മാന്യമായ വരുമാനം നഷ്ടപ്പെട്ടതുമാത്രമല്ല, കൃത്യമായ വിളവെടുപ്പിനു ടാപ്പർമാരെ കിട്ടാനില്ലെന്നതും നമ്മുടെ റബർതോട്ടങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. റബർകൃഷി സാമ്പത്തികമായി സുസ്ഥിരമാക്കാനുള്ള ഒട്ടേറെ നിർദേശങ്ങൾ ഇതിനകം വന്നു കഴിഞ്ഞു. ഇടവിളക്കൃഷിപോലുള്ള നിർദേശങ്ങൾ ഏറെ ഫലപ്രദമാണെങ്കിലും കൂടുതൽ മുതൽമുടക്ക് വേണ്ടിവരുന്നത് കർഷകരെ പിന്തിരിപ്പിക്കുന്നു.
അതേസമയം റബർബോർഡ് ഈ വർഷം തീവ്ര പ്രചരണത്തിനു സ്വീകരിച്ചിരിക്കുന്ന രണ്ട് ആശയങ്ങൾ – പ്രതിവാര ടാപ്പിങ്ങും ടാപ്പേഴ്സ് ബാങ്കും – അധിക മുതൽമുടക്കില്ലാതെ റബർതോട്ടങ്ങളെ ആദായകരമാക്കുമെന്ന പ്രതീക്ഷയുണർന്നിട്ടുണ്ട്. കൃഷിക്കാർക്ക് മുതൽമുടക്കില്ലെന്നതു മാത്രമല്ല ടാപ്പർമാർക്കു കൂടിയ വരുമാനസാധ്യതയും പുതിയ നിർദേശത്തിന്റെ മേന്മയായി റബർ ബോർഡ് ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ നിർദേശം കൃഷിക്കാർക്കും ടാപ്പർമാർക്കും എത്രമാത്രം സ്വീകാര്യമാവുമെന്നതാണ് ഇനി അറിയേണ്ടത്. ഇതുവരെ അയ്യായിരത്തോളം കൃഷിക്കാർ പുതിയ രീതി സ്വീകരിക്കാൻ തയാറായിട്ടുണ്ടെന്നാണ് ബോർഡ് അവകാശപ്പെടുന്നത്. പൊതുവേ സ്വീകരിക്കപ്പെടുമ്പോഴും ചില കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്ന ആശങ്കകൾ കണക്കിലെടുക്കേണ്ടതുതന്നെ. ദീർഘകാലമാറ്റങ്ങൾ പെട്ടെന്നു സ്വീകരിക്കുന്നതിൽ കർഷകസമൂഹം വിമുഖത കാണിക്കുന്നതു സ്വാഭാവികമാണ്. അടുത്ത കാലംവരെ കടുംവെട്ടിനു മാത്രമുപയോഗിച്ച എത്തിഫോൺ കന്നിപ്പട്ടയിലും പുരട്ടാൻ പലർക്കും പേടിയുണ്ടാവും. കണ്ടറിഞ്ഞും കൊണ്ടറിഞ്ഞും നേടിയ അനുഭവസമ്പത്തിനോളം വലുതായി കൃഷിക്കാർക്ക് മറ്റൊന്നില്ല. ഈ സാഹചര്യത്തിൽ ഇതിനകം പ്രതിവാര ടാപ്പിങ്ങിലേക്കു ചുവട് മാറിയവരുടെ അനുഭവങ്ങൾ അവതരിപ്പിക്കുകയാണിവിടെ.
