ഒരുപാട് പഴക്കമൊന്നും ഉണ്ടായിരുന്നില്ല നാദാപുരത്തിനടുത്ത് ചെറുമോത്തുള്ള ചെറിയ കോറോത്ത് വീടിന്. തൊണ്ണൂറുകളുടെ മധ്യത്തിലാണ് സി.കെ. ജമാലും കുടുംബവും ആശിച്ചു മോഹിച്ച് ഇരുനില വീട് പണിതത്. അന്ന് സ്റ്റൈലിനോ ഫാഷനോ ഒന്നും ഒരു കുറവുണ്ടായിരുന്നില്ല. പക്ഷേ, ഇരുപതു വർഷം കഴിഞ്ഞതോടെ കഥ മാറി. ചുറ്റും ചുള്ളൻ വീടുകൾ ഉയർന്നതോടെ നമ്മുടെ കഥാനായകൻ മാത്രം ഏതോ പുരാതന ലോകത്തു നിന്ന് വന്നതുപോലെയായി. അഞ്ചു മക്കളാണ് ജമാലിന്. അവരൊക്കെ വളർന്നു വലുതാകുക കൂടി ചെയ്തതോടെ മുറികൾ തികയാതെയുമായി. അപ്പോഴാണ് വീട് പുതുക്കാന്‍ തീരുമാനിക്കുന്നത്.
വീട്ടിൽത്തന്നെ താമസിച്ചു കൊണ്ട് പണികൾ നടത്തേണ്ടതിനാല്‍ ഭിത്തി പൊട്ടിക്കുന്നതും മുറികൾ പൊളിക്കുന്നതുമൊക്കെ കഴിവതും ഒഴിവാക്കണമെന്നായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. ഇതനുസരിച്ച് വീടിനെ രണ്ടു ഭാഗങ്ങളായി തിരിച്ച് പണികൾ പൂർത്തിയാക്കുന്ന രീതിയാണ് ഡിസൈനർമാരായ സോബിനും ഷാലിഖും നടപ്പിലാക്കിയത്.
മുൻഭാഗം അപ്പാടെ മാറി
ചുറ്റുപാടുമുള്ള പുതിയ വീടുകളോട് കിടപിടിക്കുന്ന മുഖസൗന്ദര്യമാണ് പുതുക്കലിലൂടെ കൈവന്നത്. ഇതിനായി മുൻഭാഗത്തുണ്ടായിരുന്ന സൺഷേഡ് മുഴുവനായി മാറ്റി. മുകളിലെ കിടപ്പുമുറിയോട് ചേർന്ന് ഒരു ബാൽക്കണി കൂട്ടിച്ചേർത്തു. പോർച്ചിനു മുകളിലുണ്ടായിരുന്ന പഴയ ബാൽക്കണിയെ പുതുക്കിയെടുത്തു. സ്റ്റീൽ ട്രസ്സിൽ ഓടുമേഞ്ഞ മേൽക്കൂരയാണ് രണ്ട് ബാൽക്കണിക്കും. ഇതാണ് ഫ്രണ്ട് എലിവേഷന് ഭംഗി പകരുന്ന പ്രധാന ഘടകവും. ഒരു ബാൽക്കണിക്കു താഴെ കരിങ്കല്ല് പതിപ്പിച്ച ഷോവോൾ കൂടി വന്നതോടെ വീടിന്റെ ‘ലുക്ക്’ അപ്പാടെ മാറി.
കാന്റിലിവർ സ്ലാബ് രീതിയിലുള്ള മേൽക്കൂരയായിരുന്നു പഴയ പോർച്ചിന്. ഇതിനോട് സ്റ്റീൽ ഐ സെക്ഷൻ കൂട്ടിച്ചേർത്ത് പോർച്ചിന്റെ വലുപ്പം കൂട്ടി. മുന്നിലെ ഓടുമേഞ്ഞ സൺഷേഡ് മാറ്റി പകരം പർഗോള ഡിസൈനിലുള്ള ഷേഡ് നൽകി. കാർപോർച്ചിനു മുകൾ ഭാഗത്ത് കുത്തനെ ചരിഞ്ഞ മേൽക്കൂരയായിരുന്നു മുമ്പുണ്ടായിരുന്നത്. ഇതിന്റെ അഭംഗി മാറ്റാൻ പുതുതായി കൂട്ടിച്ചേർത്ത ഭാഗത്ത് ഷോവോൾ പണിത് അതിൽ ഇഷ്ടികയുടെ ഡിസൈനിലുള്ള ക്ലാഡിങ്ങ് ടൈൽ ഒട്ടിച്ചു. തടി, സ്റ്റീൽ എന്നിവകൊണ്ടുള്ള പാർട്ടീഷൻ നൽകി സിറ്റ്ഔട്ടിന്റെയും ഫോയറിന്റെയും മോടികൂട്ടുക കൂടി ചെയ്തതോടെ വീടിന്റെ പ്രായമേറെ കുറഞ്ഞു.
