കാപ്പിയും കുടിക്കാം, ലാംബ്രട്ടാ സ്കൂട്ടറിലും കയറാം!

ഒരു കാപ്പിക്ക് അപ്പുറവും ഇപ്പുറവുമിരുന്ന് പറഞ്ഞാൽ തീരാത്ത വിശേഷങ്ങളാണ് ഇവിടെ...

എറണാകുളത്ത് ഇടപ്പള്ളി അമൃതാ ജംക്‌ഷന് സമീപമുള്ള അറ്റ്ലാന്റാ കഫേ നാവിന് മാത്രമല്ല, കണ്ണിനും വിരുന്നാണ്. കൊച്ചിയിലും സമീപപ്രദേശങ്ങളിലും നിരവധി കഫേകൾ ഉള്ളതിനാല്‍ സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവമായിരിക്കണം കഫേ എന്ന് ഉടമസ്ഥർക്ക് നിർബന്ധമുണ്ടായിരുന്നു. എൻഎച്ച് 17 ന്റെ ഓരത്ത്, കഫേ ഉൾപ്പെടുന്ന ഇരുനിലക്കെട്ടിടം വഴിയാത്രക്കാരുടെ കണ്ണിലുടക്കാതെ പോകില്ല. ഉടമസ്ഥരുടെ തന്നെ റസ്റ്ററന്റാണ് മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്നത്.

പ്രധാന വാതിലിന് സമീപത്ത് വെർട്ടിക്കൽ ഗാർഡൻ കൊടുത്തിട്ടുണ്ട്. തടിയെന്ന് തോന്നിക്കുന്ന തരം വിട്രിഫൈഡ് ടൈലുകളാണ് സ്വാഗതമോതുന്നത്. ഇരിപ്പിടങ്ങളുള്ള ഭാഗത്ത് കറുത്ത നിറത്തിലുള്ള ടൈലുകൾ നൽകിയിരിക്കുന്നു. ഫർണിച്ചർ ഒന്നു പോലും റെഡിമെയ്ഡ് വാങ്ങിയില്ല. പൊതു തീമിനനുസരിച്ച് പ്രത്യേകം ഡിസൈൻ ചെയ്യിച്ചെടുക്കുകയായിരുന്നു. ഓർമകളിലേക്കൊരു റൈഡിനു കൊണ്ടു പോകാൻ പഴയൊരു ലാംബ്രട്ടാ സ്കൂട്ടറും ഇന്റീരിയറിൽ ഇടം പിടിച്ചിട്ടുണ്ട്.

സീലിങ്ങിലെ പാനലിങ്, റിസപ്ഷൻ കൗണ്ടറിലെ ഡിസൈൻ എന്നിവ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. ‘എഗ്ഗർബോർഡ്’ ഉപയോഗിച്ച് ചെയ്തിരിക്കുന്ന ഈ ഡിസൈൻ ഇന്റീരിയറിന് മാറ്റ് കൂട്ടുന്നു. ഇവിടുത്തെ ലൈറ്റുകളാണ് ഹൈലൈറ്റ്. ‘എഡിസൺ ലാംപ്’ എന്ന് വിളിക്കപ്പെടുന്ന ലൈറ്റുകൾ കയറിലാണ് തൂക്കിയിട്ടിരിക്കുന്നത്. കയറ് കൊണ്ടുള്ള ചതുരംഗക്കളങ്ങളും സീലിങ്ങിന് ഭംഗിയേകുന്നു. മുൻവശത്ത് ഗ്ലാസുകള്‍ നൽകിയിട്ടുള്ളതിനാൽ വെളിച്ചത്തിന് കുറവില്ല.

ഭിത്തികളിലും പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. നിർമാണം കഴിഞ്ഞ് ബാക്കിയായ തടിപ്പലകകൾ കൊണ്ട് ഭിത്തിയുടെ ഒരു ഭാഗത്ത് ക്ലാഡിങ് ചെയ്തു. ഇഷ്ടിക പുറമേ കാണത്തക്ക രീതിയിലാണ് മറ്റൊരു ഭിത്തി ഡിസൈൻ ചെയ്തത്. ഓറഞ്ചിന്റെ വിവിധ ഷേഡുകൾ ഉപയോഗിച്ചാണ് ഭിത്തിയുടെ മറ്റൊരു ഭാഗം വർണാഭമാക്കിയത്. കൂടാതെ ചോക്ക് കൊണ്ടുള്ള എഴുത്തും ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്തായാലും കഫേയിലെ സന്ദർശകരുടെ അഭിപ്രായങ്ങളിൽ നിന്ന് ഒരു കാര്യം ഉറപ്പിക്കാം സംഭവം പൊളിച്ച്; പുറമേയ്ക്കും, ഉള്ളിലും.

Restaurant- അറ്റ്‌ലാന്റാ

Location- ഇടപ്പള്ളി, എറണാകുളം 

Designerഅബിനു

വുഡ്സ് & വോൾസ്, കോട്ടക്കൽ

abinute@gmail.com