Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് പ്രകൃതിദുരന്തങ്ങളെ ചെറുക്കുന്ന വീട്! ചെലവും കുറവ്

fibre-cement-house-mankada ഭൂമിക്ക് ഭാരമാകാത്ത, പ്രളയത്തെ പ്രതിരോധിക്കുന്ന വീടുകൾ നിർമിച്ചു ശ്രദ്ധേയനായ വ്യക്തിയാണ് ആർക്കിടെക്ട് വാജിദ് റഹ്‌മാൻ. പ്രീഫാബ് എന്ന് വിളിക്കുന്ന ഈ നിർമാണശൈലിയിലാണ് വാജിദ് സ്വന്തം വീടും നിർമിച്ചത്.

ഒരായുസ്സിന്റെ സമ്പാദ്യം കൊണ്ടാണ് ഭൂരിഭാഗം മലയാളികളും വീടുപണിയുന്നത്. എന്നാൽ വീട് നിർമാണത്തിന് മുൻപ് ആവശ്യത്തിന് ഗൃഹപാഠം ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് പ്രളയത്തിൽ വെള്ളം കയറി തകർന്നുപോയ വീടുകൾ നമ്മെ ഓർമിപ്പിക്കുന്നത്. കെട്ടിടനിർമാണ മേഖലയിൽ നിരവധി പുതിയ സാങ്കേതികവിദ്യകൾ വന്നിട്ടുണ്ടെങ്കിലും മലയാളികൾക്ക് കോൺക്രീറ്റ് വീടുകളോടുള്ള അമിത താൽപര്യവും ഇത്തവണത്തെ ദുരന്തത്തിന് ആക്കംകൂട്ടി. വീടോ മറ്റെന്തെങ്കിലും നിർമിതിയോ നടത്തുമ്പോൾ കരുതൽ വേണം ഇനിയുള്ള കാലം. വെള്ളത്തെ പ്രതിരോധിക്കാനുള്ള ശക്തി പുഴയോരങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും വീടുകൾക്കും കെട്ടിടങ്ങൾക്കും മാത്രമല്ല വേണ്ടതെന്ന പാഠവും ഈ പ്രളയം നമ്മെ പഠിപ്പിക്കുന്നുണ്ട്. 

ഭൂമിക്ക് ഭാരമാകാത്ത, പ്രളയത്തെ പ്രതിരോധിക്കുന്ന വീടുകൾ നിർമിച്ചു ശ്രദ്ധേയനായ വ്യക്തിയാണ് ആർക്കിടെക്ട് വാജിദ് റഹ്‌മാൻ. പ്രീഫാബ് എന്ന് വിളിക്കുന്ന ഈ നിർമാണശൈലിയിലാണ് വാജിദ് തന്റെ സ്വന്തം വീടും നിർമിച്ചത്. ഇനി വീട് വയ്ക്കുന്നവർക്ക് മാതൃകയാക്കാൻ വാജിദിന്റെ വീടിന്റെ വിശേഷങ്ങൾ പുനർപ്രസിദ്ധീകരിക്കുന്നു.

vajid

ഒരൊറ്റ കട്ട പോലും ഉപയോഗിക്കാതെ വീടുവയ്ക്കാൻ കഴിയുമോ? കഴിയും എന്ന ഉത്തരത്തിന്റെ നേർസാക്ഷ്യമാണ് മലപ്പുറം മങ്കടയിലുള്ള ‘ഫോളിയേജ്’ എന്നു പേരുള്ള വീട്. 1700 ചതുരശ്രയടി വലുപ്പമുള്ള ഇരുനില വീടിനായി ഇഷ്ടികയോ വെട്ടുകല്ലോ സിമന്റ് കട്ടയോ ഒന്നും ഒരെണ്ണം പോലും ഉപയോഗിച്ചിട്ടില്ല!

