Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാലിന്യസംസ്കരണം ഇനി എന്ത് എളുപ്പം! ഇത് നമുക്ക് മാതൃകയാക്കാം!

waste-disposal പരിഷ്കരിച്ച കിച്ചൻ ബിൻ സംവിധാനം വഴി മാലിന്യസംസ്കരണം കാര്യക്ഷമമാക്കുന്ന തിരുവനന്തപുരം മോഡൽ പരിചയപ്പെടാം.

കാര്യക്ഷമതകൊണ്ട് രാജ്യാന്തര ശ്രദ്ധ നേടുകയാണ് മാലിന്യസംസ്കരണത്തിന്റെ തിരുവനന്തപുരം മോഡൽ. ‘കിച്ചൻ ബിൻ’ എന്നറിയപ്പെടുന്ന ‘ബയോ കംപോസ്റ്റർ’ ആണ് ഇവിടത്തെ താരം. കോർപറേഷൻ പരിധിയിലുള്ള പതിനായിരത്തോളം വീടുകളില്‍ കിച്ചൻ ബിൻ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ബാക്കി വീടുകളിലും ഉടൻ എത്തും. ‘എന്റെ കേരളം സുന്ദര കേരളം’ പദ്ധതിയുടെ ഭാഗമായാണ് കോർപറേഷന്റെ പുതിയ മാലിന്യസംസ്കരണനയം. സർക്കാർ, സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെയെല്ലാം പിന്തുണയും പദ്ധതിക്കുണ്ട്.

കുറവുകളകറ്റി പുതുമാതൃക

അടുക്കളമാലിന്യം സംസ്കരിക്കാൻ നിലവിലുണ്ടായിരുന്ന സംവിധാനങ്ങളുടെ കുറവുകളും പോരായ്മകളും കൃത്യമായി മനസ്സിലാക്കി അവയെല്ലാം മറികടക്കുംവിധമാണ് പുതിയ കിച്ചൻ ബിൻ ഡിസൈൻ ചെയ്തിരിക്കുന്നത്. ഉയർന്ന ഗുണനിലവാരമുള്ള പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച മൂന്ന് അറകളാണ് ഇതിനുള്ളത്. 63 ലീറ്റർ ആണ് സംഭരണശേഷി. ഒന്ന് നിറയുമ്പോൾ അടുത്തത് ഉപയോഗിക്കാവുന്ന രീതിയിലാണ് സംവിധാനം. നിറയുന്ന അറ താഴേക്ക് മാറ്റി താഴെയുള്ളത് മുകളിൽ വയ്ക്കാം. ഇത് ആർക്കും നിഷ്പ്രയാസം ചെയ്യാവുന്നതേയുള്ളൂ. 26–28 ദിവസംകൊണ്ട് മാലിന്യം വളമായി മാറും. ഇത് നീക്കം ചെയ്ത ശേഷം ആ അറ വീണ്ടും ഉപയോഗിക്കാം.

aerobic-bins-trivandrum മാലിന്യ സംസ്കരണത്തിന് സ്ഥാപിച്ചിട്ടുള്ള തുമ്പൂർമൂഴി എയ്റോബിക് ബിന്നുകൾ...

ഭക്ഷണമാലിന്യം നിക്ഷേപിച്ച് മുകളിലേക്ക് അൽപം ചകിരിച്ചോർ വിതറിയ ശേഷം ബിൻ അടച്ചുവയ്ക്കുകയാണ് വേണ്ടത്. അടുത്ത തവണ ഇതിനു മുകളിലേക്ക് വീണ്ടും മാലിന്യം നിക്ഷേപിക്കാം.

ഒട്ടും സ്ഥലം നഷ്ടപ്പെടുന്നില്ല, ഉപയോഗിക്കാൻ വളരെ സൗകര്യം എന്നിവയാണ് പുതിയ കിച്ചൻ ബിന്നിന്റെ പ്രധാന സവിശേഷതകൾ. മാലിന്യത്തിൽനിന്ന് ഒലിച്ചിറങ്ങുന്ന വെള്ളവും ജൈവവിഘടന സമയത്ത് ഉണ്ടാകുന്ന ചെറിയ പുഴുക്കളുമൊന്നും പുറത്തേക്ക് വരില്ല എന്നതും മേന്മയാണ്. അടിഭാഗത്ത് എലി കരളുന്നതുപോലെയുള്ള പ്രശ്നങ്ങളും ഉണ്ടാകില്ല. വളരെ ചെറിയ സുഷിരങ്ങളുള്ള രീതിയിലാണ് ബിന്നിന്റെ ഘടന.

waste-bins-trivandrum അജൈവ മാലിന്യങ്ങൾ ഇനം തിരിച്ച് സംഭരിച്ചിരിക്കുന്നു.

