ഒളിവിൽ താമസിച്ച ഇഎംഎസ്, ഗുരുവായൂർ കേശവൻ സിനിമ..ഇവിടെ ഓർമകൾ നിരവധി

തിരുവിതാംകൂർ പോലീസ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ അടിച്ചമർത്തിയിരുന്ന കാലം. അന്ന് ഇഎംഎസ് അടക്കമുള്ള നേതാക്കൾക്ക് വളർത്തില്ലമായിരുന്നു കടലായി മന. ചിത്രത്തിന് കടപ്പാട്- ശ്രീനു സംസ്‌കൃതി

ചാട്ടുകുളത്തു നിന്ന് ആന കൊണ്ടുവന്ന വിശേഷപ്പെട്ട ചെങ്കല്ലുകൊണ്ടാണ് കടലായി മന കെട്ടിപ്പൊക്കിയിരിക്കുന്നത്. ഇതിൽ ഒന്നുപോലും ചെത്തിത്തേച്ചിട്ടില്ല. തിരുവിതാംകൂർ ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരുടെ നേതൃത്വത്തിൽ തിരുവിതാംകൂർ പോലീസ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ അടിച്ചമർത്തിയിരുന്ന കാലം. അന്ന് ഇഎംഎസ് അടക്കമുള്ള നേതാക്കൾക്ക് വളർത്തില്ലമായിരുന്നു കടലായി മന.

കടലോളം സ്നേഹം നൽകിയാണ് കടലായി നാരായണൻ നമ്പൂതിരിപ്പാടും അനുജൻ അഷ്ടമൂർത്തി നമ്പൂതിരിപ്പാടും ഇവരെ സംരക്ഷിച്ചത്.

ഇഎംഎസ് ഒളിവിൽ താമസിച്ച മുറി.

നൂറ്റാണ്ടിന്റെ പഴക്കം കൈമുതലായുള്ള മനയുടെ നിർമാണം ഏതാണ്ട് പൂർത്തിയായി അഞ്ചു വർഷത്തിനുള്ളിൽ കാരണവരായ ശ്രീധരൻ നമ്പൂതിരിപ്പാട്, അദ്ദേഹത്തിന്റെ ഭാര്യ, സഹോദരൻ എന്നിവർ എന്നിവർ മരണപ്പെട്ടു. നന്നേ ചെറുപ്പത്തിൽത്തന്നെ അവരുടെ മക്കൾ മനയിൽ തനിച്ചായി.

കരിങ്കൽ തൂണുകളാണ് മനയുടെ നടുമുറ്റം അലങ്കരിക്കുന്നത്. തച്ചുശാസ്ത്ര വിദഗ്ധനായിരുന്ന പയ്യന്നൂർ നമ്പൂതിരിയുടെ വൈദഗ്ധ്യം ഉമ്മറത്തെ സൂത്രദ്വാരം മുതൽ കോണിപ്പടികളിൽ വരെ പതിഞ്ഞിരിക്കുന്നു. തന്നിലൂടെ പ്രവേശിക്കുന്ന വെളിച്ചത്തെ മനയുടെ എല്ലാ മുറികളിലും എത്തിക്കുന്നതാണ് സൂത്രദ്വാരത്തിന്റെ സൂത്രപ്പണി. കോണികളാകട്ടെ ഒന്നിൽനിന്നും അടുത്തതിലേക്ക് എന്ന ക്രമത്തിൽ നീളുന്നു. കടലായി മനയ്ക്ക് പത്തായപ്പുര നിർമിച്ചിട്ടില്ല! അതിനാൽ 16കെട്ടിന്റെ അടുക്കളയോടുചേർന്ന ഭാഗം പൊളിച്ചാണ് നെല്ല് ഉണക്കാനും സൂക്ഷിക്കാനുമുള്ള സൗകര്യമുണ്ടാക്കിയത്.

മനയിലെ ചെങ്കൽ വൈദഗ്ധ്യം പ്രകടമാക്കുന്ന ചുമരും സൂത്രഓട്ടയും.

പരദേവതയായ കാഞ്ചി കാമാക്ഷിയാണ് മനയിലെ പ്രതിഷ്ഠ. വള്ളത്തോൾ, പ്രേംജി, ബാലാമണിയമ്മ തുടങ്ങിയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഇവിടുത്തെ സന്ദർശകരായിരുന്നു. ഗുരുവായൂർ കേശവനാണ് കടലായി മനയിൽ ചിത്രീകരിച്ച സിനിമകളിൽ ഏറ്റവും ശ്രദ്ധേയം. ഒട്ടേറെ സീരിയലുകൾക്കും മന വേദിയായിട്ടുണ്ട്.

മനയുടെ സവിശേഷതകകൾ

  • വള്ളത്തോളിന്റെ മരണശേഷം അദ്ദേഹത്തിന്റെ കയ്യെഴുത്തുപ്രതിയായ മാതംഗലീല കണ്ടെടുത്തത് ഇവിടെനിന്നാണ്.

  • പാട്ടബാക്കി നാടകത്തിന്റെ രചനയ്ക്കും റിഹേഴ്സലുകൾക്കും വേദിയായി.

  • 16കെട്ടിൽ പത്തായപ്പുര നിർമിച്ചിട്ടില്ല.