ചിലരങ്ങനെയാണ്; ഒരുപാട് ചിന്തിച്ച് വട്ടായിപ്പോകും. മനഃശാസ്ത്രജ്ഞർ പറയുന്നത് ആവശ്യത്തിലധികം കാടുകയറി ചിന്തിക്കുന്നത് ഒരുതരം മാനസിക രോഗമാണെന്നാണ്. നിങ്ങൾക്കുണ്ടോ ചിന്തകളിൽ ഈ കാടുകയറ്റം.
∙മെസേജ് ഫോബിയ– വാട്സാപ്പിൽ വന്ന വ്യക്തിപരമായ ഒരു സന്ദേശം പിന്നെയും പിന്നെയും വായിച്ചുനോക്കി അതിന്റെ കുത്തും കോമയും മുതൽ അർഥവ്യാഖ്യാനം ചെയ്യുന്ന പതിവുണ്ടോ? അയച്ച ആൾ ഉദ്ദേശിക്കാത്ത അർഥം പോലും ചിലരിങ്ങനെ ആലോചിച്ചുകണ്ടെത്തിക്കളയും. കൂടുതലും യുവതീയുവാക്കളിലാണ് ഈ പ്രശ്നം കണ്ടുവരുന്നത്.
∙ ഓഫിസ് വിഷയം വീട്ടിലേക്ക്– ഓഫിസ് സമയം കഴിഞ്ഞ് വീട്ടിലെത്തിയാലും ചിലരുടെ തലയിൽ നിന്ന് ഓഫിസ് വിഷയങ്ങൾ ഇറങ്ങിപ്പോകില്ല. ചെയ്ത ജോലിയിൽ എന്തെങ്കിലും പ്രശ്നം വന്നോ? ഫയൽ കൃത്യമായിട്ടാണോ തയാറാക്കിയത്? അക്കൗണ്ട് ക്ലോസ് ചെയ്തോ? അങ്ങനെ നൂറു സംശയങ്ങൾ പിന്നെയും ബാക്കിയാകും. ചുരുക്കത്തിൽ വീട്ടിലും ഒരു സമാധാനമുണ്ടാകില്ല. ഇതും ഒരു രോഗാവസ്ഥയാണ്.
∙ ബോസിനെ പേടി– ചിലരുടെ ജീവിതത്തിലെ പ്രധാന വില്ലൻ ബോസ് ആണ്. ബോസ് എന്തിനാ അങ്ങനെ പറഞ്ഞത്? ചെയ്ത ജോലിയിൽ എന്തെങ്കിലും പ്രശ്നമുണ്ടായോ? ബോസ് നാളെ വിളിച്ച് വഴക്കുപറയുമോ? ചോദിച്ച ലീവ് കിട്ടുമോ? അങ്ങനെ നീളുന്നു ബോസ് വില്ലനാകുന്ന പ്രശ്നങ്ങൾ. ബോസിനോട് സൗഹാർദപരമായ സമീപനം ഉണ്ടാക്കിയാൽ മാത്രമേ ഇത് പരിഹരിക്കാനാകൂ
∙മറ്റുള്ളവർ എന്തു വിചാരിക്കും– മിക്കവരുടെയും പ്രശ്നമാണിത്. എന്തെങ്കിലും വെട്ടിത്തുറന്നു പറയണമെന്നു കരുതിയാലും മനസ്സിൽ അടക്കിവയ്ക്കും. മറ്റുള്ളവർ എന്തു വിചാരിക്കും എന്നതാണ് പ്രശ്നം. പിന്നെ ഇതുതന്നെ ആലോചിച്ചുകൊണ്ടിരിക്കും. വീർപ്പുമുട്ടൽ വല്ലാതെയാകുമ്പോൾ മാനസികപിരിമുറുക്കം കൂടും
∙പങ്കാളിയെ പേടി– പുറത്തുപറഞ്ഞില്ലെങ്കിലും മിക്കവർക്കും അവരുടെ ജീവിതപങ്കാളിയെ പേടിയാണ്. കറിവച്ചത് ഭർത്താവിന് ഇഷ്ടപ്പെട്ടോ, സാരി വാങ്ങിക്കൊടുത്തില്ലെങ്കിൽ ഭാര്യ എന്തു വിചാരിക്കും എന്നുതുടങ്ങി കിടപ്പറ വരെ നീളുന്നു ഇത്തരം പേടികൾ
മേൽപ്പറഞ്ഞവയിൽ എത്ര പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടെന്ന് ഒന്നു കണക്കെടുത്തുനോക്കൂ. എന്നിട്ടവയെ ഓരോന്നായി തരണം ചെയ്യാൻ ശ്രമിക്കുക. സ്വയം സാധിക്കുന്നില്ലെങ്കിൽ ഒരു ഡോക്ടറെ സമീപിക്കാം.
Read More : Health and Wellbeing