നാവിൽ കൊതിയൂറും മാമ്പഴക്കാലമാണ് പാലക്കാട് ജില്ലയിലെ മുതലമടയിൽ. 15 ഇനം മാമ്പഴങ്ങളും, 40 വ്യത്യസ്ത ഇനങ്ങളിലുള്ള നാട്ടുമാങ്ങകളും ഇടതൂർന്നു കായ്ച്ചുകിടക്കുന്ന സുന്ദരക്കാഴ്ചയും പ്രതിവർഷം നടക്കുന്ന 600 കോടി രൂപയുടെ മാങ്ങ ബിസിനസും ‘മാംഗോ സിറ്റി’യെന്ന വിളിപ്പേരു മുതമലടയ്ക്കു നൽകുന്നു. 2,500 മാങ്ങാ കർഷകരും മാന്തോപ്പുകൾ ഓരോ വർഷവും പാട്ടത്തിനെടുത്തു വിളവെടുക്കുന്ന എഴുന്നൂറോളം പേരും ചേർന്നു 4,000 ഹെക്ടറിൽ വാണിജ്യാടിസ്ഥാനത്തിലാണു മുതലമടയിലെ മാങ്ങാക്കൃഷി.
സമീപ പഞ്ചായത്തുകളായ എലവഞ്ചേരി, കൊല്ലങ്കോട് എന്നിവിടങ്ങളിലെ കൃഷി കൂടി കണക്കിലെടുത്താൽ 5,000 ഹെക്ടറിന് അടുത്തുവരും. ഒരു സീസണിൽ ഇവിടെ നിന്ന് 50,000 ടൺ മാങ്ങ ലഭിക്കുന്നു. വിളവെടുപ്പു സമയങ്ങളിൽ മാങ്ങ പായ്‌ക്കിങ്, കവർ നിർമാണം, മാങ്ങ പറിക്കൽ, വാഹന ഡ്രൈവർമാർ എന്നിങ്ങനെ വിവിധ മേഖലകളിൽ കുറഞ്ഞത് 20,000 പേർക്കു പരോക്ഷമായും തൊഴിൽ ലഭിക്കുന്നു.
രാജ്യത്തെ മറ്റിടങ്ങളിൽനിന്നു വ്യത്യസ്തമായി ആദ്യം പൂവിടുകയും കായ്‌ക്കുകയും ചെയ്യുന്ന ഇവിടെ വിളവെടുപ്പ് ഡിസംബർ അവസാനം– ജനുവരി ആദ്യം ആരംഭിക്കുന്നതിനാൽ സാധാരണ നല്ല വില ലഭിക്കാറുണ്ട്. ആദ്യം വിളവെടുക്കുന്ന ഭൂരിഭാഗവും കയറ്റുമതി ചെയ്യുകയാണു പതിവ്.
മാങ്ങകളിലെ തലയെടുപ്പുള്ളവരെല്ലാം മാംഗോ സിറ്റിയിലുണ്ട്. അൽഫോൻസ, ബങ്കനപ്പള്ളി, സിന്ദൂരം (ശെന്തൂരം), ദോത്താപുരി (കിളിച്ചുണ്ടൻ), കാലാപാടി, നടശാല (നടുചേല), ഹിമാപസന്ത്, മൽഗോവ, ശർക്കരക്കുട്ടി, പ്രിയോർ, മൂവാണ്ടൻ, ഗുദാദത്ത്, നീലം, റുമാനിയ, ചീരി തുടങ്ങിയവയെല്ലാം ഇവിടെ വിളവെടുക്കുന്നു. ഇതിനു പുറമേയാണ് വ്യത്യസ്ത ഇനങ്ങളിലുള്ള നാട്ടുമാങ്ങകളും.
