Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20 ലക്ഷത്തിന് പുതുക്കിപ്പണിത കിടിലൻ വീട്!

renovated-home-in-kottayam 3000 ചതുരശ്രയടിയുള്ള വീട് വീട്ടുകാരൻ തന്നെ നേരിട്ട് നിന്നു പുതുക്കിപ്പണിതെടുത്തപ്പോൾ ചെലവായത് വെറും 20 ലക്ഷം രൂപ മാത്രം.

പഴയ വീടു പുതുക്കുന്നതാണോ അതോ പുതിയതൊന്നു പണിയുന്നതാണോ ലാഭകരം? നല്ലൊരു വീട് സ്വപ്നം കാണുന്നവർ‍ ഒരിക്കലെങ്കിലും ഈ ചോദ്യത്തിന് ഉത്തരം തേടിയിട്ടുണ്ടാകും. നിലവിലുള്ള വീടിന്റെ അവസ്ഥ, കയ്യിലുള്ള കാശ്, ഏർ‍പ്പെടുത്തേണ്ട സൗകര്യങ്ങൾ, സ്ഥല- സാമഗ്രികളുടെ ലഭ്യത, വാഹന സൗകര്യം തുടങ്ങി പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും ഇതിനുള്ള ഉത്തരം. 

ഇവിടെ കോട്ടയത്ത് എസ്എച്ച് മൗണ്ടിൽ ശ്രാമ്പിച്ചിറ വീട് പുതുക്കിപ്പണിയുന്ന കാര്യം ആലോചിച്ചപ്പോൾ വീട്ടുകാർ‍ക്കും ഗൃഹനാഥനായ ജെയിംസ് ജോസഫിനും ഇത്തരമൊരു ശങ്കയുണ്ടായിരുന്നു. ജലശുദ്ധീകരണവുമായി ബന്ധപ്പെട്ട ബിസിനസ്സാണ് ജെയിംസ് ചെയ്യുന്നത്. പല വീടുകളിലും ഇത്തരം പ്ലാന്റുകൾ സ്ഥാപിച്ചു നൽകാറുണ്ട്. അതു വഴി ആ വീട്ടുകാരുമായൊക്കെ നല്ല പരിചയവും ഉണ്ട്. പുതിയ വീടു പണിതു കടത്തിലായവരുടെയും പഴയ വീട് പുതുക്കിപ്പണിതു കൈപൊള്ളിയവരുടെയും അവസ്ഥ ഇദ്ദേഹത്തിനു നേരിട്ടറിയാം. അപ്പോൾ സ്വന്തം വീടു പുതുക്കിപ്പണിയണമെന്ന അവസ്ഥ വരുമ്പോൾ രണ്ടോ മൂന്നോ വട്ടം ആലോചിക്കാതെ തീരുമാനമെടുക്കാൻ ആവില്ലല്ലോ.

old-home-before-renovation പഴയ വീട്

ഏകദേശം നാൽപതു  വർ‍ഷത്തെ പഴക്കമുള്ളൊരു വീടാണിത്. 2008 ൽ ആണ് ജെയിംസ് ഇതു വാങ്ങിയത്. പല തവണ കൂട്ടിച്ചേർ‍ക്കലുകൾ നടത്തിയ വീട്. ഓടും ആസ്ബസ്റ്റോസ് ഷീറ്റും കോണ്‍ക്രീറ്റുമെല്ലാം മേൽക്കൂരയിൽ ഈ കൂട്ടിച്ചേർ‍ക്കലുകൾക്ക് തെളിവുകളായി അവശേഷിക്കുന്നു. ഇവിടെ കുടുംബസമേതം താമസം തുടങ്ങാൻ തീരുമാനിച്ചപ്പോൾ ഒരു വാസ്തുവിദഗ്ധന്റെ സഹായം തേടി. പടിഞ്ഞാറോട്ടായിരുന്നു വീടിന്റെ ദർ‍ശനം. ഇടതുവശത്ത് ഉയർ‍ന്നു നിൽക്കുന്ന സ്‌കൂൾ കെട്ടിടം. മുറ്റം തീരെ കുറവായിരുന്നു എന്നൊരു പോരായ്മയും പഴയ വീടിനുണ്ടായിരുന്നു. 

