ഇത് വീട്ടമ്മമാരുടെ ഇഷ്ടഭാജനം!

അടുക്കളയുടെ മികവിനൊപ്പം ഭംഗി നിശ്ചയിക്കുന്ന ഘടകമായും കാബിനറ്റ് മാറിക്കഴിഞ്ഞു.

അടുക്കളയിലെ സാധനങ്ങൾ അടുക്കോടെയും ചിട്ടയോടെയും സൂക്ഷിക്കാനുള്ള ഇടമാണ് കാബിനറ്റ്. ഭക്ഷണം പാകംചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങൾ, ഉപ്പ് തൊട്ട് കർപ്പൂരം വരെ ഇട്ടുവയ്ക്കുന്ന കുപ്പികൾ, മിക്സിയും അവ്നും പോലെയുള്ള അടുക്കളസഹായികൾ ഇത്യാദി സാധനങ്ങളെല്ലാം കാബിനറ്റിനുള്ളില്‍ സൂക്ഷിക്കുന്നതാണ് ഇപ്പോഴത്തെ രീതി. എലിയുടെയും പല്ലിയുടെയുമൊന്നും ശല്യമുണ്ടാകില്ല എന്നാണ് വയ്പ്പെങ്കിലും കാഴ്ചയ്ക്കുള്ള ഭംഗി തന്നെയാണ് കാബിനറ്റിനെ വീട്ടമ്മമാരുടെ ഇഷ്ടഭാജനമാക്കിയ ഘടകം. വെറും ചതുരക്കൂടുകൾ എന്നതിൽനിന്ന് മാറി വീട്ടുകാരുടെ ഇഷ്ടങ്ങളുടെയും അഭിരുചിയുടെയും പ്രതിഫലനവേദിയായി കാബിനറ്റുകൾ മാറി എന്നതാണ് പുതിയ വാർത്ത. നിർമാണവസ്തുക്കൾ, ഡിസൈൻ, നിറം... എന്നിവയിലെല്ലാം ഇതിനനുസരിച്ചുള്ള വൈവിധ്യങ്ങൾ ദൃശ്യമാണ്.

ആദ്യമേ തീരുമാനിക്കണം

തടി, പ്ലൈ വുഡ്, എംഡിഎഫ്, പാർട്ടിക്കിൾ ബോർഡ്, സ്റ്റീൽ, അലുമിനിയം, ഗ്ലാസ് എന്നിവയൊക്കെ കാബിനറ്റ് ഷട്ടർ നിർമിക്കാൻ ഉപയോഗിക്കാം.

അടുക്കളയിൽ എവിടെയൊക്കെ ഏത് തരത്തിലുള്ള കാബിനറ്റാണ് പിടിപ്പിക്കേണ്ടത് എന്ന കാര്യം വീടുപണി തുടങ്ങുന്ന സമയത്ത് തന്നെ തീരുമാനിക്കുകയാണ് ഏറ്റവും അഭികാമ്യം. ബജറ്റ്, അടുക്കളയുടെ വലുപ്പം, വീട്ടുകാരുടെ ജീവിതശൈലി എന്നീ കാര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കണം ഈ തീരുമാനം. വീടിന്റെ പ്ലാനിനൊപ്പം തന്നെ അടുപ്പ്, സിങ്ക്, ഫ്രിഡ്ജ്, കാബിനറ്റ്, ഫർണിച്ചർ തുടങ്ങിയവയുടെയെല്ലാം സ്ഥാനവും അളവുകളും രേഖപ്പെടുത്തിയ ‘അടുക്കള രൂപരേഖ’ അഥവാ ‘കിച്ചൻ ലേഔട്ട്’ കൂടി തയാറാക്കി മുന്നോട്ടുപോകാനായാൽ കാര്യങ്ങൾ എളുപ്പമാകും.

തടി കൊണ്ടുള്ള കിച്ചൻ കാബിനറ്റിന് ധാരാളം ആരാധകരുണ്ട്.

