് ലൈംഗിക രോഗനിർണയത്തിനുള്ള ഗർഭ നിരോധന ഉറയാണ്.
ലൈംഗിക ബന്ധത്തിലുടെ പടരുന്ന ലൈംഗിക (സെക്ഷ്വലി ട്രാൻസ്മിറ്റിഡ് ഡിസീസ്) എസ്ടിഡി രോഗങ്ങളുടെ സാന്നിധ്യമുണ്ടെങ്കിൽ നിറം മാറും എന്നതാണ് ഈ ഉറകളുടെ പ്രത്യേകത. ഉറകളുടെ രണ്ടു ഭാഗത്തും ഇതു പ്രകടമാകുകയും ചെയ്യും. 'എസ്.ടി ഐ' എന്ന് പേരിട്ടിരിക്കുന്ന ഉറകൾ ടീൻടെക് അവാർഡ്സിലെ ആരോഗ്യ വിഭാഗത്തിനുള്ള അവാർഡ് നേടിയതോടെയാണ് ഇവ വാർത്തയിലിടം നേടിയത്. ഉറ നിർമാണത്തിന് ഉപയോഗിക്കുന്ന റബർ കൂട്ടിന്റെ കൂടെ രോഗനിർണയത്തിന് സഹായിക്കുന്ന രാസക്കൂട്ടുകളും ചേർത്താണ് 'എസ്.ടി ഐ'യുടെ നിർമാണം. ലൈംഗികമായി ബന്ധപ്പെട്ടതിന് ശേഷം ഉറയുടെ നിറം മഞ്ഞയായാൽ ഹെർപ്പിസിന്റെയും നീലയാണെങ്കിൽ സിഫിലിസിന്റെയും പച്ചയാണെങ്കിൽ ക്ളെമിഡിയയുടെയും ലക്ഷണമാകാം. എച്ച് ഐ വി ടെസ്റ്റ് ചെയ്യാനുള്ള എലിസ ടെസ്റ്റിൽ നിന്നാണ് ഇത്തരം ഒരു ആശയം ഉദിച്ചതെന്ന് അവർ പറയുന്നു.