മുതലമടയിലെ രുചി ഉത്തരേന്ത്യയിലും
രാജ്യത്തിനകത്ത് ഡൽഹി, അഹമ്മദാബാദ്, മുംബൈ, പഞ്ചാബ്, ഇൻഡോർ എന്നിവിടങ്ങളിലേക്കാണു മുതലമട മാങ്ങ കയറിപ്പോകുന്നത്. ഇവിടെയും അൽഫോൻസയ്ക്കാണു പ്രിയമെങ്കിലും ഹിമാപസന്ത്, ബെങ്കനപ്പള്ളി, സിന്ദൂരം എന്നിവയ്ക്കും ഇഷ്ടക്കാരേറെ. രാജ്യത്ത് മാങ്ങ ആദ്യം കായ്ക്കുന്നതിനു പുറമേ രുചിക്കൂടുതലും മുതലമട മങ്ങകളെ ഉത്തരേന്ത്യയിൽ പ്രിയങ്കരമാക്കുന്നു. മാങ്ങ ഫ്ലേവറിലുള്ള ജ്യൂസ്, ശീതളപാനീയം എന്നിവയ്ക്കുള്ള പൾപ്, മാങ്ങാ സത്ത് എന്നിവയ്ക്കായി ഏറ്റവും കൂടുതൽ പോകുന്നതു കിളിച്ചുണ്ടനാണ്. മാംസളത കൂടുതലുള്ളതാണു കാരണം. കേരള വിപണിയിൽ ഏറ്റവും പ്രിയം മൂവാണ്ടൻ, കിളിച്ചുണ്ടൻ എന്നിവയ്ക്കാണ്.
തൈ തമിഴ്നാട്ടിൽനിന്നു വരും
തമിഴ്നാടിനോടു ചേർന്ന പ്രദേശമായതിനാലും ചൂടുകൂടിയ കാലാവസ്ഥയായതിനാലും തമിഴ്നാട്ടിലെ തിരുപ്പെത്തൂരിലുള്ള നഴ്സറികളിലെ തൈകളാണു കൃഷിക്ക് ഉപയോഗിക്കുന്നത്. കർഷകർ സ്വന്തം നിലയ്ക്കും കർഷക കൂട്ടായ്മകൾ മുഖേനയും തൈകൾ എത്തിക്കുന്നു. കാലവർഷത്തിന്റെ ആദ്യമഴയ്ക്കു ശേഷമാണു തൈനടീൽ. രണ്ടടി നീളത്തിലും രണ്ടടി ആഴത്തിലും കുഴിയെടുക്കലാണ് ആദ്യഘട്ടം. ഇതിൽ മുക്കാൽ ഭാഗം മേൽമണ്ണ്, ചാണകപ്പൊടി, ചാരം എന്നിവ ചേർന്ന മിശ്രിതം നിറയ്ക്കും. ഇതിൽ പിള്ളക്കുഴിയെടുത്തു തൈയുടെ ബഡ് ചെയ്ത ഭാഗം മൂടും വരെ മണ്ണുനിറയ്ക്കും. രണ്ടു തൈകൾ തമ്മിൽ 25 മുതൽ 30 അടി വരെ ദൂരമുണ്ടാകും. തൈകൾ തമ്മിലുള്ള അകലം 30 അടിയാണെങ്കിൽ ഒരേക്കറിൽ 60–70 മാവുകളുണ്ടാകും. 25 അടിയാണെങ്കിൽ ഇത് 90–100 വരെയാകും. 30 അടി അകലത്തിൽ നടുന്ന രണ്ടു മാവിൻ തൈകളുടെ ശിഖരങ്ങൾ 15 വർഷത്തിനുശേഷം കൂട്ടിമുട്ടുമത്രേ. 25 അടി ദൂരത്തിൽ നടുന്ന രണ്ടു തൈകളുടെ ശിഖരങ്ങൾ തമ്മിൽ കൂട്ടിമുട്ടാൻ 10 വർഷം മതി.