സാധാരണ ഒരു മുറി പോലെതന്നെ അടുക്കള പണിത ശേഷം പല മൊഡ്യൂളുകൾ കൂട്ടിച്ചേർത്ത് കാബിനറ്റ് തയാറാക്കി ഒരുക്കുന്ന അടുക്കളയെയാണ് ‘മോഡുലാർ കിച്ചൻ’ എന്നു പറയുന്നത്. പണം കുറവാണെങ്കിൽ പൂർണമായി ഈ രീതി പിന്തുടരാതെ അടുക്കളയോടൊപ്പം കോൺക്രീറ്റിന്റെയോ ഫെറോസിമന്റിന്റെയോ ഷെൽഫുകളും സ്ലാബുകളും നിർമിച്ച ശേഷം അതിന് തടിയുടെയോ മറ്റോ അടപ്പ് പിടിപ്പിച്ച് കാബിനറ്റ് തയാറാക്കുന്ന രീതി പിന്തുടരാം. കാബിനറ്റിന് ഉള്ളിൽ സാധനങ്ങൾ വയ്ക്കാനുള്ള ‘സ്റ്റീൽ ബാസ്കറ്റ്’, വശങ്ങളിൽ പിടിപ്പിക്കാനുള്ള ‘സ്റ്റീൽ ചാനൽ’ എന്നിവയൊക്കെ വാങ്ങാൻ ലഭിക്കും. ഏത് രീതി പിന്തുടർന്നാലും ഉള്ളിൽ സൂക്ഷിക്കേണ്ട സാധനങ്ങൾ, പാത്രങ്ങളുടെയും മറ്റും വലുപ്പം തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് കാബിനറ്റിന്റെ വലുപ്പവും എണ്ണവും തീരുമാനിക്കേണ്ടത്.

അത് യൂറോപ്പ്; ഇത് ഇന്ത്യ

യൂറോപ്യൻ രാജ്യങ്ങളിലെ മോഡുലാർ കിച്ചൻ അതേപടി പകർത്തിയാൽ കാഴ്ചയ്ക്ക് ഭംഗിയുണ്ടാകുമെങ്കിലും പല പ്രായോഗിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുമെന്നതാണ് ഓർക്കേണ്ട കാര്യം. രണ്ട് സ്ഥലങ്ങളിലെയും ഭക്ഷണശൈലി, കാലാവസ്ഥ എന്നിവ നേരെ വിപരീതമാണെന്നതാണ് കാരണം. ഈർപ്പമുള്ള കാലാവസ്ഥയിൽ കേടാകാത്ത തരം വസ്തുക്കൾ കൊണ്ടായിരിക്കണം കാബിനറ്റ് നിർമിക്കേണ്ടത്. നമ്മുടെ പാചകശൈലിയനുസരിച്ചുള്ള വലിയ പാത്രങ്ങളും മറ്റും സൂക്ഷിക്കാനുള്ള സൗകര്യവും ഉണ്ടാകുകയും വേണം.

ഈർപ്പം കൂടുതലുള്ള നമ്മുടെ കാലാവസ്ഥയിൽ കേടുവരാത്ത നിർമാണ വസ്തു കൊണ്ടു വേണം കാബിനറ്റ് തയാറാക്കാൻ.

മിക്ക വീടുകളിലും അടുക്കളയോടൊപ്പം സ്റ്റോർ മുറിയും വർക് ഏരിയയുമൊക്കെ ഉണ്ടാവുമെന്നതിനാൽ കുറേ സാധനങ്ങൾ അവിടെ സൂക്ഷിക്കാനുള്ള സൗകര്യമൊരുക്കുന്നതാണ് നല്ലത്. ഇപ്പോൾ മുക്കിന് മുക്കിന് സൂപ്പർ മാർക്കറ്റുകൾ ഉള്ളതിനാൽ ചാക്കുകണക്കിന് സാധനങ്ങൾ വാങ്ങി ആരും സൂക്ഷിക്കുന്നില്ല എന്ന കാര്യവും ഓർക്കണം. സ്റ്റോറേജിന് കടക്കാർ സ്ഥലം കണ്ടെത്തിക്കൊള്ളും; നമ്മൾക്ക് അത്യാവശ്യമുള്ളതുമാത്രം വീട്ടിൽ സൂക്ഷിച്ചാൽ പോരേ എന്നതാണ് പുതിയ ലൈൻ.

