10 ലക്ഷത്തിനു പുതിയ മുഖം!

ഗിമ്മിക്കുകൾ കാട്ടാതെ ഓരോ ഇടത്തിനും ഉപയുക്തത നൽകി ഇന്റീരിയർ ഒരുക്കിയതാണ് പുതുക്കിപ്പണി 10 ലക്ഷത്തിൽ ഒതുക്കാൻ സഹായിച്ചത്.

20 വർഷം പഴക്കമുള്ള ഇരുനില വീട്ടിൽ സ്ഥലപരിമിതിയും അസൗകര്യങ്ങളും വർധിച്ചപ്പോഴാണ് ഉടമസ്ഥൻ പുതുക്കിപ്പണിയെ കുറിച്ച് ചിന്തിച്ചത്. പരിമിതമായ ബജറ്റിൽ നിന്നുകൊണ്ട് പരമാവധി മാറ്റങ്ങൾ...അതായിരുന്നു പ്ലാൻ.

പഴയ വീട്

10 സെന്റിൽ 2000 ചതുരശ്രയടിയിലാണ് വീട് പുതുക്കി നിർമിച്ചത്. നാലു കിടപ്പുമുറികൾ, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക് ഏരിയ എന്നിവയാണ് പ്രധാനമായും വീട്ടിലുള്ളത്. 

മാറ്റങ്ങൾ 

  • ലിവിങ്ങിനും ഡൈനിങ്ങിനുമിടയിൽ ഉണ്ടായിരുന്ന ഭിത്തി ഇടിച്ചു കളഞ്ഞതോടെ പ്രധാന ഹാളിനു കൂടുതൽ വിശാലത കൈവന്നു.
  • മുകൾനിലയിൽ ഒരു കിടപ്പുമുറി, ബാൽക്കണി, സിറ്റ് ഔട്ട് എന്നിവ പുതിയതായി കൂട്ടിച്ചേർത്തു.
  • പഴയ റെഡ് ഓക്സൈഡ് അടിച്ച തറ മാറ്റി വിട്രിഫൈഡ് ടൈലുകൾ മേഞ്ഞു.
  • പഴയ വയറിങ് മാറ്റി പരിഷ്കരിച്ചു.

സിറ്റ് ഔട്ടിന് വശത്തായി കാർ പോർച്ച് നൽകി. മുകൾനില ട്രസ് ചെയ്ത് ഓടുപാകി. പുറംകാഴ്ചയിൽ കണ്ണുടക്കുന്നത് മുകൾനിലയിൽ ബ്രിക് ക്ലാഡിങ് ചെയ്ത ഭിത്തിയിലാണ്. മുകളിലെ സിറ്റ് ഔട്ടിൽ ജിഐ പില്ലറുകൾ നൽകി. ഇതിൽ വൈറ്റ് പെയിന്റ് ഫിനിഷ് നൽകി. ഇതോടെ വീടിന്റെ ലുക്&ഫീൽ മാറിമറിഞ്ഞു. 

അകത്തളങ്ങളിൽ കൃത്രിമമായ സൗന്ദര്യം കുത്തിനിറയ്ക്കാൻ ശ്രമിച്ചിട്ടില്ല. വളരെ ലളിതമായി ഇന്റീരിയർ ചെയ്തു. അകത്തെ ഭിത്തികളുടെ പുനർക്രമീകരണത്തിലൂടെയാണ് സ്ഥലലഭ്യത നൽകിയത്. ലിവിങ്- ഡൈനിങ് ഓപ്പൺ ശൈലിയിലാണ്. 

നാലു പേർക്കിരിക്കാവുന്ന ചെറിയ ഊണുമേശ. സമീപം വെനീർ പാനലിങ് നൽകി ടിവി യൂണിറ്റ് ഒരുക്കി. ലളിതമായ അടുക്കള. സ്‌റ്റോറേജ് സൗകര്യത്തിനു വാഡ്രോബുകളും നൽകി.

കിടപ്പുമുറികളിൽ അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യമൊരുക്കി. ബ്ലൈൻഡ് കർട്ടനുകൾ ഇന്റീരിയറിനു ഭംഗിയേകുന്നു. 

ചെലവ് കുറച്ച ഘടകങ്ങൾ 

  • പഴയ ഫർണിച്ചർ പോളിഷ് പുനരുപയോഗിച്ചു
  •  ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ട് നൽകി
  • ചെലവ് കുറഞ്ഞ ടൈലുകൾ ഉപയോഗിച്ചു
  • പരമാവധി സ്ഥലലഭ്യത നൽകി 

ക്രോസ്സ് വെന്റിലേഷൻ നൽകിയ അകത്തളങ്ങളിൽ ചൂട് വളരെ കുറവാണ്. ചുരുക്കത്തിൽ ഗിമ്മിക്കുകൾ കാട്ടാതെ ഓരോ ഇടത്തിനും ഉപയുക്തത നൽകി ഇന്റീരിയർ ഒരുക്കിയതാണ് പുതുക്കിപ്പണി 10 ലക്ഷത്തിൽ ഒതുക്കാൻ സഹായിച്ചത്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Munduparamba, Malappuram

Plot- 10 cent

Area- 2000 SFT

Owner- Noushad

Designer- Riyas Cherayyakudh

Covo Architecture Studio, Malappuram

Completion year- 2017

Budget- 10 Lakh

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.