Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രദ്ധിക്കൂ! പുതിയ അടുക്കള ഇങ്ങനെയൊക്കെയാണ്

kitchen-trends അനുദിനം മാറിക്കൊണ്ടിരിക്കുന്ന അടുക്കളയിലെ പുതിയ കാഴ്ചകളിലേക്ക് കണ്ണുതുറക്കാം

അടുക്കള പഴയ അടുക്കളയല്ലാതായിട്ട് കാലം കുറച്ചായി. മാറ്റങ്ങളിൽ വീണ്ടും മാറ്റങ്ങൾ എന്നതാണ് സ്ഥിതി. എന്തായാലും ഭംഗിയും സൗകര്യവും കൈകോർത്തു നടക്കുന്ന കാഴ്ചയാണ് അടുക്കളകളിൽ.

ജീവിതത്തിനു തിരക്കേറി. വീട്ടമ്മയ്ക്കാകട്ടെ, ഒന്നിൽക്കൂടുതൽ റോളുകളുമായി. അപ്പോൾ പിന്നെ പണി എളുപ്പമാക്കാൻ എന്തൊക്കെ സൗകര്യങ്ങളാകാമോ അതൊക്കെ ഉൾപ്പെടുത്താനുളള ശ്രമത്തിലാണ് പുതിയ അടുക്കളകൾ.

അൽപം നിറമൊക്കെയാവാം

purple-kitchen

വെള്ള നിറത്തിലുളള അടുക്കളകൾ കളം നിറഞ്ഞ് നിൽക്കുമ്പോഴും നിറമുളള അടുക്കളകളോട് ഒരു മൃദുസമീപനം കൈവന്നിട്ടുണ്ട്. അടുക്കളയ്ക്ക് നിറച്ചാർത്തേകാൻ ആളുകൾക്ക് താൽപര്യം കൂടിയിട്ടുണ്ട്.

അക്രിലിക്, ഗ്ലാസ്

കാബിനറ്റ് ഷട്ടറിൽ അക്രിലിക്കിന്റെയും ഗ്ലാസിന്റെയും കടന്നുകയറ്റമാണ് മറ്റൊരു ട്രെൻഡ്. ഗ്ലാസ് ഫിനിഷുളള അക്രിലിക്കും ലാക്വേഡ് ഗ്ലാസും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. കൗണ്ടർടോപ്പിനും ഒാവർഹെഡ് കാബിനറ്റിനും ഇടയിലുളള ഭാഗത്തും ഗ്ലാസ് ഉപയോഗിച്ചുവരുന്നുണ്ട്. വൃത്തിയാക്കാനുളള എളുപ്പവും ഭംഗിയുമാണ് ഗ്ലാസിന്റെ പ്രധാന ഗുണങ്ങൾ. എന്നാൽ, വിദഗ്ധരായ ആളുകളെക്കൊണ്ട് പണിയിച്ചില്ലെങ്കിൽ ഗ്ലാസ് ഇളകിപ്പോരാനുളള സാധ്യതയുണ്ടെന്ന് ഒാർക്കണം. 

ഒാപൻ കാബിനറ്റുകൾ

എല്ലാം കാബിനറ്റിനുളളിലാക്കി പുറമേക്ക് ഒന്നും കാണാതെ പൂട്ടിക്കെട്ടി വയ്ക്കുന്ന അടുക്കളകളിൽ നിന്നു മാറി ഇടയ്ക്ക് ഒാപൻ ഷെൽഫുകളും കൊടുക്കുന്ന പ്രവണത കണ്ടുവരുന്നു. കരകൗശല വസ്തുക്കളോ ഭംഗിയുളള പാത്രങ്ങളോ ഒക്കെ ഇവിടെ വയ്ക്കാം.

കാബിനറ്റ് പിടികൾ 

പുറമേക്ക് കാണാത്തതരം പിടികളോടുളള താൽപര്യം കുറഞ്ഞിട്ടില്ല. വ്യത്യസ്തത ആഗ്രഹിക്കുന്നവർ അല്ലാത്തവയും തിരഞ്ഞെടുക്കാറുണ്ട്. ലിപ് പ്രൊഫൈൽ, ഗോലാ പ്രൊഫൈൽ എന്നിങ്ങനെ പല വിധത്തിൽ പുറമേയ്ക്ക് കാണാത്ത രീതിയിൽ പിടികൾ നൽകാം.

ഐലൻഡ് കിച്ചൻ

kitchen-counter

സ്ഥലം കൂടുതലുളള വീടുകളിൽ ഐലൻഡ് കിച്ചനോടുളള പ്രിയം കൂടിയിട്ടുണ്ട്. നാലും അഞ്ചും ബർണറുകളുളള ഹോബുകളാണല്ലോ ഇപ്പോൾ മിക്കവരും ഉപയോഗിക്കുന്നത്. അപ്പോൾ ഇരുവശങ്ങളിൽനിന്നും പാചകം ചെയ്യാമെന്ന സൗകര്യം ഐലൻഡ് കിച്ചനുണ്ട്.

ടോൾ യൂണിറ്റുകൾ പ്രചാരം വർധിച്ചുവരുന്നുണ്ട്. ഒരുപാട് സാധനങ്ങൾ സൂക്ഷിക്കാൻ സാധിക്കുമെന്നതാണ് ടോൾ യൂണിറ്റുകളുടെ പ്രത്യേകത. സാധാരണ ടോൾ യൂണിറ്റിന് 16,000 രൂപ വിലവരുമ്പോള്‍ ഇടത്തോട്ടും വലത്തോട്ടും തിരിക്കാവുന്നതിന് 68,000 രൂപയാണ് വില.

