Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞെട്ടേണ്ട, ഇതുമൊരു വീടാണേ...

futuro-house കുറച്ചു നാളുകൾക്ക് മുൻപ് ന്യൂജഴ്‌സിയിലെ ഒരു ഫ്യൂച്ചറോ ഹൗസ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഇ-ബേയില്‍ വില്‍പ്പനയ്ക്ക് വന്നത് വാര്‍ത്തയായിരുന്നു. ലക്ഷങ്ങള്‍ മാത്രമേ വിലയുണ്ടായിരുന്നുള്ളൂ. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

വീട്...വലിയൊരു സങ്കല്‍പ്പമാണത്. മനുഷ്യന്റെ ആവിര്‍ഭാവം മുതല്‍ അവന്‍ കൊണ്ടുനടക്കുന്ന സ്വപ്‌നം. മനുഷ്യനെന്നല്ല ഓരോ ജീവജാലത്തെ സംബന്ധിച്ചും ഷെല്‍റ്റര്‍ എന്ന സങ്കല്‍പ്പത്തിന് വളരെയധികം പ്രസക്തിയുണ്ട്. കാലം മാറുന്നതനുസരിച്ച് വീടുകളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും മാറും. അതാണ് ചരിത്രം. 

കൊട്ടാരസദൃശ്യമായ വീടുകള്‍ നിര്‍മിച്ച് ആഡംബരം കാണിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ എല്ലാ കാലത്തുമുണ്ട്. എന്നാല്‍ ഒരു ട്രെന്‍ഡ് എന്ന നിലയില്‍ അതിനൊന്നും ഇപ്പോള്‍ സ്‌കോപ്പില്ല. ലാളിത്യത്തിന്റെ പ്രതീകമായി വീടുകളെ കാണുന്നവരുടെ എണ്ണം കൂടുകയാണിന്ന്. ആഡംബരത്തിന് പ്രസക്തിയില്ലെന്ന് ചിന്തിക്കുന്നു അവര്‍. ഇവിടെ നമുക്കൊരു വീടിനെ പരിചയപ്പെട്ടാലോ...ലാളിത്യത്തിന്റെ അവസാനവാക്കെന്ന് പറയണോ ഇതിനെ. അറിയില്ല. എന്തായാലും ഡിസൈന്‍ കൊണ്ട് ലോകത്തെ ഏറ്റവും വേറിട്ട വീടുകളുടെ കൂട്ടത്തില്‍ പെടും ഈ കുഞ്ഞന്‍. 

futuro-home

ഫ്യൂച്ചറോ ഹൗസ് എന്നാണ് പേര്. സ്വദേശം ടെക്‌സാസ്. കണ്ടാല്‍ എന്തോ പുറന്തോടാണെന്നേ തോന്നൂ. അല്ലെങ്കില്‍ വല്ല അന്യഗ്രഹ ജീവികളും ഭൂമിയിലേക്ക് ടൂര്‍ നടത്തി ഉപേക്ഷിച്ച് പോയ സ്‌പേസ്ഷിപ്പ് എന്ന് തെറ്റിദ്ധരിച്ചാലും തെറ്റില്ല കേട്ടോ...എന്തായാലും അത്തരമൊരു പരിവേഷമാണ് ഫ്യൂച്ചറോ ഹൗസിനുള്ളത്. 

futuro-house-kitchen

1960കളില്‍ ഫിന്നിഷ് ആര്‍ക്കിടെക്റ്റായ മറ്റി സുറോനെന്‍ ആണ് ഈ വീട് ഡിസൈന്‍ ചെയ്തത്. വലിയ പ്രതീക്ഷയോടെയാണ് കക്ഷി ഇത്തരമൊരു ആശയം പ്രാവര്‍ത്തികമാക്കിയത്. ഏത് തരത്തിലുള്ള മണ്ണിലും ഈ വീട് വയ്ക്കാം. എങ്ങോട്ട് വേണമെങ്കിലും ഇതിനെ മാറ്റാം. ചെലവ് കുറവ്, സ്‌റ്റൈലിഷുമാണ്...ഇങ്ങനെ പോകുന്നു വിശേഷണങ്ങള്‍. ഫൈബര്‍ ഗ്ലാസുകളും പ്ലാസ്റ്റിക്കും നിര്‍മാണത്തിന് ഉപയോഗിക്കുന്നു. ഇതുവരെ ലോകത്ത് 100ല്‍ താഴെ ഫ്യൂച്ചറോ ഹൗസുകള്‍ മാത്രമാണ് നിര്‍മിച്ചിരിക്കുന്നത്. പുതുമ പോകുമ്പോള്‍ പലരും ഇതിനെ സ്റ്റോറേജ് സ്‌പേസായി തള്ളുകയും ചെയ്യുന്നുണ്ട്. 

futuro-house-interiors

16 കഷ്ണങ്ങളായാണ് വീടിന്റെ ഘടകങ്ങള്‍ വരുന്നത്. ഇതിനെ കൂട്ടിച്ചേര്‍ത്ത് എളുപ്പത്തില്‍ വീടുണ്ടാക്കാവുന്നതാണ്. അസംബ്ലിങ്ങും ഡിസംബ്ലിങ്ങും സോ ഈസി എന്നാണ് ഇതിന്റെ ആരാധാകരുടെ പക്ഷം. അതുകൊണ്ടുതന്നെ വ്യത്യസ്തത അന്വേഷിച്ചു നടക്കുന്നവര്‍ക്കും ഫോട്ടൊഗ്രഫര്‍മാര്‍ക്കും എന്നും കൗതുകമാണ് ഫ്യൂച്ചറോ ഹൗസുകള്‍. 

futuro-house-ohio

കുറച്ചു നാളുകൾക്ക് മുൻപ് ന്യൂജഴ്‌സിയിലെ ഒരു ഫ്യൂച്ചറോ ഹൗസ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഇ-ബേയില്‍ വില്‍പ്പനയ്ക്ക് വന്നത് വാര്‍ത്തയായിരുന്നു. ലക്ഷങ്ങള്‍ മാത്രമേ വിലയുണ്ടായിരുന്നുള്ളൂ.