എന്തായാലും പോരായ്മകളെയും പാകപ്പിഴകളെയും മറികടക്കാൻ വാസ്തുവിദഗ്ധൻ നിർ‍ദേശിച്ചതനുസരിച്ച് ഏതാനും മാറ്റങ്ങൾ അനിവാര്യമായി. അതിൽ പ്രധാനം വീടിന്റെ ദർ‍ശനം ഏറ്റവും ഉത്തമമായ കിഴക്കോട്ട് ആക്കുക എന്നതായിരുന്നു. അങ്ങനെ ചെയ്താൽ ആവശ്യത്തിനു മുറ്റവും നല്ലൊരു കാർ‍പോർ‍ച്ചും അഡീഷണൽ ബെനിഫിറ്റായി കിട്ടും. അതോടെ അക്കാര്യത്തിൽ തീരുമാനമായി. വീടു പുതുക്കിപ്പണിയാമെന്നു തന്നെ നിശ്ചയിച്ചു. അടുത്ത പടി ബജറ്റായിരുന്നു. അന്തവും കുന്തവുമില്ലാതെ ബജറ്റ് ഉയർ‍ന്നാൽ കാര്യങ്ങൾ പന്തിയല്ലാതാകുമെന്ന് അറിയാമായിരുന്ന ഗൃഹനാഥൻ ഭംഗിയെക്കാൾ ഉപരി ആവശ്യങ്ങൾക്കാണു പ്രാധാന്യം കൽപിച്ചത്. പൊളിച്ചു മാറ്റുന്നതും പുതിയതു വയ്ക്കുന്നതും ഏറ്റവും കുറയ്ക്കാനായി പിന്നീടുള്ള ശ്രമം. അതനുസരിച്ച് പ്ലാൻ തയാറാക്കി.

renovated home living വ്യത്യസ്തമായ കബോർഡുകളും പാർട്ടീഷനും

വലുപ്പമേറിയൊരു കാർ‍പോർ‍ച്ച്, രണ്ടു കാറുകൾക്ക് ഒരേ സമയം പാർ‍ക്ക് ചെയ്യാവുന്ന തരത്തിൽ, അതു ഗൃഹനാഥന്റെ ഒരു സ്വപ്നമായിരുന്നു. അതിൽ വിട്ടുവീഴ്ച നടത്തിയില്ല. വീടിനകത്തെ ചില ഭിത്തികൾ പൊളിച്ചുമാറ്റി ജനാലകളും വാതിലുകളും നിലവിലുള്ള സ്ഥാനത്തുനിന്ന് അങ്ങോട്ടും ഇങ്ങോട്ടും മാറ്റിവയ്‌ക്കേണ്ടി വന്നു. വീടിന്റെ പിൻഭാഗം മുൻഭാഗമായി മാറ്റാൻ വേണ്ടിയായിരുന്നു അതെല്ലാം. പഴയ മുൻവാതിൽ തന്നെയാണ് ഇപ്പോഴും ഈ വീട്ടിലുള്ളത്. അത് ഇളക്കിക്കൊണ്ടുവന്നു കിഴക്കുവശത്ത് ഉറപ്പിക്കേണ്ടി വന്നുവെന്നു മാത്രം.

renovated-living ലിവിങ് സ്‌പേസ്

സിറ്റൗട്ടിലേതുൾപ്പെടെ രണ്ടു ജനാലകൾ മാത്രം പുതുതായി പണിതു. പല കാലഘട്ടത്തിൽ കൂട്ടിച്ചേർ‍ക്കലുകൾ നടത്തിയതുകൊണ്ട് ജനാല അഴികളുടെ പാറ്റേൺ വ്യത്യസ്തമായിരുന്നു. മൂന്നു പാളി ജനാലകളിൽ ചിലത് രണ്ടു പാളിയും ഒറ്റപ്പാളിയുമൊക്കെയായി സൗകര്യം പോലെ മാറ്റിയിട്ടുണ്ട്. നേരത്തേ എട്ടോ പത്തോ ചെറിയ മുറികളായി കിടന്നിരുന്ന വീട്ടിൽ ഇപ്പോൾ മൂന്ന് അറ്റാച്ച്ഡ് ബെഡ്‌റൂമുകൾ ഉണ്ട്. ഡ്രോയിങ് റൂമും ലിവിങ് ഏരിയായും തമ്മിൽ വേർ‍തിരിക്കുന്നത് ലാമിനേറ്റഡ് എച്ച്ഡിഎഫിൽ തീർ‍ത്തിരിക്കുന്ന വലിയൊരു ഷെൽഫാണ്. ഇതിനോടടുത്തു തന്നെ ടിവി യൂണിറ്റും സെറ്റ് ചെയ്തിരിക്കുന്നു.

ബെഡ്‌റൂമുകളിലെ കബോർ‍ഡുകളും കിച്ചൺ കാബിനറ്റുകളുമെല്ലാം എച്ച്ഡിഎഫിൽ തന്നെ തീർ‍ത്തെടുത്തതാണ്. ലാമിനേഷനും ഓട്ടമോട്ടീവ് പെയിന്റ്‌സും ഫിനിഷിങ്ങിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. വീടിന്റെ രൂപത്തിനു കാതലായ മാറ്റം വരുത്തിയില്ലെങ്കിലും ഫ്‌ളോറിങ് മുഴുവനും മാറ്റി. വിട്രിഫൈഡ്- സിറാമിക് ടൈൽസുകൾക്കൊപ്പം ബോർ‍ഡർ‍ നൽകാനും അടുക്കളയിലെ പാതകത്തിനുമായി കറുത്ത നിറത്തിലുള്ള ഗ്രാനൈറ്റ് ഉപയോഗിച്ചു. അടുക്കള കൂടാതെ വർ‍ക്ക് ഏരിയ എന്നു പറയാവുന്ന വിധത്തിൽ ഒരു മുറി ഈ വീട്ടിലില്ല.  

