വെള്ളപ്പൊക്കത്തെ നേരിട്ട് കുട്ടനാട്ടിലെ ‘ഉയർന്ന വീടുകൾ’. ഒരു നിലയുടെ ഉയരത്തിൽ പില്ലർ ഉറപ്പിച്ച് അതിനു മുകളിൽ വീടു വയ്ക്കുന്ന രീതിയാണു കുട്ടനാട്ടിൽ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നത്. ഇത്തരത്തിൽ നിർമിച്ച വീടുകൾക്കുള്ളിൽ ഇപ്പോഴുണ്ടായ മഴയിൽ വെള്ളം കയറിയിട്ടില്ല. ഒരു ദശാബ്ദമായി ആരംഭിച്ച ഈ രീതിക്ക് ഇപ്പോൾ പല സ്ഥലങ്ങളിലും പ്രചാരമേറി. പമ്പാ നദിയുടെ കരകളിലുള്ള പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള വീടുകൾ ഇപ്പോൾ കൂടുതൽ നിർമിക്കുന്നത്. കൈനകരി, പുളിങ്കുന്ന്, കാവാലം, ചമ്പക്കുളം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇത്തരത്തിലുള്ള വീടുകളുണ്ട്.
റിസോർട്ടുകൾ നിർമിക്കുന്നവരും ഈ രീതി പിന്തുടരുന്നു. എസി റോഡിന്റെ വശങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളും ഉയരത്തിൽ നിർമിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ വെള്ളപ്പൊക്ക സാധ്യതാ മേഖലകളിൽ ഇത്തരത്തിൽ ഉയരത്തിലുള്ള വീടുകൾ വ്യാപകമാണ്. ഈ മാതൃകയാണു കുട്ടനാട്ടിലും പ്രാവർത്തികമാക്കിയത്.
മൂന്നു മീറ്ററോളം ഉയരത്തിൽ വീട് ഇരിക്കുന്നതിനാൽ വെള്ളം പൊങ്ങുമ്പോഴും വീടു സുരക്ഷിതമായിരിക്കും. വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കാത്തതിനാൽ നാശനഷ്ടങ്ങളും കുറവാകും.
എന്നാൽ ഈ മാർഗം ചെലവേറിയതു തന്നെയെന്നാണു വിദഗ്ധരുടെ അഭിപ്രായം. ഒരു നില പണിയുന്നതിന്റെ സമാനമായ ചെലവു തന്നെ പില്ലർ നിർമാണത്തിനും വേണമെന്നാണ് ഇവർ പറയുന്നത്.