ഇതിൽ തീരുന്നില്ല ഫോളിയേജിന്റെ വിശേഷങ്ങൾ. വീടിനെ താങ്ങിനിർത്തുന്ന ഇരുമ്പ് തൂണുകൾ ഉറപ്പിക്കാനല്ലാതെ ഒരിടത്തുപോലും കോൺക്രീറ്റ് ഉപയോഗിച്ചിട്ടില്ല. തികച്ച് ഒരു ചാക്ക് സിമന്റ് തന്നെ ഇതിനു വേണ്ടിവന്നില്ല. തടിയുടെ കാര്യവും അങ്ങനെതന്നെ. വാതിൽ, ജനൽ, കാബിനറ്റ് എന്നിവയൊന്നും തടികൊണ്ടല്ല. സ്റ്റെയർകെയ്സിന്റെ പടികളിലും സ്വീകരണമുറിയിലെ ഇൻബിൽറ്റ് ഇരിപ്പിടത്തിലും മാത്രമാണ് തടിസാന്നിധ്യമുള്ളത്. അതും ട്രീറ്റ് ചെയ്ത റബർ തടി.

ഭൂമിയെ ഉപദ്രവിക്കാതെ

നീരൊഴുക്ക് തടസ്സപ്പെടുത്താതെയും ഭൂമിയെ കഴിവതും അലോസരപ്പെടുത്താതെയും വീടു പണിയുന്നതാണ് വാജിദ് റഹിമാന്റെ ശൈലി. സ്വന്തം വീടിന്റെ കാര്യത്തിലും വാജിദ് നയംമാറ്റിയില്ല. കുന്നിൻചെരുവിലെ ഭൂപ്രകൃതിക്ക് കാര്യമായ മാറ്റമൊന്നും വരുത്താതെ ഇരുമ്പ് തൂണുകൾക്കു മുകളിലായി വരുംവിധമാണ് വീടിന്റെ ഡിസൈൻ. ഇരുമ്പുതൂണുകളെ തമ്മിൽ ബന്ധിപ്പിച്ച് ജിഐ ബോക്സ് ഫ്രെയിം നൽകിയ ശേഷം അതിൽ ഫൈബർ സിമന്റ് ബോർഡ് ഉറപ്പിച്ചാണ് വീടിന്റെ തറയും ഭിത്തിയും മേൽക്കൂരയുമെല്ലാം നിർമിച്ചിട്ടുള്ളത്. സമാനരീതിയിൽ ഹുരുഡീസ് ഉപയോഗിച്ചുള്ള വീടുകൾ വാജിദ് മുമ്പ് നിർമിച്ചിട്ടുണ്ട്.

തൂണിൻ മുകളിലൊരു വീട്

vajid-rahman-house-mankada

സാധാരണവീടുകളുടെ പോലെയുള്ള അടിത്തറയും ഭിത്തിയുമൊന്നും ഫോളിയേജിനില്ല. 12 ഇരുമ്പ് തൂണുകളിലായാണ് വീടിന്റെ നിൽപ്. 3 x 3 ഇഞ്ച് വലുപ്പമുള്ള മൈൽഡ് സ്റ്റീൽ സ്ക്വയർ ട്യൂബ് ആണ് തൂണായി ഉപയോഗിച്ചത്. രണ്ട് അടിയോളം താഴ്ചയിൽ കുഴിയെടുത്ത് പകുതിക്കുവച്ച് മുറിച്ച വലിയ ഇരുമ്പ് വീപ്പ അതിലേക്കിറക്കിവച്ച ശേഷം തൂൺ വച്ച് ചുറ്റും കോൺക്രീറ്റ് നിറച്ച് ഉറപ്പിക്കുന്നതാണ് വീടുനിർമാണത്തിന്റെ ആദ്യപടി. അഞ്ച് മീറ്ററോളം പൊക്കമുള്ളതാണ് ഓരോ തൂണും. ഈ തൂണുകളെ തമ്മിൽ ബന്ധിപ്പിച്ച് 2.5 x 5 ഇഞ്ച് വലുപ്പമുള്ള മൈൽഡ് സ്റ്റീൽ സി ചാനൽ കൊണ്ടുള്ള ബീമുകൾ നൽകുകയായിരുന്നു അടുത്തപടി. ഇത്തരം ബീമിൽ ജിഐ സ്ക്വയർപൈപ്പ് കൊണ്ടുള്ള ബോക്സ് സെക്‌ഷൻ ഫ്രെയിം വെൽഡ് ചെയ്ത് പിടിപ്പിച്ചാണ് തറ, ഭിത്തി, മേൽക്കൂര എന്നിവയുടെയെല്ലാം പ്ലാറ്റ്ഫോം തയാറാക്കിരിക്കുന്നത്.