റബറിനെക്കുറിച്ചുള്ള ഏതന്വേഷണവും തുടങ്ങുന്നത് പാലായിൽ നിന്നാവണം. പാലാക്കാരെ ടാപ്പിങ് പഠിപ്പിക്കുന്ന ജോർജ് ഫ്രാൻസിസിന് ഇക്കാര്യത്തിൽ 11 വർഷത്തെ അനുഭവസമ്പത്തുണ്ട്. ആകെ നൂറു മരങ്ങൾ മാത്രമുള്ള അദ്ദേഹം റബർ ബോർഡിൽ ജൂനിയർ ടാപ്പിങ് ട്രെയിനിങ് ഓഫിസറാണ്. രാവിലെ ജോലിക്കു പോകാനുള്ള തിരക്കുമൂലമാണ് ടാപ്പിങ് ആഴ്ചയിലൊന്നാക്കിയത്. നൂറുമരങ്ങൾ മാത്രമായി ടാപ്പ് ചെയ്യാൻ തൊഴിലാളികളെ കിട്ടാതെ വന്നതും കുടുംബാംഗങ്ങളിൽ ടാപ്പിങ്ങിനു കഴിയുന്ന ആരുമില്ലാതിരുന്നതും ഇങ്ങനെയൊരു തീരുമാനത്തിനു തന്നെ നിർബന്ധിതനാക്കുകയായിരുന്നെന്ന് ജോർജ്. ടാപ്പിങ് തുടങ്ങാനാവാതെ ഏതാനും മാസം പ്രയാസപ്പെട്ടപ്പോൾ ആഴ്ചയിലൊരിക്കൽ വെട്ടുന്നതിനെക്കുറിച്ച് റബർ ഗവേഷണകേന്ദ്രത്തോട് ഉപദേശം തേടി. അവരും അനുകൂല നിലപാടെടുത്തതോടെയാണ് താൻ പ്രതിവാര ടാപ്പിങ് തുടങ്ങിയതെന്നു ജോർജ് ഫ്രാൻസിസ്. പ്രതിവാര ടാപ്പിങ്ങിൽ നേട്ടങ്ങൾ മാത്രമാണ് തനിക്കുള്ളതെന്നു ജോർജ് പറഞ്ഞു. പതിനൊന്നു വർഷത്തെ ടാപ്പിങ് കഴിഞ്ഞപ്പോൾ ബി പാനലിന്റെ 15 സെ.മീ. മാത്രമാണ് വെട്ടിത്തീർന്നത്. മരുന്ന് പുരട്ടിയതിനു തൊട്ടടുത്ത ടാപ്പിങ്ങിൽ ചില മരങ്ങളിൽ നിന്ന് ഒന്നര ലീറ്റർ വരെ പാൽ കിട്ടുന്നു. ശരാശരി 40-42 ശതമാനം ഡിആർസിയും കിട്ടുന്നുണ്ട്. നൂറ് മരങ്ങളിൽ നിന്ന് അര കിലോ വീതമുള്ള 50 ഷീറ്റ് വരെ കിട്ടാറുണ്ട്. ഇത്രയും വർഷത്തെ പ്രതിവാര ടാപ്പിങ്ങിനു ശേഷവും ഉൽപാദനം സംബന്ധിച്ച കണക്കുകളിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. മരത്തിനു താരതമ്യേന കൂടുതൽ വണ്ണം വയ്ക്കുന്നതായാണ് കാണുന്നത്. സമീപത്തെ തോട്ടങ്ങളെ അപേക്ഷിച്ച് പട്ടമരപ്പ് തീരെ കുറവാണെന്നതും പ്രതിവാര ടാപ്പിങ്ങിന്റെ മെച്ചമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ ആറു മരങ്ങളിൽ മാത്രമാണ് 11 വർഷത്തിനിടയിൽ പട്ടമരപ്പ് കണ്ടത്.
