Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗികപ്രശ്നങ്ങളോ? ശസ്ത്രക്രിയയില്‍ പരിഹാരമുണ്ട്

sexual-problems

ലിംഗത്തിനു നീളം വേണ്ടത്രയുണ്ടോ? നീളം കുറഞ്ഞാല്‍ ഭാര്യയെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ കഴിയുമോ? ഇത്തരം സംശയങ്ങളും ആശങ്കകളും പുരുഷന്മാരില്‍, പ്രത്യേകിച്ചു ചെറുപ്പക്കാരില്‍, കണ്ടുവരുന്നു. ഈ ആശങ്കകളുമായി ഡോക്ടര്‍മാരെ സമീപിക്കുന്നവരും ധാരാളമാണ്. ഇക്കാരണങ്ങളാല്‍ കൊണ്ടു പലരും വിവാഹം വേണ്ടെന്നുവയ്ക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യുന്നു. പക്ഷേ,ഡോക്ടറുടെ പരിശോധനയില്‍ ഇവര്‍ക്ക് ഒരു കുഴപ്പവും കാണുകയില്ല.

അപ്പോള്‍ ഒരു സാധാരണ ലിംഗത്തിന്റെ വലുപ്പം (നീളം) എത്രയായിരിക്കണം? ഇതിനെപ്പറ്റി ഡോ. കെ. പ്രമോദും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും കൂടി കേരളത്തിലെ 301പുരുഷന്മാരില്‍ ഒരു പഠനം നടത്തിയപ്പോള്‍ കണ്ടെത്തിയതു ലിംഗത്തിന്റെ ചുരുങ്ങിയ അവസ്ഥയിലുള്ള ശരാശരി നീളം 8.21 സെ.മീ. ആണെന്നാണ്. ഇതു വലിച്ചുനീട്ടിയ അവസ്ഥയില്‍ 10.88 സെ. മീ. ഉും ഉദ്ധരിച്ച അവസ്ഥയില്‍ 13.01 സെ. മീ ഉം ആകുന്നു. ശരാശരി ചുറ്റളവ്, ചുരുങ്ങിയ അവസ്ഥയില്‍ 9. 14 സെ. മീ. ഉും ഉദ്ധരിച്ച അവസ്ഥയില്‍ 11.46 സെ. മീ ഉും ആണ്.

പലപ്പോഴും അശ്ളീല ചലച്ചിത്രങ്ങള്‍ കാണുമ്പോഴോ മറ്റോ ആണ് പലര്‍ക്കും തന്റെ ലിംഗം ചെറുതാണോ എന്ന ആശങ്ക ഉണ്ടാകുന്നത്. ഈ ചിന്ത അവരില്‍ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. തങ്ങളുടെ ഭാര്യയോ ലൈംഗിക പങ്കാളിയോ ലിംഗച്ചെറുപ്പം ചൂണ്ടിക്കാണിച്ചുവെന്നു പറഞ്ഞു പലരും എന്നെ സമീപിച്ചിട്ടുണ്ട്.

ഒരു പ്രായപൂര്‍ത്തിയായ പുരുഷന്റെ ലിംഗം വലുതാക്കാനുള്ള ഔഷധങ്ങളൊന്നും ലോകത്തൊരിടത്തും ലഭ്യമല്ല. പക്ഷേ, ശസ്ത്രക്രിയ കൊണ്ട് ഇതു സാധിക്കും. നീളം കൂട്ടാന്‍ ‘ഓഗ്മെന്‍േറഷന്‍ ഫലോപ്ളാസ്റ്റി’എന്ന ശസ്ത്രക്രിയ ചെയ്യാം. അത്ര ലളിതമല്ല അത്. 0.78 സെ. മീ. മുതല്‍ 1.8 സെ.മീ. വരെ നീളക്കൂടുതല്‍ ഈ ഓപ്പറേഷന്‍ കൊണ്ടു കിട്ടാം. സങ്കീര്‍ണവും അപകടം പിടിച്ചതുമാണ് ഈ ശസ്ത്രക്രിയ. ഓപ്പറേഷനുശേഷം ലിംഗത്തിന് ഉദ്ധാരണം ലഭിക്കണമെന്നില്ല. സംഭോഗസമയത്തും ലിംഗം ഉയര്‍ത്തി യോനിയില്‍ വയ്ക്കേണ്ടിയും വന്നേക്കാം. 70 ശതമാനം ആളുകളും ഈ ശസ്ത്രക്രിയയുടെ ഫലത്തില്‍ തൃപ്തരായല്ല കാണുന്നത്. ഷണ്ഡത്വം, രക്തസ്രാവം, ലൈംഗിക അനുഭൂതിക്കുറവ് ഇവയെല്ലാമാകാം പാര്‍ശ്വഫലങ്ങള്‍.

