കുടിക്കാൻ ഏറ്റവും ശുദ്ധമെന്നു നാം കരുതുന്ന വെള്ളമാണ് കിണറിലേത്. എന്നാല്‍ കിണറിലെ വെള്ളം കൃത്യമായ ഇടവേളകളിൽ ശുദ്ധീകരിക്കുക തന്നെ വേണം. കാരണം അവയിൽ ബാക്ടീരിയകൾ, ഇരുമ്പ് എന്നിവയുടെ അംശം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പുതിയ കിണർ വൃത്തിയാക്കാൻ
വീടു പണി ആരംഭിക്കുന്നതിനു മുമ്പുതന്നെ കിണറിനു സ്ഥാനം കണ്ടെത്തണം. കിണർ കുത്തുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വീടിന്റെ സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ 7.5 മീറ്റർ അകലം വേണം. കിണർ കുത്തിയശേഷം വീട് പണിക്ക് ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചില്ലെങ്കിലും കുഴപ്പമില്ല. എന്നാല്‍ താമസം തുടങ്ങുംമുമ്പ് കിണർ വൃത്തിയാക്കി വെള്ളം ശുദ്ധമാക്കണം.
ആദ്യം കിണറില്‍ ഉള്ള വെള്ളം മുഴുവൻ പുറത്തു കളയണം. അതിനായി പമ്പോ തൊട്ടിയോ ഉപയോഗിക്കാം. തുടർന്ന് കിണറിനകത്തുള്ള ഇലകൾ, ചെളി തുടങ്ങിയ മാലിന്യങ്ങളെല്ലാം കളഞ്ഞ്, വൃത്തിയാക്കണം. അപ്പോഴെയ്ക്കും കിണറിൽ പുതിയ വെള്ളം ഊറിവന്നിട്ടുണ്ടാകും. ഈ വെള്ളം ശുദ്ധീകരിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ. ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ശുദ്ധീകരിക്കാം. 1000 ലിറ്റർ വെള്ളത്തിൽ 2.5 ഗ്രാം മുതൽ 5 ഗ്രാം വരെ ബ്ലീച്ചിങ് പൗഡർ ലയിപ്പിക്കുക. ഇത് അര മണിക്കൂറെങ്കിലും അനക്കാതെ വയ്ക്കണം. അതു കഴിഞ്ഞ് കാണുന്ന തെളിഞ്ഞ വെള്ളം മാത്രമെടുത്ത് കിണറിലേക്ക് ഒഴിക്കാം. തുടർന്ന് തൊട്ടി കിണറിനകത്ത് ഇട്ട് വെള്ളം ഇളക്കുക. ഈ പ്രക്രിയ എല്ലാം കഴിഞ്ഞ് ചുരുങ്ങിയത് 12 മണിക്കൂർ കഴിഞ്ഞു മാത്രമെ വെള്ളം വീട്ടാവശ്യത്തിനായി എടുക്കാവൂ.
ഉപയോഗശൂന്യമായ കിണർ
വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന പ്രക്രിയ നേരത്തെ വിവരിച്ചതുപോലെ തന്നെയാണ്. എന്നാൽ കിണർ വൃത്തിയാക്കുവാൻ ആൾ ഇറങ്ങുന്നതിനു മുമ്പ് ചില കരുതലുകൾ എടുക്കണം. വളരെ കാലം ഉപയോഗശൂന്യമായി കിടക്കുന്ന കിണറിൽ ഓക്സിജന്റെ അളവ് കുറവായിരിക്കും. കാർബൺഡൈഓക്സൈഡ്, കാർബൺ മോണോക്സൈഡ് തുടങ്ങിയ വിഷവാതകങ്ങൾ ഉണ്ടാകുകയും ചെയ്യാം. ഇത്തരം സാഹചര്യങ്ങളിൽ കിണറിൽ ഇറങ്ങുന്നത് വ്യക്തിയുടെ മരണത്തിലേക്കു വരെ നയിക്കാം. ഈ അവസ്ഥയിൽ ആദ്യം മെഴുകുതിരിയോ മറ്റോ കത്തിച്ച് കിണറ്റിലേക്ക് ഇറക്കുക. അതു കെട്ടുപോയാൽ അതിനർഥം അവിടെ ഓക്സിജന്റെ അളവ് കുറവാണെന്നാണ്.