renovated-home-bedroom-kottayam കിടപ്പുമുറി

ബ്ലാക്ക്, വൈറ്റ്, ഗ്രേ നിറങ്ങളുടെ കോംപിനേഷൻ വീട്ടുകാർ‍ക്ക് പ്രിയപ്പെട്ടതായതു കൊണ്ട് അതു തന്നെ പെയിന്റിങ്ങിലും പിന്തുടർ‍ന്നു. പുട്ടിയിട്ട് ഫിനിഷ് ചെയ്തവയാണ് ഭിത്തികൾ. വീട്ടിലെ വയറിങ്-പ്ലംബിങ് എല്ലാം പുതിയതു തന്നെ ചെയ്തു. നേരത്തേ സൂചിപ്പിച്ചതു പോലെ ഓട്, ആസ്ബസ്റ്റോസ്, കോൺക്രീറ്റ് റൂഫിങ് ഉള്ളതിനാൽ വീടിനുൾവശത്തെ സീലിങ് ഓരോ ഭാഗത്തും വ്യത്യസ്തമാണ്. ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി അതെല്ലാം അതിൻപടി നിലനിർ‍ത്തി. ഡിസൈനർ‍ ക്ലേ ടൈലുകൾ പതിച്ച സീലിങ്ങാണ് കോണ്‍ക്രീറ്റ് റൂഫ് ഉള്ളയിടങ്ങളിൽ. ഓടും ആസ്ബസ്റ്റോസും ഉള്ള ഭാഗത്തെല്ലാം നേരത്തേ നൽകിയിട്ടുള്ള സിമന്റ് ബോർ‍ഡ് ഫോൾസ് സീലിങ് ഉണ്ട്. അതിന്റെ പോരായ്മകൾ പരിഹരിച്ച് പുട്ടിയിട്ടു ഫിനിഷ് ചെയ്തു. കൂടെ ജിപ്‌സം കോർ‍ണിഷ് ഉപയോഗിച്ച് വശങ്ങളും മൂലകളും ഭംഗിയാക്കി. 

renovated-interior-space-kottayam

ഇരുമ്പു സ്റ്റാൻഡിൽ ഉയർ‍ത്തിയാണ് ഈ വീട്ടിലെ വാട്ടർ‍ ടാങ്ക് വച്ചിരിക്കുന്നത്. വീടിന്റെ മുൻഭാഗത്തുനിന്ന് ഇതിന്റെ കാഴ്ച അരോചകമായതിനാൽ അതിനു ചുറ്റും ഉയരത്തിൽ കട്ട കെട്ടി ഒരു ടവർ‍ രൂപം നൽകിയിരിക്കുന്നു. കൊച്ചിയിൽ നിന്ന് എത്തിച്ച ഫ്‌ളൈ ആഷ് ബ്രിക്കുകളാണ് ഇതിനുപയോഗിച്ചത്. വളരെക്കുറഞ്ഞ ഭാരമേ ഈ ബ്രിക്കുകൾക്കുള്ളൂ. വീടിനു മുകളിലേക്കു കയറാൻ നിലവിൽ സ്റ്റെയർ‍കേസൊന്നും നൽകിയിട്ടില്ല. തുണി ഉണക്കാനും മറ്റും വിശാലമായ മുറ്റമുള്ളപ്പോൾ അത്തരമൊരു സംവിധാനം ആവശ്യമില്ലെന്ന നിലപാടാണ് വീട്ടുകാർ‍ക്ക്. ചെലവുചുരുക്കലിനു അതും സഹായകരമായി. ഏകദേശം 3000 ചതുരശ്രയടിക്ക് അടുത്താണ് ഈ വീടിന്റെ വിസ്തീർ‍ണം.

renovated-home-kitchen-kottayam അടുക്കള

ഡിസൈൻ തയാറാക്കിയ ശേഷം സാമഗ്രികൾ വാങ്ങിക്കൊടുത്ത് ജോലിക്കാരെ ഏർ‍പ്പെടുത്തിയായിരുന്നു പുതുക്കിപ്പണിയൽ. ഓരോ ഘട്ടത്തിലും വീട്ടുകാരന്റെ കൃത്യമായ ഇടപെടലുകൾ ഉണ്ടായിരുന്നു. അതു വീടിനും വീട്ടുകാരനും ഗുണകരമായി.  

house-owner-family ജയിംസ് ജേക്കബും കുടുംബവും

ചിത്രങ്ങൾ

അമിത് കുമാർ