കാട്ടുമാടം മനയുടെ മുറ്റത്തെ ഒറ്റത്തടി പ്ലാവിൽ തീർത്ത തൂണിന്റെ, ഒക്കത്തിരിക്കുന്ന സിസിടിവി ക്യാമറ ഇമചിമ്മാതെ ദൃശ്യങ്ങൾ പകർത്തുകയാണ്. കഴിഞ്ഞ കുറെ വർഷത്തെ മനയുടെ ചരിത്രം പറയാൻ ഈ ക്യാമറയ്ക്ക് കഴിഞ്ഞേക്കും. എന്നാൽ പല നൂറ്റാണ്ടുകൾ പഴക്കം കണക്കാക്കുന്ന അപൂർവമായ മാന്ത്രികവിദ്യകളുടെ ചരിത്രമുറങ്ങുന്ന കാട്ടുമാടം മനയുടെ സംഭവബഹുലമായ ഭൂതകാലം നിർവചിക്കാൻ ആർക്കാണ് കഴിയുക!..
താന്ത്രിക കർമങ്ങൾ നടത്തുന്നതിന് പരശുരാമൻ ആറു ബ്രാഹ്മണകുടുംബങ്ങളെ നേരിട്ട് ചുമതലപ്പെടുത്തിയെന്നാണ് വിശ്വാസം. ഇതിലൊന്നാണ് കാട്ടുമാടം കുടുംബം എന്നാണ് ഐതിഹ്യം. പൊന്നാനിയിലെ പെരുമ്പടപ്പ് ഗ്രാമത്തിലാണ് കാട്ടുമാടം മന സ്ഥിതി ചെയ്യുന്നത്. നിർമാണചാതുര്യത്തിൽ മന വേറിട്ടുനിൽക്കുന്നു. ഉമ്മറത്തെ കൂറ്റൻ പ്ലാവിൻതൂണുകളിൽ തുടങ്ങി കരിവീട്ടികളിൽനിന്നു പിറവിയെടുത്ത തെക്കിനിയുടെ തട്ടുകളിലേക്കുവരെ നീളുന്നതാണ് തടികൊണ്ടുള്ള അലങ്കാരപ്പണിയിലെ വൈദഗ്ധ്യം. നൂറ്റാണ്ടുകൾക്കു മുൻപ് മനയിലെ ഒറ്റത്തടിത്തൂണുകളും കല്ലുമായി ഒട്ടിച്ചുചേർത്തിരുന്ന സാങ്കേതികവിദ്യ ആധുനികശാസ്ത്രത്തിനു ഇനിയും എത്തിപ്പിടിക്കാനായിട്ടില്ല.
കാലം പരിണമിച്ചതോടെ മനയും ഹൈടെക്കായി. നടുമുറ്റം ടൈൽസ് പാകിയിരിക്കുന്നു. വവ്വാലിനെ മറ്റും അകറ്റാനായി നടുമുറ്റത്തിനുമീതെ ഗ്രില്ലുകൊണ്ടുള്ള ആവരണവും തീർത്തിട്ടുണ്ട്. മനയോടു ചേർന്നുള്ള തറവാട്ടുകുളം നാട്ടുകാർക്കായി തുറന്നു കൊടുത്തിട്ടുണ്ട്.
അന്ന് പണിക്കെത്തിയിരുന്നവർക്ക് കഞ്ഞിവീഴ്ത്തിയിരുന്ന തടി കൊണ്ടുള്ള പാത്തി ഇന്നും കാട്ടുമാടത്തെ വരാന്തയിൽ പൊടി പിടിച്ചു കിടപ്പുണ്ട്.
300 ആളുകൾക്ക് ഒരേസമയം ഇരുന്നുണ്ണാൻ സൗകര്യമുണ്ടായിരുന്ന ഊണുമുറി, എട്ടുകെട്ടിന്റെ ഒരുഭാഗം, ആറുമുറികളുണ്ടായിരുന്ന കൂറ്റൻ പത്തായപ്പുര, എന്നിവ ദശാബ്ദങ്ങൾക്കു മുൻപേ പൊളിച്ചുനീക്കി. അവശേഷിക്കുന്ന രണ്ടു പത്തായപ്പുരകളിൽ ഒന്നിൽ ക്ഷേത്രത്തിൽ പൂജയ്ക്കെത്തുന്ന പൂജാരികളും പരികർമികളുമാണ് താമസം.