ഭൂമിക്കും വീടിന്റെ തറയ്ക്കും തമ്മിൽ ഒന്നരയടിയോളം അകലമുണ്ട്. വീടിനായി ഭൂമി വെട്ടിനിരപ്പാക്കേണ്ടിവന്നില്ല. മാത്രമല്ല, ഇതുവഴി വെള്ളം സുഗമമായി ഒഴുകിപ്പോകുകയും ചെയ്യും.

സർവം ഫൈബർ സിമന്റ് ബോർഡ്

fibre-cement-house-dining

18 എംഎം കനമുള്ള ഫൈബർ സിമന്റ് ബോർഡ് കൊണ്ടാണ് രണ്ട് നിലകളുടെയും തറയൊരുക്കിയിട്ടുള്ളത്. ജിഐ ഫ്രെയിമിൽ സിമന്റ് ബോർഡ് സ്ക്രൂ ചെയ്ത് ഉറപ്പിക്കുകയായിരുന്നു. ഇതിനു മുകളിൽ സിമന്റ് ഗ്രൗട്ട് ഒഴിച്ചശേഷം അതിൽ തറയോട് ഒട്ടിച്ചാണ് ഫ്ലോറിങ് ചെയ്തത്. കണ്ടാൽ സാധാരണവീടുകളുടേതു പോലെതന്നെ.

fibre-cement-house-mankada-upper

കട്ട കെട്ടുന്നതിനു പകരം എട്ട് എംഎം കനമുള്ള ഫൈബർ സിമന്റ് ബോർഡ് കൊണ്ടാണ് ചുവരുകളെല്ലാം നിർമിച്ചിരിക്കുന്നത്. ജിഐ ഫ്രെയിമിന് ഇരുവശത്തും രണ്ട് ബോർഡ് സാൻഡ്‌വിച്ച് രീതിയിൽ പിടിപ്പിക്കുകയായിരുന്നു. ഇതിനുള്ളിലൂടെയാണ് ഇലക്ട്രിക് കേബിളും പൈപ്പുമെല്ലാം കടന്നുപോകുന്നത്.

സീലിങ്ങിലും എട്ട് എംഎം കനമുള്ള ഫൈബർ സിമന്റ് ബോർഡ് തന്നെയാണ് ഉപയോഗിച്ചത്. ഇതിനു മുകളിൽ പട്ടികപോലെ മെറ്റൽ ട്യൂബ് പിടിപ്പിച്ചശേഷം അതിൽ പഴയ ഓട് മേയുകയും ചെയ്തിട്ടുണ്ട്.

10 x 4, 8 x 4, 6 x 4 അടി അളവുകളിൽ ഷീറ്റ് രൂപത്തിലാണ് ഫൈബർ സിമന്റ് ബോർഡ് ലഭിക്കുക. അഞ്ച് എംഎം മുതൽ 18 എംഎം വരെ കനമുള്ള ഷീറ്റ് ലഭിക്കും. കനം അനുസരിച്ചാണ് വില. 10 എംഎം കനമുള്ള ഷീറ്റിന് സ്ക്വയർഫീറ്റിന് ഏകദേശം 35 രൂപ വിലവരും. നല്ല ഫിനിഷിങ്, ചിതൽപിടിക്കില്ല, വെള്ളംവീണാലും കേടാകില്ല, വിള്ളൽ വീഴില്ല തുടങ്ങിയ സവിശേഷതകളാണ് ഫൈബർ സിമന്റ് ബോർഡ് ഉപയോഗിക്കാനുള്ള കാരണം.