വണ്ണംകൂടിയ ആളുകളില്‍, വയറിന്റെ ഭാഗത്തും ഗുഹ്യഭാഗത്തുമുള്ള മാംസക്കൂടുതല്‍ കാരണം ലിംഗം അതില്‍ ആണ്ടിരിക്കും. തനിക്കും തന്റെ ലിംഗം കാണാന്‍ വയ്യാത്ത അവസ്ഥ ആയിരിക്കും. അത്തരം ആളുകളില്‍ ‘ലിപ്പോ സക്ഷന്‍’എന്ന ശസ്ത്രക്രിയയോ, ‘സ്കിന്‍ റീഡിസ്ട്രിബ്യൂഷന്‍’സര്‍ജറിയോ ചെയ്തു ലിംഗത്തിന്റെ നീളം കൂട്ടേണ്ടിവരും.

ജന്മനാ ചെറിയ ലിംഗം ഉള്ളവരില്‍ ലിംഗം വലുതാക്കാനുള്ള ശസ്ത്രക്രിയ നിര്‍ദേശിക്കപ്പെടാറുണ്ട്. അതുപോലെ കാര്യമായ ഉദ്ധാരണപ്രശ്നങ്ങള്‍, ലിംഗത്തിനു വളവ്, ‘ടര്‍ക്കിനെക് ഡിഫോമിറ്റി’തുടങ്ങിയ കുഴപ്പങ്ങള്‍ക്കും ശസ്ത്രക്രിയ അഭികാമ്യമാണ്. വിദഗ്ധരേ ചെയ്യാവൂ എന്നു മാത്രം.

ലിംഗവലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയ

ലിംഗത്തിന്റെ വണ്ണം എത്രയായിരിക്കണം? സംഭോഗസമയത്തു യോനിയില്‍ തിങ്ങിനില്‍ക്കണം എന്നതാണു ലിംഗവണ്ണത്തിന്റെ മാനദണ്ഡം. ലിംഗത്തിന്റെ വണ്ണംകൂട്ടിയോ, യോനിയുടെ വ്യാസം കുറച്ചോ ഇതു സാധിക്കാം.

ലിംഗത്തിന്റെ വണ്ണം കൂട്ടാന്‍ പല മാര്‍ഗങ്ങളുണ്ട്. ഉദരഭിത്തിയില്‍ നിന്നുള്ള കൊഴുപ്പുകലകള്‍ ലിംഗത്തിന്റെ ചര്‍മത്തിലേക്കു കുത്തിവയ്ക്കുകയാണ് ഇതിലൊന്ന്. ലിംഗത്തിന്റെ തൊലിയുടെ അടിയിലാണ് ഇഞ്ചക്ഷന്‍ നല്‍കുന്നത്. ഇതുകൊണ്ടു തല്‍ക്കാലത്തേക്കു ലിംഗത്തിന്റെ വണ്ണവും മൃദുത്വവും കൂടും. കുറേ മാസങ്ങള്‍ക്കു ശേഷം ഈ കോശങ്ങളെ ശരീരം ആഗിരണം ചെയ്തുകഴിയുമ്പോഴേക്കും ലിംഗവണ്ണം വീണ്ടും കുറയും. ജീവനുതന്നെ ഭീഷണി ആയേക്കാവുന്നതും വളരെ പണച്ചെലവുള്ളതുമാണു ഈ ശസ്ത്രക്രിയ.