1800 രൂപ വിലയുള്ള കിച്ചൻ ബിൻ സൗജന്യമായാണ് വീട്ടുകാർക്ക് നൽകുന്നത്. ബിന്നിന്റെ ഉടമസ്ഥാവകാശം കോർപറേഷനായിരിക്കും എന്നു മാത്രം. സാങ്കേതികോപദേശം നൽകുന്നതിനും അജൈവ മാലിന്യങ്ങളും വളവും ശേഖരിക്കുന്നതിനുമായി സർവീസ് പ്രൊവൈഡറുടെ സേവനവും കോർപറേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള വാടകയായി പ്രതിമാസം 200 രൂപ വീട്ടുകാർ സർവീസ് പ്രൊവൈഡർക്ക് നൽകണം. മാലിന്യം വിഘടിക്കുന്നതിനാവശ്യമായ ബാക്ടീരിയ ലായനി തളിച്ച 10 കിലോ ചകിരിച്ചോറും പദ്ധതിയുടെ ഭാഗമായി വീട്ടുകാർക്ക് ലഭിക്കും. ഇതിനുതന്നെ ഏകദേശം 130 രൂപ വിലവരും.

waste-disposal-trivandrum-model ഭക്ഷണമാലിന്യം നിക്ഷേപിച്ച ശേഷം മുകളിൽ ചകിരിച്ചോർ വിതറി ബിൻ അടച്ചുവയ്ക്കുകയേ വേണ്ടൂ...

അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ ഭക്ഷ്യമാലിന്യങ്ങളിൽനിന്ന് പ്രതിമാസം ശരാശരി ഏഴ് കിലോ ജൈവവളം ലഭിക്കും. ഇതിന് 270 രൂപയോളം വിലവരും. വളം വിൽക്കുന്നതിന് താൽപര്യമില്ലാത്തവർക്ക് സ്വന്തം കൃഷിയാവശ്യത്തിന് ഉപയോഗിക്കാം.

organic-compost അഞ്ച് അംഗങ്ങളുള്ള കുടുംബത്തിന്റെ ഭക്ഷ്യാവശിഷ്ടങ്ങളിൽനിന്നും പ്രതിമാസം ശരാശരി ഏഴ് കിലോ ജൈവവളം ലഭിക്കും.

ഇ–വേസ്റ്റും പുനരുപയോഗിക്കാം

പ്ലാസ്റ്റിക്, കുപ്പി, ലെതർ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ തുടങ്ങിയ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ‘അജൈവ മാലിന്യശേഖരണ കലണ്ടർ’ കോർപറേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത ദിവസം വീടുകളിലെത്തി ഇവ ശേഖരിക്കും. വൃത്തിയാക്കി തരംതിരിച്ചാണ് മാലിന്യം കൈമാറേണ്ടത്. കോർപറേഷന്റെ നേതൃത്വത്തിൽ ഇവ റീസൈക്ലിങ് പ്ലാന്റുകളിലേക്ക് അയയ്ക്കും.

collecting-waste പ്ലാസ്റ്റിക്, ഇ- വെയ്സ്റ്റ് തുടങ്ങിയവ ശേഖരിക്കുന്നതിനായി അജൈവ മാലിന്യശേഖരണ കലണ്ടർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വീടുകളിലെത്തി ശേഖരിക്കുന്നതിനു പുറമേ നഗരസഭ ഒരുക്കിയിരിക്കുന്ന തുമ്പൂർമുഴി എയ്റോബിക്ബിൻ യൂണിറ്റുകൾ, മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികൾ എന്നിവ വഴിയും അജൈവ മാലിന്യം ശേഖരിക്കുന്നുണ്ട്. ഹൗസിങ് കോളനികൾ, അപാർട്മെന്റുകൾ തുടങ്ങിയിടങ്ങളിലെ താമസക്കാര്‍ക്കെല്ലാം കൂടി പ്രയോജനപ്പെടുത്തുന്നതിനായി സ്ഥാപിച്ചിട്ടുള്ള വലിയ കംപോസ്റ്റർ സംവിധാനമാണ് തുമ്പൂർമുഴി എയ്റോബിക് യൂണിറ്റ്. പ്രത്യേക പരിശീലനം ലഭിച്ച സർവീസ് പ്രൊവൈഡർമാർക്കാണ് ഇതിന്റെയും നടത്തിപ്പു ചുമതല. നാലോളം സർവീസ് പ്രൊവൈഡർമാരാണ് ഇപ്പോള്‍ കോർപറേഷനിലുള്ളത്.

Read more on Waste Disposal Methods BioWaste Treatment