രണ്ടുനില; ആറ് തട്ടുകൾ

ഒൻപതര മീറ്റർ വീതിയും 32 മീറ്റർ നീളവുമുള്ള എട്ടേകാൽ സെന്റിലാണ് വീട്. വീതി കുറവായതിനാൽ പിന്നിലേക്ക് നീളുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ. ഈ ന്യൂനത മറികടക്കാനായി ഒരുനിലയിലെ മുറികൾതന്നെ പല പൊക്കത്തിൽ നൽകി. രണ്ടുനിലയെങ്കിലും ആറ് തട്ടുകളായാണ് മുറികളുടെ വിന്യാസം. സീറോ ലെവലിലാണ് പോർച്ച്. ലിവിങ് സ്പേസ് അടുത്ത ലെവലിൽ വരുന്നു. ഡൈനിങ്, അടുക്കള, കിടപ്പുമുറി എന്നിവയാണ് അടുത്ത നിരയിൽ. മാസ്റ്റർ ബെഡ്റൂമാണ് തേർഡ് െലവലിൽ വരുന്നത്. രണ്ടാംനിലയിലുള്ള വാജിദിന്റെ ഓഫിസ്, സ്റ്റുഡിയോ, വർക് സ്പേസ് എന്നിവ അടുത്ത മൂന്ന് തട്ടുകളിലായി ക്രമീകരിച്ചിരിക്കുന്നു. ഇവിടേക്കെത്താൻ വീടിനു വെളിയിൽക്കൂടി സ്റ്റീൽ സ്റ്റെയർകെയ്സ് നൽകിയിട്ടുണ്ട്.

വെള്ളിത്തിളക്കവുമായി വാതിലുകൾ

അലുമിനിയം കൊണ്ടാണ് എല്ലാ വാതിലുകളുടെയും കട്ടിളയും ഫ്രെയിമുമെല്ലാം നിർമിച്ചിരിക്കുന്നത്. ജിഐ ഫ്രെയിമിലേക്ക് ഇവ സ്ക്രൂ ചെയ്ത് ഉറപ്പിക്കുകയായിരുന്നു. തടി ഒരിടത്തുപോലും ഉപയോഗിച്ചിട്ടില്ല. അലുമിനിയവും ഗ്ലാസുംകൊണ്ടുള്ളതാണ് ജനാലകളെല്ലാം. ഫർണിച്ചറിന്റെ കാര്യത്തിലും തടിയെത്തൊട്ടു കളിച്ചിട്ടില്ല. ട്രീറ്റ് ചെയ്ത റബർ തടികൊണ്ടാണ് ഊണുമേശ. ഫൈബർ സിമന്റ് ബോർഡ് കൊണ്ട് ഇൻ ബിൽറ്റ് രീതിയിൽ നിർമിച്ചവയാണ് രണ്ട് കിടപ്പുമുറികളിലെ കട്ടിലുകളും.

fibre-cement-house-master

പേടി പഴങ്കഥയല്ലേ

കള്ളനെ പേടിയില്ലേ എന്ന ചോദ്യത്തിന് വാജിദിന്റെയും കുടുംബത്തിന്റെയും ഉത്തരമിങ്ങനെ: ‘‘വേണമെന്നു കരുതിയാൽ കള്ളന് എത്ര വലിയ ഭിത്തിയും തുരന്ന് കയറാം. അപ്പോൾപ്പിന്നെ അതിലൊന്നും ഒരു കാര്യവുമില്ല. അത്യാവശ്യം ഉറപ്പും ബലവുമൊക്കെ ഫൈബർ സിമന്റ് ബോർഡിനുണ്ട്. വീടിനു ചുറ്റും ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ ഒട്ടും പേടിയില്ല.’’ കഷ്ടിച്ച് നാലുമാസമേ വേണ്ടിവന്നുള്ളു വീടുപൂർത്തിയാകാൻ. ഇന്റീരിയറടക്കം ചെലവ് 20 ലക്ഷത്തിൽ ഒതുങ്ങി. 

കുറച്ചുകാലം കഴിഞ്ഞ് വീട് ഇവിടെ നിന്ന് മാറ്റിവയ്ക്കണമെന്ന് തോന്നിയാൽ ഒട്ടും പേടിക്കാനില്ല. സ്റ്റീൽ പൈപ്പുകളും സിമന്റ് ബോർഡുകളുമെല്ലാം അഴിച്ചെടുത്ത് ലോറിയിൽക്കയറ്റുക. ഇതു തന്നെ ഉപയോഗിച്ച് പുതിയ സ്ഥലത്ത് പുതിയ വീട് പണിയാം.