തുളുനാടിന്റെ തനിമയിൽ വിസ്മയമായി ഒരു ഇല്ലം

രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുള്ള പുല്ലൂര്‍ മാക്കരംകോട്ട് ഇല്ലത്തിന്റെ വിശേഷങ്ങൾ... ചിത്രങ്ങൾക്ക് കടപ്പാട്‌- ജയേഷ് എൻ ജി

വടക്കൻ കേരളത്തിന്റെ അതിർത്തിയായ കാസർകോട്ടും വാസ്തുവിദ്യാപാരമ്പര്യത്തിന്റെയും പ്രൗഢിയുടെയും പ്രതീകങ്ങളായി തലയുയർത്തി നിൽക്കുന്ന നിരവധി തറവാടുകളും മനകളുമുണ്ട്. രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുള്ള പുല്ലൂര്‍ മാക്കരംകോട്ട് ഇല്ലം തുളുനാടൻ വാസ്തു ശൈലിയിൽ നിർമ്മിച്ച മനോഹരമായൊരു നാലുകെട്ടാണ്. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്താണ് ഇല്ലം സ്ഥിതി ചെയ്യുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് പണി തീര്‍ത്ത ഇല്ലത്തിന്റെ ശില്‍പചാതുരി കാലത്തെ വെല്ലുന്നതാണ്. വെട്ടുകല്ലിലും, മരത്തിലും പണിത ഇല്ലത്തിനകത്ത് പ്രവേശിച്ചാൽ നട്ടുച്ചക്ക് പോലും നല്ല കുളിർമ്മയാണ്. ഒരു അതിഥി മന്ദിരവും ഇല്ലത്തോടുചേർന്നു സ്ഥിതി ചെയ്യുന്നു.

വാസ്തുവിദ്യ അനുസരിച്ച് ഇല്ലത്തെ കൊട്ടില, പടിഞ്ഞാറ്റ, അടുക്കള, നടുത്തളം എന്നിങ്ങനെ പല ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മുകളിൽ മാത്രമായി എട്ടുമുറികളും, വലിയ ഹാളും, ബാൽക്കണിയും, താഴെ നടുമുറ്റവും, മുറികളും, വിശാലമായ അടുക്കളയും, മനയ്ക്ക് ഉള്ളിലായി വലിയൊരു കിണറും അടങ്ങിയിരിക്കുന്നു. 

തണൽമരങ്ങൾ കുടപിടിക്കുന്ന വിശാലമായ മുറ്റവും, പറമ്പിനോട് ചേർന്ന് തെളിഞ്ഞ വെള്ളമുള്ള കുളവും. കുളത്തിന്റെ പടിക്കെട്ട് പ്രാചീന ശില്‍പചാതുരിയുടെ പകിട്ട് വിളിച്ചോതുന്നു.

ഷാജി.എന്‍.കരുണ്‍ സംവിധാനം ചെയ്ത പിറവി സിനിമയുടെ ഒട്ടേറെ രംഗങ്ങള്‍ ചിത്രീകരിച്ചത് ഇവിടെ വെച്ചായിരുന്നു. നിരവധി സന്ദർശകർ ഈ മനയുടെ പ്രൗഢിയും സൗന്ദര്യവും ആസ്വദിക്കാനെത്താറുണ്ട്.