ഫോൺ: 9539068010
ദിവസം 700 രൂപ വെട്ടുകൂലി നൽകി ആഴ്ചയിൽ മൂന്നു ടാപ്പിങ് നടത്തുന്നത് ഒട്ടും ആദായകരമല്ലെന്നു തിരിച്ചറിഞ്ഞാണ് കോതമംഗലം മാലിപ്പാറ പുന്നക്കുന്നേൽ ജോൺസൺ കോട്ടയത്തു പോയി ടാപ്പിങ് പഠിച്ചത്. തിരികെ വീട്ടിലെത്തി പട്ടമരച്ച മരങ്ങളിൽ ടാപ്പിങ് പരിശീലിക്കുമ്പോഴാണ് ഭാര്യ ലൗലിയുടെ അവകാശവാദം - ഇതെനിക്കു ചെയ്യാവുന്നതേയുള്ളൂ. സംഗതി ശരിയായിരുന്നു. റബർ ടാപ്പിങ്ങിൽ തന്നെക്കാൾ മികവ് കാണിച്ചെങ്കിലും ആ ജോലി ലൗലി ഏറ്റെടുക്കുമെന്നു ജോൺസൺ കരുതിയില്ല. എന്നാൽ ലൗലി മറ്റൊരു സാധ്യതയാണ് ടാപ്പിങ്ങിൽ കണ്ടത് - വ്യായാമമെന്ന പേരിൽ അതിരാവിലെ റോഡിലൂടെ നടക്കുന്നതിലും ഭേദമല്ലേ സ്വന്തം പറമ്പിലെ റബർ വെട്ടുന്നത്. തന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും കൂടി വേണ്ടിയാണെന്നു ചൂണ്ടിക്കാട്ടി സ്നേഹപൂർവം നിർബന്ധിച്ചപ്പോൾ ജോൺസൺ സമ്മതിച്ചു. അങ്ങനെയാണ് അടുക്കളയിൽനിന്ന് അതിരാവിലെ ലൗലി റബറിന്റെ ചുവട്ടിലെത്തിയത്. ആഴ്ചയിലൊരു ടാപ്പിങ് മാത്രം നടത്തിയാൽ മതിയെന്ന് റബർ ബോർഡിലെ പരിശീലനകാലത്തു തന്നെ കരുതിയിരുന്നു. എന്നാൽ 350 മരങ്ങൾ ഒരുമിച്ചു ടാപ്പ് ചെയ്യുന്നത് ലൗലിക്ക് ആയാസകരമാവുമെന്നു കരുതി ആ ജോലി ഏഴായി ഭാഗിച്ചു നൽകി. ദിവസം 50 മരങ്ങൾ വീതം ഒരാഴ്ചകൊണ്ട് വെട്ടിത്തീർത്താൽ മതി. മാസത്തിലൊരിക്കലുള്ള എത്തിഫോൺ പ്രയോഗവും ലൗലി തന്നെ. സഹായത്തിന് ജോൺസൺ കൂടെയുണ്ടാവും. കറയെടുക്കൽ, ഉറയൊഴിക്കൽ, ഷീറ്റു നിർമാണം തുടങ്ങിയ ജോലികൾ ജോൺസൺ തന്നെ ചെയ‍്തു. കഴിഞ്ഞ വർഷം മേയ് മുതലുള്ള പുതിയ ക്രമീകരണം ഈ ദമ്പതികൾക്ക് നൽകിയ സാമ്പത്തികനേട്ടം ആഴ്ചതോറും ടാപ്പിങ് കൂലിയായി നൽകേണ്ടിയിരുന്ന 2100 രൂപ മാത്രമല്ല, ഒരു വർഷം കൊണ്ട് കൂടുതലായി ലഭിച്ച 500 കിലോ റബറിന്റെ അധികാദായം കൂടിയാണ്. ഇതിനു പുറമേയാണ് വ്യായാമം നൽകിയ ആരോഗ്യവും ഒരുമിച്ചു ജോലി ചെയ്യുന്നതിന്റെ സന്തോഷവും. മുൻവർഷം ഒന്നിടവിട്ട ദിവസങ്ങളിൽ ടാപ്പ് ചെയ‍്തപ്പോൾ ഒട്ടുപാലടക്കം 1492 കിലോ റബറാണ് ഇവർക്കു ലഭിച്ചത്. എന്നാൽ പ്രതിവാര ടാപ്പിങ് തുടങ്ങിയ ശേഷമുള്ള 11 മാസം കൊണ്ട് 2018 കിലോ റബർ കിട്ടി. ബിരുദധാരിയായ ഈ വീട്ടമ്മയ്ക്ക് ടാപ്പിങ്ങിനു ശേഷം വീട്ടുജോലികൾ പൂർത്തിയാക്കുന്നതിനും മക്കളെ സ്കൂളിലയയ്ക്കുന്നതിനും സാധിക്കുന്നു. നഷ്ടത്തിലായ റബർകൃഷിയെ ആദായത്തിലെത്തിക്കുന്നതിനു മാത്രമല്ല, ഉത്സാഹിയായ വീട്ടമ്മയുടെ സാന്നിധ്യം കുടുംബങ്ങളിൽ ഐശ്വര്യമുണ്ടാക്കുന്നതിനുമുള്ള മാതൃകയാണ് ലൗലി.