മൂന്നാം വർഷം വിളവെടുക്കാം
തൈ നട്ട് ഒരുവർഷം കഴിയുമ്പോൾ കാലവർഷത്തിലെ ആദ്യമഴയ്ക്കു ശേഷം ചാണകം, ആട്ടിൻകാഷ്ഠം എന്നിവ മിശ്രിതമാക്കി തൈയുടെ ചുവട്ടിൽ ഇടും. ചുറ്റുമുള്ള മണ്ണെടുത്തു തടയാക്കി ഒരുക്കും. മഴയിൽ ഇതു വലിച്ചെടുക്കുന്നതോടെ വളർച്ച വേഗത്തിലാകും. ഇത് എല്ലാ വർഷവും തുടരും. ബഡ് ചെയ്ത മികച്ചയിനം തൈകളാണ് നടുന്നതെന്നതിനാൽ മൂന്നു വർഷമാകുന്നതോടെ മാവുകൾ കായ്ച്ചു തുടങ്ങും.
യൂറോപ്പിന് അൽഫോൻസ; ഗൾഫിൽ ബെങ്കനപ്പള്ളി
മാങ്ങകളിലെ കേമൻമാരായ അൽഫോൻസയും ബെങ്കനപ്പള്ളിയുമാണു കയറ്റുമതിയിൽ മുന്നിൽ. യൂറോപ്പ്, ഗൾഫ് രാജ്യങ്ങളിലേക്കാണ് മാങ്ങ കയറ്റുമതി ഏറെയും. യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും പ്രിയം അൽഫോൻസയ്ക്കാണ്. ബെങ്കനപ്പള്ളി ഇനത്തിനും യൂറോപ്പിൽ ആവശ്യക്കാരേറെയുണ്ട്. ദുബായ്, സൗദി അറേബ്യ, ദോഹ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നേരെ മറിച്ചാണു സ്ഥിതി. അവിടെ കൂടുതൽ ആരാധകർ ബെങ്കനപ്പള്ളിക്കാണ്. അൽഫോൻസയ്ക്കും ആവശ്യക്കാർ ഏറെ. സിന്ദൂരം, ദോത്താപുരി (കിളിച്ചുണ്ടൻ) എന്നിവയും പ്രിയപ്പെട്ടതാണ്. കാലാപാടി, ഹിമാപസന്ത് എന്നിവയ്ക്കും ഗൾഫ് മേഖലയിൽ ആവശ്യക്കാരുണ്ട്. ഇവ ദുബായിൽ എത്തിച്ച് അവിടെനിന്നാണു മറ്റു ഗൾഫ് രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നത്.
ജൈവവളത്തിലേക്കു മാറുന്നു
രാസവള പ്രയോഗത്തെക്കുറിച്ചുള്ള പ്രചാരണങ്ങളെ തുടർന്ന് ഏറെ തിരിച്ചടി നേരിട്ട മുതലമടയിലെ കർഷകർ തിരിച്ചുവരവിന്റെ പാതയിലാണ്. കയറ്റുമതി ചെയ്ത മാങ്ങകൾ ഏതാനും വർഷം മുൻപു തിരിച്ചയയ്ക്കപ്പെട്ടതും മുതലമട മാങ്ങയുടെ സ്വാഭാവിക രുചി കുറഞ്ഞതും രാസവള പ്രയോഗത്തിൽനിന്നു പിന്മാറാൻ കർഷകരെയും മാങ്ങാ വ്യാപാരികളെയും പ്രേരിപ്പിച്ചു. രാസവള പ്രയോഗത്തെ തുടർന്നു മുൻപുണ്ടായതിനേക്കാൾ മാങ്ങകൾ ഒരു കുലയിലുണ്ടായതു മാങ്ങകളുടെ സ്വാഭാവിക വലുപ്പം കുറച്ചു. പരാഗണത്തിനു സഹായിക്കുന്ന തേനീച്ച ഉൾപ്പെടെയുള്ളവയെ ബാധിച്ചതിനു പുറമേ കീടശല്യവും പെരുകിയതായി കർഷകർ പറഞ്ഞു. ഇതു മിത്രകീടങ്ങളെയും ഇല്ലാതാക്കി. മാമ്പൂക്കളിൽ കാണുന്ന തുള്ളൻ, പട്ടാളപ്പുഴു എന്നിവയാണ് ഇപ്പോൾ മാങ്ങാക്കർഷകരുടെ വില്ലൻ. ഇവ മാമ്പൂവുകളിൽ കാഷ്ഠിക്കുന്നതു കാരണം മാമ്പൂവുകൾ വ്യാപകമായി കൊഴിയും. ഇതിനെ അതിജീവിക്കുന്ന മാങ്ങകൾ വളർച്ച മുരടിച്ചു കൊഴിഞ്ഞുവീഴും. ഉണ്ണിമാങ്ങ പരുവമായാൽ പിന്നെ രാസവളപ്രയോഗമില്ലെന്നു കർഷകർ പറയുന്നു. പരമാവധി ജൈവവളങ്ങളാണ് ഇപ്പോൾ നൽകുന്നത്.