വേറൊരു മാര്‍ഗം ഇതേ രീതിയില്‍, ലിംഗത്തിന്റെ തൊലിയുടെ അടിയില്‍, സിലിക്കോണ്‍ കുത്തിവയ്ക്കലാണ്. ഈ ശസ്ത്രക്രിയയും സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്- ലിംഗത്തിന്റെ സംവേദനക്ഷമത നഷ്ടപ്പെടുക, ആകൃതിക്കു മാറ്റം വരിക ഇവയെല്ലാം സംഭവിക്കാം. ‘കോസ്മെറ്റിക് ഓഗ്മെന്റേഷന്‍ ഫലോപ്ളാസ്റ്റി’എന്ന വേറൊരു ശസ്ത്രക്രിയയും ലിംഗവലിപ്പം കൂട്ടാനായി ചെയ്യാറുണ്ട്. ലിംഗത്തിന്റെ തൊലിയുടെ അടിയില്‍ ചെയ്യുന്ന ‘അലോഡേം ഇംപ്ളാന്‍റ്’ആണ് ഏറ്റവും പ്രചാരത്തിലുള്ളത്. വിദഗ്ധര്‍ മാത്രം ചെയ്യേണ്ട പണച്ചെലവുള്ള ശസ്ത്രക്രിയയാണിത്.

ഇനി ലിംഗത്തിന്റെ അഗ്ര (മകുടം)ത്തിന്റെ വലിപ്പം കൂട്ടാനും മാര്‍ഗമുണ്ട്. ‘ഹ്യാലൂറോണിക് ആസിഡ്’അവിടെ കുത്തിവച്ചാല്‍ വലിപ്പം 20 ശതമാനം കൂടും. ഒരു മണിക്കൂറെടുക്കുന്ന ഈ പ്രക്രിയയുടെ ഫലം ഒന്ന്- ഒന്നര കൊല്ലം നില്‍ക്കും. ഇതിനുശേഷം വീണ്ടും കുത്തിവയ്പു നടത്താം.

വജൈനോപ്ളാസ്റ്റി

യോനിക്കു മുറുക്കം കൂട്ടാനുള്ള ശസ്ത്രക്രിയയാണു ‘വജൈനോപ്ളാസ്റ്റി’. പ്രായംകൊണ്ടും ഹോര്‍മോണില്‍ വരുന്ന വ്യത്യാസം കൊണ്ടും തുടര്‍ച്ചയായ പ്രസവം കൊണ്ടുമൊക്കെ യോനിക്കു മുറുക്കം നഷ്ടപ്പെടും. യോനിയുടെ പേശിയും അനുബന്ധഭാഗങ്ങളും ഒന്നുകൂടി മുറുക്കി ലൈംഗികസുഖം കൂട്ടുകയാണ് വജൈനോപ്ളാസ്റ്റിയുടെ ഉദ്ദേശ്യം. ഇതൊരു പ്ളാസ്റ്റിക് സര്‍ജറിയാണ്. ശസ്ത്രക്രിയയ്ക്കു മുമ്പു ലൈംഗികപങ്കാളിയുടെ ലിംഗത്തിന്റെ ഉദ്ധരിച്ചു നില്‍ക്കുമ്പോഴുള്ള നീളവും വണ്ണവും കണക്കിലെടുക്കണം. അല്ലെങ്കില്‍ ഈ ശസ്ത്രക്രിയ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക.

പ്ളാന്‍ ചെയ്യാതെയുള്ള സര്‍ജറി യോനിയുടെ അതിമുറുക്കത്തിനും വഴിവയ്ക്കാം. അങ്ങനെ വന്നാല്‍ ലിംഗം യോനിയില്‍ കടത്താനുള്ള ബുദ്ധിമുട്ടും സംഭോഗസമയത്തു വല്ലാതെ വേദനയും ഉണ്ടാകാം. ഈ ശസ്ത്രക്രിയയ്ക്ക് ഒരു ദിവസം ആശുപത്രിയില്‍ കഴിഞ്ഞാല്‍ മതിയാകും.

ജനറല്‍ അല്ലെങ്കില്‍ സ്പൈനല്‍ അനസ്തേഷ്യ കൊടുത്താണു ബോധം കെടുത്തുന്നത്. ഒന്ന്- ഒന്നര മാസത്തിനു ശേഷം ദമ്പതികള്‍ക്കു ലൈംഗികബന്ധമാകാം. സംഭോഗം സുഗമമാക്കാന്‍ ലൂബ്രിക്കന്‍റുകള്‍ ഉപയോഗിക്കേണ്ടിവന്നേക്കാം. രോഗാണുബാധ, രക്തസ്രാവം ഇവയ്ക്കു സാധ്യതയുണ്ട്.