ഫോൺ: 9947707334
അടുത്തടുത്തുള്ള തോട്ടങ്ങളിലും വലിയ തോട്ടങ്ങളിലുമൊക്കെ ഇടവേള കൂടിയ ടാപ്പിങ് ഫലപ്രദമാണെന്നു തെളിയിക്കുകയാണ് കോട്ടയം വാഴൂരിലുള്ള കാക്കാന്തോട്ടിൽ അഡ്വ. തോമസ് പാസ്കൽ. സഹോദരന്റേതുൾപ്പെടെ 16 ഏക്കർ റബർ തോട്ടത്തിൽ 11 വർഷത്തോളം മൂന്നു ദിവസത്തിലൊരിക്കലുള്ള ടാപ്പിങ് നടത്തിയ ഇദ്ദേഹം 2015 ജനുവരി മുതലാണ് ആറു ദിവസത്തിലൊരിക്കലുള്ള ടാപ്പിങ്ങിലേക്കു മാറിയത്. തുടക്കത്തിൽ മൂന്നു പേർ ടാപ്പു ചെയ്തിരുന്ന 1620 മരങ്ങൾക്ക് ഇപ്പോൾ ഒരു ടാപ്പർ മാത്രം. രൂക്ഷമായ വിലത്തകർച്ചയെ തുടർന്ന് ആദായം തുച്ഛമാവുകയും ഒരു ടാപ്പർ പിരിഞ്ഞു പോവുകയും ചെയ്തപ്പോഴാണ് റബർ ബോർഡിന്റെ ശുപാർശ നടപ്പാക്കാൻ തീരുമാനിച്ചത്. ഇതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരു കാര്യം അദ്ദേഹം ഉറപ്പിച്ചു പറയുന്നു– ഏതാനും വർഷങ്ങൾക്കുള്ളിൽ കേരളത്തിലെ റബർ കൃഷിയുടെ നിലനിൽപിന് ഇടവേള കൂടിയ ടാപ്പിങ‍് രീതി അനിവാര്യമാകും. 2003 വരെ ഒന്നിടവിട്ട ദിവസങ്ങളിലും 2003 മുതൽ 2014 വരെ മൂന്നു ദിവസത്തിലൊരിക്കലും തുടർന്ന് ആറു ദിവസത്തിലൊരിക്കലും ടാപ്പിങ് നടത്തിയതിന്റെ കൃത്യമായ കണക്കും ഇദ്ദേഹത്തിനുണ്ട്. ആറു ദിവസത്തിലൊരിക്കൽ ടാപ്പു ചെയ്തു തുടങ്ങിയ കഴിഞ്ഞ വർഷം, മുൻവർഷത്തെ ആകെ ഉൽപാദനത്തിന്റെ 84 ശതമാനം മാത്രമാണ് കിട്ടിയത്. ടാപ്പിങ്ങിലെ ചില അപാകതകളും മറ്റും പരിഹരിച്ചതോടെ ഈ വർഷം പഴയ ഉൽപാദനം പൂർണമായി കിട്ടിത്തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. പട്ടയുടെ വിനിയോഗം 55 ശതമാനം കുറഞ്ഞു. എത്തിഫോൺ പ്രയോഗത്തിനായി ഒരു മരത്തിന് ഒരു വർഷം 10 രൂപയേ ചെലവ് വരുന്നുള്ളൂ. ഉൽപാദനവർധനയേക്കാൾ ടാപ്പിങ് കൂലി പകുതിയായി കുറഞ്ഞതും പട്ടമരപ്പ് നാമമാത്രമായതും മരങ്ങളുടെ ആയുസ് വർധിച്ചതുമൊക്കെയാണ് റബർ കർഷകരെ ഈ രീതിയിലേക്ക് ആകർഷിക്കുകയെന്ന് ചാമംപതാൽ ആർപിഎസ് പ്രസിഡന്റ് കൂടിയായ തോമസ് പാസ്കൽ ചൂണ്ടിക്കാട്ടി.
