ഇന്റർനെറ്റിന്റെയും അനുബന്ധ സേവനങ്ങളുടെയും വ്യാപ്തി ഇപ്പോൾ അതിരുകളില്ലാത്തതായിരിക്കുന്ന. രോഗങ്ങൾ എങ്ങനെ ചികിത്സിക്കാമെന്ന സംശയങ്ങളുൾപ്പടെയുള്ളവ പലരും അന്വേഷിച്ചു കണ്ടെത്തുന്നതും ഇന്റർനെറ്റ് വഴിയാണ്. മനുഷ്യന്റെ മാനസിക നില വരെ ഗൂഗിൾ പറഞ്ഞുതരുന്ന കാലം വിദൂരമല്ല. ഗൂഗിൾ ടെസ്റ്റിലൂടെ മാനസിക നില കണ്ടെത്താനുള്ള ഒരുക്കങ്ങൾ അമേരിക്കയിൽ തുടങ്ങിക്കഴിഞ്ഞു. ഗൂഗിളിൽ ഡിപ്രഷൻ എന്ന് സെർച്ച് ചെയ്യുകയാണ് ഇതിനായുള്ള ആദ്യപടി. ഇതിന് ശേഷം സ്ക്രീനിൽ ഡിപ്രഷനെക്കുറിച്ചുള്ള സകലകാര്യങ്ങളും വിവരിക്കുന്ന ഒരു പാനൽ തെളിഞ്ഞു വരും. പിന്നീടാണ് നമ്മൾ വിഷാദരോഗത്തിനടിമ ആണോയെന്നു മനസ്സിലാക്കാനുള്ള പരീക്ഷണമുണ്ടാകുക. ചോദ്യാവലികളിലൂടെയാണ് ഇതിനുള്ള ഉത്തരം ഗൂഗിൾ കണ്ടെത്തുന്നത്. നാഷണൽ അലയൻസ് ഓൺ മെന്റൽ ഇൽനെസ് എന്ന സംഘടനയും ഗൂഗിളിനൊപ്പം പുതിയ സംരംഭത്തിലുണ്ട്.ചില ഭക്ഷണസാധനങ്ങൾ മെനുവിലുൾപ്പെടുത്തുന്നതും വിഷാദരോഗം ഇല്ലാതാക്കാൻ സഹായിക്കും.
∙ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ- ശരീരത്തെ ഊർജ്ജസ്വലമാക്കുന്നതിന് ഏറ്റവും സഹായകമാണിത്. ഇത്തരം ഭക്ഷണങ്ങളിലെ ട്രിപ്റ്റോഫാൻ തലച്ചോറിൽ ഉണർവുണ്ടാക്കുന്ന സെറോടോണിൻ എന്ന രാസവസ്തുവിന്റെ നിർമാണത്തിനുപകരിക്കും.
∙ ബ്രഹ്മി- സമ്മർദങ്ങളെ അതിജീവിക്കുന്നതിനുള്ള പ്രധാന ഔഷധങ്ങളിലൊന്നാണിത്. മനസ്സിനെ ശാന്തമാക്കാനുള്ള സെറോടോണിന്റെ നിർമാണത്തിനും ബ്രഹ്മി നല്ലത്.
∙ അശ്വഗന്ധ- വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളായ സമ്മർദവും ഉൽകണ്ഠയും അശ്വഗന്ധയുടെ ഉപയോഗം ഇല്ലാതാക്കും. മാനസിക നില സാധാരണ നിലയിലാക്കുന്നതിനും അശ്വഗന്ധ ഉപകരിക്കും.
∙ വൈറ്റമിൻ ഡി- സൂര്യപ്രകാശത്തിൽ നിന്നാണ് ഇത് ലഭിക്കുക. വിഷാദരോഗം പിടിപെട്ടവരിൽ വൈറ്റമിൻ ഡിയുടെ അളവ് വളരെ കുറവാണുണ്ടാകുക.തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ഇത് അത്യാവശ്യമായതിനാൽ മത്സ്യങ്ങളും കുമിൾ, ഓറഞ്ച് ജ്യൂസ്, മുട്ട തുടങ്ങിയവയും കൂടുതൽ കഴിക്കാം.
∙ കരോട്ടീൻ അടങ്ങിയ ഭക്ഷണസാധനങ്ങൾ- കരോട്ടീന്റെ അളവ് കൂടുതലുള്ള ഭക്ഷണ സാധനങ്ങൾ കഴിക്കുന്നതും ഡിപ്രഷൻ അകറ്റാൻ നല്ലതാണ്. കാരറ്റ്, തക്കാളി എന്നിവയിൽ കരോട്ടിൻ സമൃദ്ധമാണ്.