തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറയിൽ എം.സി റോഡിനോട് ചേർന്നുള്ള 10 സെന്റ് പ്ലോട്ടിന് ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു. പ്രധാന പാതയിൽ നിന്നും കുത്തനെ താഴേക്ക് ഇറങ്ങി, അമ്പുപോലെ കിടക്കുന്ന സ്ഥലം. വീതി കുറവ്, സമീപം ഒരു ബഹുനില കെട്ടിടവും. എന്നാൽ പ്ലോട്ടിന്റെ ലൊക്കേഷൻ ആരേയും മോഹിപ്പിക്കുന്ന ഒന്നാണ്. തിരുവനന്തപുരം സ്വദേശിയായ അനിൽകുമാർ ആ സ്ഥലം മേടിക്കാൻ ആലോചിച്ചപ്പോൾ പലരും പിന്തിരിപ്പിച്ചു. അനിൽ ആർക്കിടെക്ട് ആസിഫ് അഹ്‌മദിനെ സ്ഥലം കൊണ്ട് പോയി കാണിച്ചു. ഇവിടെ വീട് പണിതുതരാം എന്ന ആസിഫിന്റെ ഉറപ്പിന്റെ പിൻബലത്തിലാണ് സ്ഥലം വാങ്ങിക്കുന്നത്.
പുറത്തല്ല, അകത്താണ് കാഴ്ചകൾ
പുറമേ നിന്നു നോക്കിയാൽ വീട് കാണാനാവില്ല എന്നതിനാൽ സാധാരണ വീടുകളിലേതുപോലെ ഈ വീടിന് പുറംകാഴ്ചയ്ക്ക് പ്രാധാന്യമില്ല. ഫങ്ഷണൽ ആയ അകത്തളങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. മൂന്നു ലെവലുകളിലാണ് മൂവായിരം സ്ക്വയർഫീറ്റിലുള്ള വീട്. അതിന്റെ നടുവിലത്തെ ലെവലിലേക്ക് ആണ് വഴിയിൽ നിന്നും ചെന്നു കയറുന്നത്.
ഫസ്റ്റ് ഫ്ലോറില്‍ കാർപോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, രണ്ടു കിടപ്പുമുറികൾ, ഒരു സ്റ്റഡി ഏരിയ പിന്നെ മുകളിലേക്കും താഴേക്കുമുള്ള സ്റ്റെയർകേസ് ഇത്രയുമാണ് ഉള്ളത്. ഗ്രൗണ്ട് ഫ്ലോറിലാകട്ടെ ഒരു കോർട്‌യാർഡ്, ഡൈനിങ്, ലിവിങ് ഏരിയകൾ, ഓപ്പൺ കിച്ചൻ, വർക്കേരിയ, ഒരു ബെഡ്റൂം, കൂടാതെ ഹോം തിയറ്ററും ഒരുക്കി.
ഏറ്റവും മുകൾ നിലയിൽ ഒരു ബ്രിഡ്ജ് ഏരിയ, രണ്ട് കിടപ്പുമുറികൾ ഇത്രയുമാണുള്ളത്. മൊത്തത്തിൽ 5 കിടപ്പുമുറികളോടു കൂടിയ എല്ലാ ആധുനിക സജ്ജീകരണങ്ങളും ഉള്ള വീട്. എല്ലാ കിടപ്പുമുറികൾക്കും ക്രോസ് വെന്റിലേഷനുകൾ നൽകിയിട്ടുണ്ട്.
ഗ്രേ, വൈറ്റ്, വുഡൻ ബ്രൗൺ നിറങ്ങൾക്കാണ് അകത്തളങ്ങളിൽ പ്രാധാന്യം. മൂന്നു ലെവലുകളിലാണ് വീടെങ്കിലും എല്ലാ ഏരിയകളും പരസ്പര ബന്ധിതമാണ്. പുറത്ത് പച്ചപ്പിനു കൂടുതൽ പ്രാധാന്യം നൽകി. ചുറ്റിനും സമൃദ്ധമായ ലാൻഡ്സ്കേപ്പ് ഒരുക്കി ആ ലാൻഡ്സ്കേപ്പുതന്നെ വീടായി മാറുന്ന രീതിയിലൊരു ഡിസൈൻ.
Project Facts
Location- Vattapara, Trivandrum
Plot- 10 cents
Area- 4044 SFT
Owner- Anil Kumar
Architect- Asif Ahmed
AR Architects, Kochi
Phone- 0484-4024226