അടുക്കളയിൽ കയറി പാചകം ചെയ്യുന്നതിന് സ്ത്രീയെന്നോ പുരുഷനെന്നോ ഭേദവ്യത്യാസമില്ലാതായിട്ട് നാളേറെയായി. അതുകൊണ്ട് അടുക്കളയിലെ പുത്തൻ ട്രെൻഡുകൾ പരിചയപ്പെടുന്നത് ഉപകാരപ്പെടും.
ഗ്ലാസ് കാബിനറ്റുകൾ അടുക്കള കീഴടക്കി തുടങ്ങിയിട്ട് കുറച്ചുനാളായി. കണ്ണാടി ചന്തത്തോടൊപ്പം ആംബർ യെല്ലോ നിറമാണ് ഈ ഗ്ലാസ് കിച്ചന് പ്രത്യേക ഭംഗിയേകുന്നത്. പിയു ലാക്കേർഡ് ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ലാമിനേറ്റഡ് മറൈൻ പ്ലൈ കൊണ്ടാണ് കാബിനറ്റ് ബോക്സുകൾ. അടുക്കള ഐലൻഡ് കിച്ചൻ മാതൃകയിൽ ചെയ്തിരിക്കുന്നു. കൗണ്ടർടോപ്പുകൾക്ക് കൊറിയൻ സ്‌റ്റോൺ അഴക് പകരുന്നു.
ഡക്ട് കണ്ടാൽ അറിയുകയേയില്ല!
ഹുഡിന്റെ അഥവാ ചിമ്മിനിയുടെ പൈപ്പ് ഇതുവരെ അടുക്കളയിൽ കാഴ്ചയ്ക്ക് ഒരഭംഗിയായിരുന്നു. ഈ ഭംഗിക്കുറവ് സഹിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഒറ്റനോട്ടത്തിൽ അറിയുകയേയില്ലാത്ത ഡക്ടിങ് സിസ്‌റ്റമാണ് അടുക്കളയിലെ പുതിയ വിശേഷം.
ചാനൽ, കണക്ടർ, പലതരം ബോർഡുകൾ, ക്ലിപ് തുടങ്ങിയവയാണ് വിദേശനിർമിതമായ ഈ ഡക്ടിങ് സിസ്റ്റത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. നിമിഷനേരം കൊണ്ട് ഇവ ഘടിപ്പിക്കാമെന്നതാണ് മറ്റൊരു ഗുണം.
ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. പക്ഷികൾ, ഇലകൾ, എലി എന്നിവയൊക്കെ ഡക്ടിനുള്ളിൽ കടക്കാതിരിക്കാൻ ഡക്ടിന്റെ പുറത്തെ അറ്റത്ത് ഘടിപ്പിക്കാൻ ഗ്രില്ലും ഉണ്ട്. ഡക്ടിന്റെ നീളം കുറയ്ക്കാൻ സാധിക്കുംവിധം ഹുഡിന്റെ സ്ഥാനം നിശ്ചയിക്കുന്നതാണ് നല്ലത്. ബൈന്റുകൾ കുറയുന്നത് ഡക്ടിന്റെ കാര്യക്ഷമത വർധിപ്പിക്കും. മാത്രമല്ല നീളമനുസരിച്ചാണ് ചെലവ് നിശ്‌ചയിക്കുന്നത്. 1500 - 6000 രൂപ വരെയാണ് ചെലവ്.
Bold and Beautiful
അടുക്കളയ്ക്ക് ഭംഗി നൽകുന്നതിനൊപ്പം ഉപകാരപ്രദവുമാണ് ഈ സ്റ്റീൽ പാത്രം. പിത്തള കോട്ടിങ് ഉള്ള പിടികൾ ചൂടിനെ പ്രതിരോധിക്കുന്നു. അതുകൊണ്ട് കൈ പൊള്ളുമെന്ന പേടി വേണ്ട. ചുവടു കട്ടിയുള്ളതിനാൽ പാചകം ചെയ്യുമ്പോൾ കരിഞ്ഞു പിടിക്കില്ല എന്ന മെച്ചവുമുണ്ട്. ഇൻഡക്ഷൻ കുക്കറിലും ഉപയോഗിക്കാം. വില 680 രൂപ.
Read more on Kitchen Trends Kitchen Utensils