മനസിലുള്ള സൗകര്യങ്ങൾ എല്ലാമുള്ള പുതിയ വീട് പണിയണമെങ്കിൽ ചുരുങ്ങിയത് 45 ലക്ഷം രൂപയെങ്കിലുമാകും. എന്നാൽ കയ്യിൽ വാരിക്കോരി ചെലവഴിക്കാൻ പൈസയുമില്ല. പഴയ ഇരുനില ടെറസ് വീട്ടിൽ അസൗകര്യങ്ങൾ പെരുകിത്തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് ഉടമസ്ഥൻ പുതുക്കിപ്പണിയെ കുറിച്ച് ചിന്തിച്ചത്.
അങ്ങനെ ഡിസൈനർ വാജിദ് റഹ്‌മാനെ സമീപിച്ചു. വാജിദ് തന്റെ ശൈലിയിൽ ചെലവുചുരുക്കി വീടിനെ പുതിയ കാലത്തേക്ക് മാറ്റിയെടുത്തു. മലപ്പുറം മേലാറ്റൂർ എന്ന സ്ഥലത്താണ് 2200 ചതുരശ്രയടിയിൽ പുതിയ വീട് തലയുയർത്തി നിൽക്കുന്നത്.
സ്ട്രക്ച്ചറിൽ അധികം പൊളിച്ചു പണികൾ ചെയ്യാതെ ഇടങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് സ്ഥലപരിമിതിക്ക് പരിഹാരം കണ്ടത്. പഴയ സ്ളാബ് അതേപടി നിലനിർത്തി കോൺക്രീറ്റ് കട്ട് ചെയ്യാതെ ട്രസ് റൂഫ് ഇട്ടു. ഇതിനു മുകളിൽ റൂഫ് ടൈലുകൾ കൂടി മേഞ്ഞതോടെ വീടിന്റെ പുറംകാഴ്ച തന്നെ മാറിപ്പോയി! പുറംഭിത്തികളിൽ എക്സ്പോസ്ഡ് ബ്രിക് വർക്കുകളും കാണാം. കാർ പോർച്ച് കടന്നു വിശാലമായ വരാന്ത നൽകിയിട്ടുണ്ട്.
വീട്ടിൽ കാറ്റും വെളിച്ചവും എത്തുന്നത് കുറവായിരുന്നു. ഇടങ്ങൾക്ക് സ്ഥലലഭ്യതയും കുറവായിരുന്നു. അപ്രധാനമായ ചുവരുകൾ പൊളിച്ചു കളഞ്ഞു. ഇതോടെ ലിവിങ്-ഡൈനിങ് സെമി-ഓപ്പൺ ശൈലിയിലേക്ക് മാറി. കൂടുതൽ സ്ഥലലഭ്യതയും കൈവന്നു.
സ്റ്റീലിൽ തീർത്ത കൂടുതൽ ജനാലകൾ നൽകി. അതോടെ വെന്റിലേഷൻ പ്രശ്നത്തിനും പരിഹാരമായി. ഒരു കിടപ്പുമുറി, പുതിയ സൗകര്യങ്ങളുള്ള അടുക്കള, വർക്ക് ഏരിയ എന്നിവയാണ് പുതുതായി കൂട്ടിച്ചേർത്തത്.
നാലു കിടപ്പുമുറികൾ, അറ്റാച്ച്ഡ് ബാത്റൂമുകൾ, ലിവിങ്, ഡൈനിങ്, പ്രയർ സ്‌പേസ് എന്നിവയും അകത്ത് ഒരുക്കിയിരിക്കുന്നു.
എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. ഗോവണിയുടെ പടികളിൽ റബ്‌വുഡ് പൊതിഞ്ഞു. ജിഐ ഫ്രയിമിൽ വൈറ്റ് പെയിന്റ് അടിച്ച് കൈവരികളായി നൽകി. ഒപ്പം ടഫൻഡ് ഗ്ലാസുമുണ്ട്.
അടുക്കളയിൽ സ്ലോപ് റൂഫ് അതേപടി നിലനിർത്തിയാണ് ഫർണിഷ് ചെയ്തത്. നാനോവൈറ്റാണ് കൗണ്ടറുകൾക്ക് നൽകിയത്. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിരിക്കുന്നു.
25 ലക്ഷം രൂപയാണ് സ്ട്രക്ച്ചറിന് ചെലവായത്. ഫർണിഷിങ്, ലാൻഡ്സ്കേപ്പിങ് എന്നിവയ്ക്ക് 5 ലക്ഷവും ചെലവായി. അങ്ങനെ മൊത്തം 30 ലക്ഷം രൂപയ്ക്ക് എല്ലാ സൗകര്യങ്ങളുമുള്ള പുതുമോടിയുള്ള വീട് റെഡിയായി.
ചിത്രങ്ങൾ- അജീബ് കൊമാച്ചി
Project Facts
Location- Melattur, Malappuram
Area- 2200 SFT
Owner- Shanavas
Designer- Vajid Rahman
Hierarchitects, Mankada
Mob- 9746875423