ഫോൺ–9495480150
എറണാകുളം ജില്ലയിലെ കരിമുകളിനടുത്ത് കാണിനാടിലെ പി.എ. പോൾ പ്രതിവാര ടാപ്പിങ് ആരംഭിച്ചിട്ട് രണ്ടു വർഷമായി. ആകെ 310 റബർ മരങ്ങളാണുള്ളത്. ടാപ്പർമാരുടെ കൃത്യനിഷ്ഠയില്ലായ്മയും നിലവാരക്കുറവുമൊക്കെ സഹിക്കാനാവാതെ സ്വയം ടാപ്പിങ് തുടങ്ങുകയായിരുന്നു. ഏതു കാര്യവും പഠിച്ചും ഭംഗിയായും ചെയ്യണമെന്നു നിർബന്ധമുള്ളതിനാൽ റബർ ബോർഡിന്റെ ടാപ്പിങ് സ്കൂളിൽ ചേർന്നാണ് വെട്ടു പഠിച്ചത്. പ്രതിവാര ടാപ്പിങ് എന്ന ആശയവും ബോർഡിൽനിന്നു തന്നെ. ആഴ്ചയിലൊരിക്കൽ ടാപ്പിങ് തുടങ്ങിയതോടെ തോട്ടത്തിൽനിന്നുള്ള ഉൽപാദനം വർധിച്ചതായി അദ്ദേഹം പറയുന്നു. മരത്തിൽനിന്നു കൂടുതൽ കറ കിട്ടുന്നതിനൊപ്പം ടാപ്പിങ്ങിൽ കൂടുതൽ ഉത്തരവാദിത്തമുണ്ടായതും ഉൽപാദനവർധനയ്ക്കു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മറ്റു ജോലികളുള്ള ചെറുകിട കർഷകർക്ക് ഏറ്റവും യോജ്യമായ രീതിയാണ് പ്രതിവാര ടാപ്പിങ് എന്ന് പോൾ വിശ്വസിക്കുന്നു. പട്ടമരപ്പിന്റെ തോതു കുറഞ്ഞതും എടുത്തുപറയേണ്ട നേട്ടമാണ്. ബി പാനലിലാണ് പ്രതിവാര ടാപ്പിങ് തുടങ്ങിയത്. ഈ രീതിയിൽ ബി പാനൽ തീരാൻ പത്തുവർഷം വേണ്ടിവരും. ലാറ്റക്സായി വിൽക്കുന്നതിനാൽ ഉറയൊഴിക്കൽ, ഷീറ്റടിക്കൽ തുടങ്ങിയ ജോലികളും വേണ്ടിവരുന്നില്ല. ആദ്യമൊക്കെ മുഴുവൻ മരങ്ങളും ഒന്നിച്ചു വെട്ടുമായിരുന്നു. അടുത്ത കാലത്ത് അപകടത്തിൽ കൈ ഒടിഞ്ഞതിനു ശേഷം 75 മരം വീതം ആഴ്ചയിൽ നാലു തവണയായാണ് ടാപ്പിങ് തീർക്കുന്നത്. ഇപ്രകാരം ജോലിഭാരം ലഘുവാക്കി ക്രമീകരിക്കാമെന്നതും പ്രതിവാര ടാപ്പിങ്ങിന്റെ ഗുണമാണ്. സ്വന്തമായി കൗൺസിലിങ് സെൻററും വിദ്യാർഥികൾക്കു പരിശീലന പരിപാടികളുമൊക്കെ നടത്തുന്നതിന്റെ തിരക്കുകൾക്കിടയിലും കഷ്ടപ്പാടില്ലാതെ 310 മരങ്ങളിൽനിന്നു വരുമാനം നേടാൻ പരിഷ്കരിച്ച രീതി സഹായകമായെന്നതിൽ സംശയമില്ല– പോൾ ഉറപ്പിച്ചു.