ശീഘ്രസ്ഖലനം, സ്തനവലുപ്പക്കുറവ്

ശീഘ്രസ്ഖലനം ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുപോലെ അസുഖകരമാണ്. ഒരു സംഘം ലൈംഗികാരോഗ്യവിദഗ്ധന്മാര്‍ക്കു സെക്സ് തെറാപ്പി, കപ്പില്‍ തെറാപ്പി., മരുന്നുകള്‍- ഇവകൊണ്ടു പരിഹരിക്കാവുന്നതേയുള്ളൂ ഈ പ്രശ്നം. ഈ അവസ്ഥ പരിഹരിക്കാന്‍ രണ്ടു ശസ്ത്രക്രിയാ രീതികളുണ്ട്. വിദഗ്ധനായ ആന്‍ഡ്രോളജിസ്റ്റ് തന്നെ ചെയ്തില്ലെങ്കില്‍ ശസ്ത്രക്രിയയ്ക്കു ഉദ്ദിഷ്ടഫലം കിട്ടില്ല.

സമൂഹത്തിന്റെ മേല്‍ത്തട്ടിലെ ആരോഗ്യമുള്ള ചെറുപ്പക്കാരികള്‍ ലൈംഗികവശ്യത വര്‍ധിപ്പിക്കാനായി ചെയ്യുന്നതാണ് സ്തനവലുപ്പം കൂട്ടാനുള്ള ശസ്ത്രക്രിയ. രണ്ടുതരം ‘ബ്രെസ്റ്റ് ഇംപ്ളാന്‍റ്സ്’ആണു സാധാരണ ലഭ്യം. ‘സലൈന്‍’, ‘സിലിക്കോണ്‍ ജെല്‍’, ‘പോളിപ്രോപ്പിലിന്‍’ഇവയൊക്കെയാണ് ഇംപ്ളാന്‍റിനു സാധാരണ ഉപയോഗിക്കാറ്. ഇതില്‍ പോളിപ്രോപ്പിലിനു മെഡിക്കല്‍ അംഗീകാരമില്ല.

ധാരാളം സങ്കീര്‍ണതകളും പാര്‍ശ്വഫലങ്ങളുമുള്ള സ്തനവര്‍ധക ശസ്ത്രക്രിയ വളരെയേറെ പണച്ചെലവുള്ളതുമാണ്. അതുകൊണ്ടു സൂക്ഷ്മതയും വൈദഗ്ധ്യവുമുള്ള ഡോക്ടര്‍മാര്‍ മാത്രമേ ഈ ശസ്ത്രക്രിയ ചെയ്യാവൂ.

സ്തനത്തില്‍ പല ലെവലിലായിരിക്കും ഇംപ്ളാന്‍റ് നിക്ഷേപിക്കുക. ഓപ്പറേഷന്‍ കഴിഞ്ഞു സാധാരണ നിലയിലാകാന്‍ ഒരാഴ്ച എടുക്കും. നിക്ഷേപിച്ചിരിക്കുന്ന ഇംപ്ളാന്‍റ് പൊട്ടുക, സ്തനങ്ങള്‍ക്കു വേദന അനുഭവപ്പെടുക, രക്തസ്രാവം, മുലയൂട്ടലിനു തടസം ഇവയെല്ലാം പാര്‍ശ്വഫലങ്ങളാണ്.

പ്ളാറ്റിനം ഇംപ്ളാന്‍റുകള്‍ നിക്ഷേപിക്കുന്നതിനെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ നടന്നുവരുന്നുണ്ട്. സ്തനവലിപ്പം കൂട്ടാനുള്ള ഗുളികകള്‍ കടകളില്‍ ലഭ്യമാണ്. രക്തത്തിലെ സ്ത്രീഹോര്‍മോണുകളുടെ അളവ് വര്‍ധിപ്പിക്കുന്ന തത്വത്തില്‍ അധിഷ്ഠിതമാണ് ഈ ചികിത്സ. ഈ ചികിത്സ ഫലം തരുന്നതായി കണ്ടിട്ടില്ലെന്നു മാത്രമല്ല പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

ഹോര്‍മോണ്‍ റീപ്ളേസ്മെന്‍റ് തെറാപ്പി

പരിശോധനയില്‍ ഹോര്‍മോണ്‍ അപര്യാപ്തത കണ്ടാല്‍ ഹോര്‍മോണ്‍ റീപ്ളേസ് ചെയ്തു ലൈംഗികശേഷി വേണ്ടരീതിയിലാക്കുന്നു. വിദഗ്ധഡോക്ടര്‍ വേണ്ടതുപോലെ പരിശോധന നടത്തിയതിനു ശേഷമേ ഈ ചികിത്സ നടത്താവൂ.