ആറുമാസത്തിലൊരിക്കൽ
നിരന്തരം ഉപയോഗിക്കുന്ന കിണറാണെങ്കിലും ആറ് മാസം കൂടുമ്പോൾ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു വൃത്തിയാക്കുന്നതു നല്ലതാണ്. മഴക്കാലം തീരാറാകുമ്പോഴും വേനൽക്കാലത്തിന്റെ ആരംഭത്തിലും കിണർ വൃത്തിയാക്കാം.
കിണർ വൃത്തിയാക്കിയ ശേഷം വെള്ളം ഉപയോഗിക്കന്നതിനു മുമ്പ് കുറച്ച് സാമ്പിളെടുത്ത് ഒരു ലാബറട്ടറിയിൽ പരിശോധനയ്ക്കു നൽകുന്നത് നല്ലതാണ്. വെള്ളം എത്രത്തോളം ശുദ്ധമായെന്ന് ഇതു വഴി അറിയാൻ സാധിക്കും.
സൂര്യപ്രകാശം നല്ലതാണ്
കിണറിനുള്ളിലേക്ക് സൂര്യപ്രകാശം വീഴുന്നത് നല്ലത്. സൂര്യപ്രകാശത്തിലെ യു വി കിരണങ്ങൾക്ക് അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. എന്നാൽ മറയൊന്നും ഇല്ലാതെ കിണർ തുറന്നിടുന്നതു പക്ഷികളുടെ കാഷ്ഠവും മരങ്ങളിലെ ഇലകളും മറ്റും വീഴാൻ ഇടയാക്കും. നെറ്റ് പോലുള്ളവ കൊണ്ട് കിണർ മൂടിയിടാം. ഇരുമ്പ് കൊണ്ടുള്ള ഗ്രിൽ ഇടുന്നതും നല്ലതാണെങ്കിലും അവ തുരുമ്പ് പിടിക്കാതെ ശ്രദ്ധിക്കണം. നെറ്റ് ഇട്ടശേഷം അതിനു മുകളിൽ ഗ്രില്‍ സ്ഥാപിക്കാം. ഗ്രില്ലുകൾ പെയിന്റ് അടിച്ച ശേഷം കിണറിനു മുകളിൽ സ്ഥാപിക്കുക. മോട്ടർ ഉപയോഗിച്ചാണ് വെള്ളം എടുക്കുന്നതെങ്കിലും ഇടയ്ക്കിടയ്ക്ക് തൊട്ടി ഉപയോഗിച്ച് വെള്ളം ഇളക്കികൊടുക്കണം. മാസത്തിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യാം. ഇതിലൂടെ ഓക്സിജൻ വെള്ളത്തിൽ കൂടുതൽ നന്നായി ലയിക്കും.
ചുണ്ണാമ്പും ചിരട്ടക്കരിയും
കിണർ വൃത്തിയാക്കിയ ശേഷം ചിരട്ട കത്തിച്ച് വെള്ളത്തിലേക്ക് ഇടുന്നത് പണ്ടുകാലം മുതൽ ഉള്ള പതിവാണ്. ഇലകളും മറ്റും വീണ് ചില കിണറുകളിലെ വെള്ളത്തിനു നിറമുണ്ടാകും. ഈ നിറത്തെ ആഗിരണം ചെയ്യാനുള്ള കഴിവ് ചിരട്ട കരിക്ക് ഉണ്ട്. ചുണ്ണാമ്പ് കലക്കിയോ കിഴി കെട്ടിയോ ഇടുന്ന രീതിയും ഉണ്ട്. ചില വെള്ളത്തിന് അമ്ലത്വഘടകങ്ങൾ കൂടുതലുണ്ടാകും. ഇതു കാരണം വെള്ളത്തിന് പുളി രസവും അനുഭവപ്പെടാം. ഈ അമ്ലത്വ ഘടകത്തെ നിർവീര്യമാക്കാനാണ് ചുണ്ണാമ്പ് ഉപയോഗിക്കുന്നത്.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. മാധവൻ കോമത്ത്
സയന്റിസ്റ്റ്, സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്, കോഴിക്കോട്