ഫോൺ– 8547420103
ആഴ്ചയിലൊന്നു വെട്ടുമ്പോൾ
ഒന്നിടവിട്ട ദിവസങ്ങളിലും മൂന്നു ദിവസത്തിലൊരിക്കലും ടാപ്പിങ് നടത്തിയിരുന്ന റബർത്തോട്ടങ്ങൾ ആഴ്ചയിലൊരു ടാപ്പിങ്ങിലേക്കു മാറുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പരമ്പരാഗത രീതികളിൽനിന്നു വ്യത്യസ്തമായി എത്തിഫോൺ എന്ന ഉത്തേജകമരുന്ന് മാസത്തിലൊരിക്കൽ വെട്ടുപട്ടയിൽ പുരട്ടണമെന്നതും വർഷം മുഴുവൻ ടാപ്പിങ് സാധ്യമാകുന്നവിധം റെയിൻ ഗാർഡിങ് നടത്തണമെന്നതുമാണ് ഇവയിൽ പ്രധാനം. രണ്ടര ശതമാനം വീര്യമുള്ള എത്തിഫോൺ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ. എത്തിഫോൺ പുരട്ടി 72 മണിക്കൂറിനു ശേഷമാവണം ടാപ്പിങ്. ഓരോ നാലു ടാപ്പിങ് കഴിയുമ്പോഴും അഞ്ചാമത്തെ ടാപ്പിങ്ങിനു മുൻപായി ഉത്തേജകമരുന്ന് പുരട്ടേണ്ടതാണ്. ഇപ്രകാരം മാസത്തിൽ ഒരു എത്തിഫോൺ പ്രയോഗവും നാല് വെട്ടുമായി ക്രമീകരിക്കണം.
വിപണിയിൽ ലഭിക്കുന്ന 10 ശതമാനം വീര്യമുള്ള എത്തിഫോൺ ലായനിയിൽ മൂന്നിരട്ടി പാമോയിലോ വെളിച്ചെണ്ണയോ ചേർത്ത് പത്തു മിനിറ്റിലേറെ ഇളക്കിയാൽ രണ്ടര ശതമാനം വീര്യമുള്ള എത്തിഫോൺ ലായനി ലഭിക്കും. ഒരു മരത്തിന്റെ പട്ടയിൽ പുരട്ടാൻ ഒരു മില്ലി ലീറ്റർ നേർപ്പിച്ച ലായനി മതി. ഒരു ദിവസം ഒരാൾക്ക് 1000–1200 മരങ്ങളിൽ ഇതു പുരട്ടാനാവും. ഉണങ്ങിയ ചകിരിത്തൊണ്ട് ഒരു സെ.മീ. വീതിയിൽ കീറി അറ്റം ചതച്ചു ബ്രഷ് പോലെയാക്കി എത്തിഫോൺ പുരട്ടാൻ ഉപയോഗിക്കാം. ഒരോ തവണ പുരട്ടുന്നതിനു മുൻപും മിശ്രിതം ഇളക്കണം. വെട്ടുചാലിനു മുകളിലായി പുതുതായി വെട്ടിയിറങ്ങിയ ഇളം പട്ടയിലാണ് ഒരു സെ.മീ. വീതിയിൽ എത്തിഫോൺ പുരട്ടേണ്ടത്. ഇപ്രകാരം 400 മരങ്ങൾക്ക് ഒരു തവണ എത്തിഫോൺ പ്രയോഗിക്കാൻ 80 രൂപയിലധികം ചെലവില്ല. കൃത്യമായ ഇടവേളകളിലെ കുറ്റമറ്റ ടാപ്പിങ് പുതിയ രീതിയുടെ വിജയത്തിനാവശ്യമാണ്.
