Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുക്കള വീടിന്റെ ഐശ്വര്യം!

astro-vasthu-kitchen അടുക്കും ചിട്ടയും അഴകുമുള്ള അടുക്കളകള്‍ ആണ് വീടിന്റെ ഐശ്വര്യം.

പൊതുവെ മറ്റു മുറികളെ അപേക്ഷിച്ച് അടുക്കളയ്ക്ക് വലുപ്പം കുറവായിരിക്കും. എന്നാൽ ഷെൽഫുകളുടെ എണ്ണത്തിലും മറ്റും വിട്ടുവീഴ്ച ചെയ്യാൻ ഒരു വീട്ടമ്മയും സമ്മതിക്കുകയും ഇല്ല. അടുക്കും ചിട്ടയും അഴകുമുള്ള അടുക്കളകള്‍ ആണ് വീടിന്റെ ഐശ്വര്യം. ഇത്തരം അടുക്കളകൾ ഒരുക്കുമ്പോൾ അത് വീടിന് അധികച്ചെലവ് ആയി മാറാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

അടുക്കള നിർമിക്കുമ്പോൾ ഉപയോഗക്ഷമമായ സ്ഥലത്തിനാണ് മുൻഗണന നൽകേണ്ടത്. അടുക്കളയിൽ പാചകം ചെയ്യുന്ന ആൾ, അയാളുടെ പ്രഫഷൻ, എത്ര നേരത്തെ പാചകം എന്നിങ്ങനെയുള്ള കാര്യങ്ങൾ മുൻകൂട്ടി കണ്ടുവേണം അടുക്കളയിൽ സൗകര്യങ്ങൾ ഒരുക്കുവാൻ. ഷോ കിച്ചണ്‍ ആണെങ്കില്‍ തുറന്നതും കൗണ്ടര്‍ടോപ്പ് ചെറുതുമാക്കാം. ഷോ കിച്ചനില്‍ കബോര്‍ഡുകളുടെ എണ്ണവും നിയന്ത്രിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് അടുക്കളയിൽ പെരുമാറുന്ന ആളിന്റെ സൗകര്യം നോക്കിയാവണം. 

കിച്ചൻ കാബിനറ്റുകൾ അത്യാവശ്യമായ ഒന്നാണ്. എന്നാൽ ചെലവുചുരുക്കൽ എന്ന രീതി അവലംബിക്കുമ്പോൾ കാബിനറ്റുകൾ തടികൊണ്ട് നിർമിക്കണം എന്ന വാശി ഒഴിവാക്കാം. പകരം കംപ്രസ്ഡ് വുഡ് ഉപയോഗിക്കാം. ഇത് നിർമാണച്ചെലവ് വലിയ രീതിയിൽ തന്നെ കുറയ്ക്കും. ഇത്തരത്തിൽ ഷെൽഫ് നിർമിക്കുന്ന കംപ്രസ്ഡ് വുഡ് മാറ്റ് ഫിനിഷായി പോളീഷ് ചെയ്യാതിരിക്കുക. വൃത്തിയാക്കാൻ ബുദ്ധിമുട്ടാണ്. ഗ്ളോസി ഫിനിഷാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭകരം. 

malhar-kitchen

കംപ്രസ്ഡ്  വുഡിന് പുറമെ കാബിനറ്റുകള്‍ക്ക് പ്ലൈവുഡ്, അലുമിനിയം, പി.വി.സി, പ്ളാസ്റ്റിക്, ഫൈബര്‍ തുടങ്ങിയ മെറ്റീരിയലുകളും കാബിന്‍ നിര്‍മാണത്തിന് ഉപയോഗിക്കാം. ഇവയാണ് ഉപയോഗിക്കുന്നത് എങ്കിൽ ചെലവ് ഇനിയും കുറയും. സാധാരണയായി അടുക്കളയുടെ മുകളിലും ഷെൽഫുകൾ നിർമിച്ചു കാണാറുണ്ട്. നാം കൂടുതലായി ഉപയോഗിക്കുന്ന സ്ഥലത്ത് മാത്രം ഷെൽഫ് നിർമിക്കുക. അനാവശ്യ ചെലവ് ഇതിലൂടെ ഒഴിവാക്കാം. 

royal-colonial-house-kitchen

അനാവശ്യ കബോർഡുകൾ വേണ്ട. ഫ്രിഡ്ജ്, മിക്സി, ഗ്രൈൻഡർ തുടങ്ങിയവയുടെ സ്ഥാനം മുൻകൂട്ടി ഉറപ്പിച്ച് പ്ലഗ് പോയിന്റുകൾ സ്ഥാപിക്കണം. പൈപ്പിന്റെയും ഗ്യാസ് വയ്ക്കുന്നതിന്റെയും സ്ഥാനവും ഇതുപോലെ മുൻകൂട്ടി കാണണം. ഗ്യാസ്, സിങ്ക് എന്നിവയ്ക്ക് ഇടയിലായി ഒരു ടൈലിന്റെ മറ ഉണ്ടാവണം. ഗ്ളോസിയോ റസ്റ്റിക്കോ ആകാതെ മാറ്റ് ഫിനിഷ് ഉള്ള ടൈലാണ് അടുക്കള വൃത്തിയാക്കാന്‍ എളുപ്പം.