കണ്‍സീൽഡ് ഹുഡ്

cabinet

പുറമേക്ക് തളളി നിൽക്കാതെ ഫോൾസ് സീലിങ്ങിനുളളിൽ ഒതുങ്ങിയിരിക്കുന്ന കൺസീൽഡ് ഹുഡ് ആണ് ചിമ്മിനികളിലെ താരം. വളരെ ഉയർന്ന സക്ഷൻ കപ്പാസിറ്റിയുളള ഇതിന്റെ വില ഒന്നര ലക്ഷം രൂപയ്ക്കടുത്തു വരും.

ഡ്രിപ് ബാസ്കറ്റ് സിങ്ക്

wall-rack

പച്ചക്കറികൾ കഴുകിയ ശേഷം വെള്ളം വാർന്നു പോകാനുളള ഡ്രിപ് ബാസ്കറ്റ് ഉളള മോഡലുകളും ഡബിൾ ബൗൾ സിങ്കുകളുമൊക്കെയാണ് ഇപ്പോഴും അരങ്ങു വാഴുന്നത്. സിങ്കിന്റെ ബൗളും ഡ്രെയിൻ ബാസ്കറ്റുമെല്ലാം മൂടാൻ സ്ലൈഡിങ് മൂടികളുളളവയും വിപണിയിൽ കാണാം. ആവശ്യാനുസരണം വലിച്ചു നീട്ടി ഉപയോഗിക്കാവുന്ന പുൾ ഒൗട്ട് സ്പ്രെയറുകളോടുളള പ്രീതിയും കുറഞ്ഞിട്ടില്ല.

വോൾ‌ റാക്കുകൾ

സ്റ്റെയിൻലെസ് സ്റ്റീൽ വോൾ റാക്കുകൾ ഏത് അടുക്കളയിലേക്കും അനുയോജ്യമാണ്. സ്ഥലം കുറവുളള അടുക്കളകളിൽ പ്രത്യേകിച്ചും തവികൾ, മസാലകൾ എന്നിവയൊക്കെ ചുവരില്‍ ഉറപ്പിക്കാവുന്ന റാക്കുകളിൽ സൂക്ഷിക്കാം. വയ്ക്കുന്ന പാത്രങ്ങളുടെ ഭംഗിയിൽ അൽപം ശ്രദ്ധിച്ചാൽ വോൾ റാക്കുകൾ അടുക്കളയ്ക്ക് അഴകു കൂട്ടുമെന്നതും ഇവയോടുളള പ്രിയത്തിനു കാരണമാണ്.

അടുക്കളയിൽ വിശ്രമം

kitchen-style

പാചകത്തിനിടയിൽ വിശ്രമിക്കാനും വായിക്കാനും കുട്ടികൾക്ക് വന്നിരിക്കാനുമൊക്കെയായി അടുക്കളയിൽ ചെറിയൊരു ഇടം നീക്കി വയ്ക്കുന്ന പ്രവണത തുടങ്ങിയിട്ടുണ്ട്. ഇത് പ്രോത്സാഹനീയം തന്നെ.

എവിടെയോ അവിടെ നിർത്താം

shutters

കയ്യിൽ പാത്രങ്ങളും പിടിച്ച് കാബിനറ്റ് തുറക്കാൻ പ്രയാസമാണ്. എന്നാൽ ഇപ്പോൾ വാതിലിൽ ഒന്നമർത്തിയാൽ മതി, തുറന്നു വരും. കാബിനറ്റിനുളളിൽ ലെഗ്രാബോക്സ് സംവിധാനം നൽകിയാണ് ഇതു സാധ്യമാക്കുന്നത്. ആവശ്യമെങ്കില്‍, അടുക്കളയ്ക്കുളളിൽ എവിടെ നിന്നു വേണമെങ്കിലും കാബിനറ്റിന്റെ വാതിൽ തുറക്കാം. വാതിൽ പൊങ്ങുമ്പോള്‍ എവിടെ വച്ച് നിർത്തണോ അവിടെ വച്ച് നിർത്തുകയും ചെയ്യാം.

പ്ലേറ്റിൽ പാടു വീഴില്ല

drawer

പ്ലേറ്റ് ഉറച്ചിരിക്കാൻ സഹായിക്കുന്നതിനൊപ്പം പാത്രങ്ങള്‍ തമ്മിലുരഞ്ഞ് പാടു വീഴാതിരിക്കാനും വയർ ബാസ്കറ്റിൽ ഗ്രിപ് പിടിപ്പിച്ചിരിക്കുന്നു.

മാലിന്യനിർമാർജനം

cupboards

ഭക്ഷ്യാവശിഷ്ടങ്ങൾ എളുപ്പം നീക്കം ചെയ്യാൻ സിങ്കിനോടു ചേർന്നുതന്നെ വേസ്റ്റ് ബിൻ.

കൗണ്ടർടോപ്പിന് ക്വാർട്സ്

quartz-top

അടുക്കളയിലെ കൗണ്ടർടോപ്പിന് ക്വാർട്സ് ഉപയോഗിക്കാം. പല നിറങ്ങളിൽ ലഭിക്കും, കറ, പോറൽ. വിളളൽ എന്നിവയേൽക്കില്ല തുടങ്ങിയവയാണ് ഗുണങ്ങൾ. ചതുരശ്രയടിക്ക് 1,800–3,000 രൂപയാണ് വില. ഗ്രാനൈറ്റിൽ ലഭ്യമായിട്ടുളളതിനേക്കാള്‍ അധികം നിറങ്ങളിൽ കിട്ടുമെന്നതാണ് പ്രത്യേകത.