ആശങ്കയുണ്ടാക്കുന്ന പരിഷ്കാരം
ടാപ്പിങ് ആഴ്ചയിലൊരിക്കലാക്കുന്നത് റബർ മേഖലയിലെ തൊഴിൽ ബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കും. തൊഴിലാളികളെ കിട്ടാത്തതിനാൽ ടാപ്പിങ് മുടങ്ങിയ തോട്ടങ്ങൾക്കുവേണ്ടി ഇത്രയും വലിയ തീവ്രപ്രചരണത്തിന്റെ ആവശ്യമില്ല. മൂന്നു ദിവസത്തിലൊരിക്കൽ ടാപ്പു ചെയ്തിരുന്നവർ ആഴ്ചയിൽ ഒരു ടാപ്പിങ്ങിലേക്കു മാറിയാൽ വളരെയേറെ ടാപ്പിങ് തൊഴിലാളികൾക്ക് വരുമാനം നഷ്ടപ്പെടും. പല കർഷകരും മൂന്നു ദിവസത്തിലൊരിക്കലുള്ള ടാപ്പിങ്ങിലേക്കുപോലും ഇനിയും മാറാത്തത് ഇക്കാരണത്താലാണ്. ഉത്തേജകമരുന്നു പുരട്ടി വർഷത്തിൽ 52 ടാപ്പിങ് മാത്രം നടത്തി ഉൽപാദനം അതേപടി ദീർഘനാൾ നിലനിറുത്താമെന്നത് അനുഭവസമ്പത്തുള്ള ഒരു കർഷകനും വിശ്വസിക്കില്ല. അസ്സൽ പട്ടയുടെ തുടക്കം മുതൽ ഉത്തേജകം മാസംതോറും പ്രയോഗിച്ചാൽ പുതുപ്പട്ടയിലെ ഉൽപാദനത്തെ ആശങ്കയോടെയേ കാണാൻ കഴിയൂ, കന്നിപ്പട്ട മുതൽ ദീർഘകാലം ഇത്തരം സമ്മർദങ്ങൾ നൽകുമ്പോൾ മരങ്ങൾ വണ്ണം വയ്ക്കുന്നതിന്റെ തോത് കുറയുകയും ഭാവിയിലെ ഉൽപാദനക്ഷമത പുറകോട്ടടിക്കുകയും ചെയ്യും. ആഴ്ചയിൽ ഒരു ടാപ്പിങ് എത്ര നാൾ ലാഭകരമായി നടത്താമെന്നും അത് നിലവിലുള്ള രീതിയേക്കാൾ മെച്ചമാണെന്നും കൃഷിക്കാർക്കു കൂടി ബോധ്യപ്പെടണം. പുതിയ രീതി സ്വീകരിച്ചാൽ ഭാവിയിൽ കൂടുതൽ പട്ട ബാക്കി നിർത്താമെന്ന വാദം ശരിതന്നെ. പക്ഷേ ഉൽപാദനക്ഷമമായ 28 വർഷത്തിനു ശേഷം ഏറക്കുറെ മരച്ച നിലയിൽ പട്ട നിലനിർത്തിയിട്ട് എന്തു പ്രയോജനം? പുതിയ രീതി ലാഭകരമാണെങ്കിൽ റബർ ബോർഡിന്റെ തോട്ടങ്ങളിൽ പത്തു വർഷമെങ്കിലും പരീക്ഷിച്ചു നോക്കാത്തത് എന്തുകൊണ്ടാണ്? ടാപ്പർമാരെ കിട്ടാത്ത കർഷകർക്കായി കരുതിവച്ച പുതിയ രീതി മറ്റ് കർഷകരിലേക്കു കൂടി പകർത്താൻ ശ്രമിക്കുന്നത് ആർക്കു വേണ്ടിയാണ്? വേണ്ടത്ര ആലോചനയില്ലാതെ നടത്തുന്ന ഈ പരിഷ‍്കാരം ഭാവിയിൽ റബർ ബോർഡിന് അപമാനമുണ്ടാക്കും.
പി.എ. ജോയിക്കുട്ടി,
റബർ കെയർ കൺസൾട്ടൻസി സർവീസ്, മാങ്ങാനം, കോട്ടയം.