ഇടകലർന്നു നിൽക്കും; ഒരുമിച്ചു പൂവിടും
വിവിധയിനം മാവിൻ തൈകൾ ഇടകലർത്തി കൃഷിചെയ്യുന്ന രീതിയാണു മുതലമടയിലേത്. ഇതു പരാഗണം വേഗത്തിലാക്കാനും മാവുകളിലെ രോഗബാധ കുറയ്ക്കാനും സഹായിക്കുന്നു. വിവിധയിനം മാവിൻ തൈകൾ ഒരേസമയം പൂവിടുന്നതിനു കൃഷിവകുപ്പ് അംഗീകരിച്ച ‘കൾട്ടാർ’ ഗ്രോത്ത് ഹോർമാൺ ഉപയോഗിക്കുന്നതായി കർഷകർ പറഞ്ഞു. അഞ്ചുമുതൽ ഏഴു മില്ലിലീറ്റർ കൾട്ടാർ അഞ്ചു ലീറ്റർ വെള്ളത്തിൽ നേർപ്പിച്ചു 10 വർഷത്തിലേറെ വളർച്ചയുള്ള മാവിന്റെ തായ്ത്തടിയിൽ നിന്ന് ഒന്നരമീറ്റർ ദൂരെ കുഴിയെടുത്ത് ഒഴിക്കും. കർക്കടകത്തിലാണു പ്രയോഗം. ഇതോടെ വിവിധയിനം മാവുകൾ ഒരുപോലെ പുഷ്പിക്കും. പുഷ്പിച്ച് 90 ദിവസമാകുന്നതോടെ മാങ്ങ പറിക്കാൻ പാകമാകും.
വിമാനം കയറണമെങ്കിൽ ഗ്രേഡ് വേണം
മാങ്ങാത്തോട്ടങ്ങളിൽനിന്നു പറിക്കുന്ന മാങ്ങ സംഭരണ കേന്ദ്രങ്ങളിൽ എത്തിച്ച് ഓരോ ഇനമായി തിരിക്കും. ഓരോ ഇനവും നാലു ഗ്രേഡ് ആയി തിരിക്കും. മാങ്ങയുടെ വലുപ്പം, പാകം, രൂപം എന്നിവയൊക്കെ കണക്കിലെടുത്താണ് ഗ്രേഡിങ്. ഗേഡ്ര് ഒന്ന്, രണ്ട് എന്നിവ കയറ്റുമതി ചെയ്യാറാണു പതിവ്. പച്ചമാങ്ങ മാത്രമാണു കയറ്റുമതി ചെയ്യുന്നത്. മാങ്ങയിലെ കറുപ്പ്, പുള്ളി, ചതവ് എന്നിവ പോലും ഗ്രേഡിങ്ങിനെ ബാധിക്കും. മൂപ്പെത്താത്തതും ഗ്രേഡിൽ താഴെപ്പോകും. ഇവ ഏറ്റക്കുറവിന് അനുസരിച്ചു മൂന്ന്, നാല് ഗ്രേഡ് ആയി തിരിക്കും. ഇതു കയറ്റുമതി ചെയ്യാറില്ല. ആഭ്യന്തര വിപണിയിലേക്കുള്ള മാങ്ങയ്ക്കു ഗ്രേഡിങ് ഉണ്ടെങ്കിലും ഇത്ര കർശനമല്ല. ഒന്നോ രണ്ടോ ഗ്രേഡ് മാത്രമെ ആഭ്യന്തര വിപണിക്കായി തിരിക്കൂ.