അതുപോലെ എപ്പോഴും ആവശ്യംവരുന്ന പഞ്ചസാര, കാപ്പിപ്പൊടി, ഉപ്പ് തുടങ്ങിയവ കാബിനറ്റിനുള്ളിൽ വയ്ക്കാതെ കാണാൻ ഭംഗിയുള്ള കുപ്പിയിലാക്കി ഓപൻ ഷെൽഫിൽ വയ്ക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. കൈയെത്തി എടുക്കാൻ പാകത്തിനുള്ള അകലത്തിലും ഉയരത്തിലും അത്യാവശ്യ സാധനങ്ങളെല്ലാം ഉണ്ടാകുമ്പോഴാണ് അടുക്കള ജോലി എളുപ്പമാകുന്നത്.

തടി മുതൽ അക്രിലിക് വരെ

കാബിനറ്റിന് ഉള്ളിലെ ചതുരപ്പെട്ടി (ബോക്സ്) നിർമിക്കാൻ പ്ലൈവുഡ്, മറൈൻപ്ലൈ, പാർട്ടിക്കിൾ ബോർഡ്, എംഡിഎഫ് തുടങ്ങിയവയൊക്കെയാണ് ഉപയോഗിക്കുന്നത്. ഈർപ്പം തട്ടി കേടാകാത്ത തരത്തിൽ ഉയർന്ന ഗുണനിലവാരമുള്ള നിർമാണവസ്തു തിരഞ്ഞെടുക്കണം എന്ന കാര്യമാണ് ശ്രദ്ധിക്കേണ്ടത്. കാബിനറ്റിന്റെ അടപ്പ് അഥവാ ‘ഷട്ടർ’ ആണ് പുറമേ കാണുന്ന ഭാഗം. തടി, ലാമിനേറ്റഡ് പ്ലൈ, ബാംബൂ പ്ലൈ, എംഡിഎഫ്, വെനീർ, ഗ്ലാസ്, സ്റ്റീൽ, അലുമിനിയം, അക്രിലിക് തുടങ്ങിയവയൊക്കെ ഇതിനായി ഉപയോഗിക്കാം. ഇവയ്ക്കൊക്കെ ഇഷ്ടപ്പെട്ട നിറം, ഫിനിഷ് എന്നിവ നൽകുന്നതാണ് പുതിയ ട്രെൻഡ്. പ്രതലത്തിന്റെ തിളക്കവും പരുപരുപ്പുമനുസരിച്ച് മാറ്റ്, ഗ്ലോസി, സെമി മാറ്റ്, ലാക്കർ... തുടങ്ങി നിരവധി ഫിനിഷിൽ കാബിനറ്റ് ഷട്ടർ നിർമിക്കാനാകും. വൃത്തിയാക്കാൻ സൗകര്യമുള്ള നിർമാണവസ്തു തിരഞ്ഞെടുക്കണം എന്ന കാര്യമാണ് ശ്രദ്ധിക്കേണ്ടത്.

ഫ്രിഡ്ജ്, അവ്ൻ, ഡിഷ്‌വാഷർ തുടങ്ങിയ ഉപകരണങ്ങളും കാബിനറ്റിന് ഉള്ളിൽ വരുംവിധം അടുക്കള ക്രമീകരിക്കുന്ന രീതിക്കാണ് ഇപ്പോൾ പ്രചാരം കൂടുതൽ. ഇതനുസരിച്ച് വയറിങ്, പ്ലമിങ് പോയിന്റുകൾ ആദ്യമേ നിശ്ചയിക്കണം. ഫ്രിഡ്ജ് കാബിനറ്റിന് ഉള്ളിലാണ് വരുന്നതെങ്കിലും അതിന്റെ സ്വിച്ച് പുറത്ത് സൗകര്യപ്രദമായ സ്ഥലത്ത് വരുന്നതാണ് നല്ലത്. മിക്സിയും മറ്റും വയ്ക്കുന്ന സ്ഥലത്ത് ഒന്നിലധികം പ്ലഗ് പോയിന്റുകൾ വരുന്ന ‘പവർ ഔട്ട്‌ലെറ്റ്’ പിടിപ്പിക്കാം.

വിവരങ്ങൾക്ക് കടപ്പാട്:

ആർ.എസ്. ലിസ, ആർക്കിടെക്ട്, തിരുവനന്തപുരം