അധികമൊന്നും പൊളിച്ചില്ല
കാര്യമായ പൊളിക്കലൊന്നും കൂടാതെയായിരുന്നു വീടുപുതുക്കൽ. താഴത്തെ നിലയുടെ ഒരു ഭാഗത്തായി ഫാമിലി ലിവിങ്, അടുക്കള, പാൻട്രി ഏരിയ, പാർട്ടി ഏരിയ എന്നിവയാണ് കൂട്ടിച്ചേർത്തത്. പഴയ ലിവിങ് റൂമിന്റെ ചുവരു മാത്രമേ പൊളിച്ചു കളയേണ്ടതായി വന്നുള്ളു.
മുകളിൽ ഓപൺ ടെറസിൽ രണ്ട് കിടപ്പുമുറികൾ പുതിയതായി പണിതു. അതോടെ കിടപ്പുമുറികളുടെ എണ്ണം അഞ്ചായി.
മാർബിൾ വിരിച്ച തറയായിരുന്നു പഴയ വീടിന്. ഇത് മുഴുവൻ മാറ്റി കോമൺ ഏരിയയിൽ ഇറ്റാലിയൻ മാർബിളും മറ്റിടങ്ങളിൽ ലാമിനേറ്റഡ് വുഡും വിട്രിഫൈഡ് ടൈലും വിരിച്ചു. വയറിങ്, പ്ലമിങ് എന്നിവയും ഒട്ടുമുക്കാലും മാറ്റി. മുൻവശത്തെ വാതിലുകളും ജനലുകളും മാറ്റി. തേക്കു കൊണ്ടുള്ളതാണ് പുതിയ വാതിലും ജനലുമെല്ലാം. പുതിയ ഇന്റീരിയറിന് ഇണങ്ങുന്ന ഡിസൈനിലുള്ള ഫർണിച്ചറും പണിയിച്ചെടുത്തു.
കോമൺ ഏരിയയിലും കിടപ്പുമുറികളിലും ഫോൾസ് സീലിങ്ങ് കൊടുത്ത് അതിൽ എൽഇഡി ലൈറ്റുകളും നൽകി. പെയിന്റിങ് മുഴുവനായി മാറ്റി. വോൾപേപ്പറും ടെക്സ്ചർ പെയിന്റുമെല്ലാം നൽകി ചുവരുകൾ ഹൈലൈറ്റ് ചെയ്തതോടെ ഇന്റീരിയറിന്റെ പകിട്ടും കൂടി.
ഇപ്പോൾ കെട്ടിലും മട്ടിലുമെല്ലാം ഏത് ചുള്ളൻവീടിനോടും കിടപിടിക്കും ‘ചെറിയ കോറോത്ത്’ വീട്.
മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ
∙ 22 വർഷം പഴക്കമുള്ള ഇരുനില വീടിനെ ആധുനികശൈലിക്കിണങ്ങുംവിധം പുതുക്കിയെടുത്തു.
∙ ഫാമിലി ലിവിങ്, അടുക്കള, പാൻട്രി ഏരിയ, രണ്ട് കിടപ്പുമുറികൾ എന്നിവ കൂട്ടിച്ചേർത്തു. എലിവേഷൻ മാറ്റിയെടുത്തു.
∙ 2000 ചതുരശ്രയടിയായിരുന്നു പഴയ വീടിന്റെ വിസ്തീർണം. പുതുക്കിയപ്പോൾ വലുപ്പം 3200 ചതുരശ്രയടിയായി.
∙ ഫ്ലോറിങ്, വയറിങ്, പ്ലമിങ് എന്നിവ മാറ്റി. മുൻവശത്തെ വാതിലും ജനലും മാറ്റി. ഫർണിച്ചര്‍ പുതിയത് പണിതു.