ഫോൺ: 9446119992
പരീക്ഷിച്ചു തെളിഞ്ഞത്; നാളെയുടെ അനിവാര്യത
ദീർഘകാലത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷമാണ് റബർ ബോർഡ് പ്രതിവാര ടാപ്പിങ് ശുപാർശ ചെയ്യുന്നതെന്നു പുതുപ്പള്ളി റബർ ഗവേഷണകേന്ദ്രത്തിലെ ലാറ്റക്സ് ഹാർവസ്റ്റ് ടെക്നോളജി ഡിവിഷൻ ജോയിന്റ് ഡയറക്ടർ ഡോ: കെ.യു. തോമസ്. പത്തനംതിട്ടയിലെ സ്റ്റേറ്റ് ഫാമിങ് കോർപറേഷന്റെ എസ്റ്റേറ്റിൽ 1988 മുതലും ഹാരിസൺ മലയാളത്തിന്റെ കോന്നി എസ്റ്റേറ്റിൽ 2010 മുതലും പ്രതിവാര ടാപ്പിങ് നടക്കുന്നു. ബോർഡിന്റെ ചേത്തയ്ക്കൽ എസ്റ്റേറ്റിൽ നടത്തിയ ശേഷമായിരുന്നു ഇവിടങ്ങളിൽ പുതിയ രീതി പരീക്ഷിച്ചത്. ഞായറാഴ്ചയുൾപ്പെടുത്തിയുള്ള പ്രതിവാര ടാപ്പിങ് 2003ൽ കുലശേഖരത്തെ കാന്തിമതി എസ്റ്റേറ്റിലും പരീക്ഷിക്കുകയുണ്ടായി. രണ്ടു ബ്ലോക്കുകളിൽ ആരംഭിച്ച ഈ ശൈലി ക്രമേണ തോട്ടത്തിലെ 115 ബ്ലോക്കുകളിലേക്കും അവർ വ്യാപിപ്പിച്ചതുതന്നെ പുതിയ രീതിയുടെ സ്വീകാര്യത വ്യക്തമാക്കുന്നു. ആഴ്ചയിലൊരു ടാപ്പിങ് നടത്തുന്ന തോട്ടങ്ങൾ കേരളത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്.
വിലയിടിവ് മൂലമുള്ള പ്രതിസന്ധിക്കു പെട്ടെന്നു കണ്ടെത്തിയ പരിഹാരമാണ് ഇതെന്ന പ്രചരണം ശരിയല്ല. വിലയിടിവിനും ടാപ്പർമാരുടെ ക്ഷാമത്തിനും പരിഹാരമാകുമെന്നതിനാൽ ഇതിന് ഇപ്പോൾ പ്രസക്തിയേറിയെന്നു മാത്രം. 2001 മുതൽ റബർ ബോർഡിന്റെ ശുപാർശകളിൽ സ്ഥാനം പിടിച്ച പ്രതിവാര ടാപ്പിങ് ഞായറാഴ്ച കൂടി ഉൾപ്പെടുത്തി പരിഷ്കരിക്കുക മാത്രമാണ് 2015ൽ ചെയ്തത്. ശുപാർശപ്രകാരം ഉത്തേജക മരുന്ന് പ്രയോഗിക്കുമ്പോൾ വെട്ടുപട്ടയുടെ സമീപത്തുനിന്നു മാത്രമേ കൂടുതലായി ലാറ്റക്സ് പുറത്തേക്കു വരുന്നുള്ളൂ. ഇപ്രകാരം നഷ്ടപ്പെടുന്ന ലാറ്റക്സ് അതേ അളവിലും ഗുണത്തിലും കോശകലകളിൽ വീണ്ടും നിറയുന്നതിനാണ് ഈ രീതിയിൽ കൂടുതൽ ഇടവേള നൽകുന്നത്. അതുകൊണ്ടുതന്നെ മരത്തിനോ തടിയുടെ മൂല്യത്തിനോ ദോഷം വരുന്നില്ല. ഈർപ്പവുമായി സമ്പർക്കത്തിലായാൽ ഉടൻ വിഘടിക്കുന്ന എത്തിഫോണിന്റെ ഘടകങ്ങളെല്ലാം നിരുപദ്രവങ്ങളാണ്. പട്ടമരപ്പ് തീരെ കുറയുന്നുവെന്നതും പുതിയ രീതിയുടെ മെച്ചമാണ്. നാലു ശതമാനത്തിൽ താഴെ മാത്രമാണ് കാന്തിമതി എസ്റ്റേറ്റിലെ പട്ടമരപ്പിന്റെ തോത്.
റബർതോട്ടങ്ങളിൽ ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം ഏറുകയാണെന്നും 25 ശതമാനത്തോളം തോട്ടങ്ങളിൽ കുടുംബാംഗങ്ങളാണ് ടാപ്പിങ് നടത്തുന്നതെന്നും റബർ ഗവേഷണകേന്ദ്രം ഈയിടെ നടത്തിയ സർവേയിൽ വ്യക്തമായിട്ടുണ്ടെന്നു കെ.യു. തോമസ് ചൂണ്ടിക്കാട്ടി. പാർട് ടൈം കൃഷിക്കാർക്കും കുടുംബാംഗങ്ങൾക്കും പ്രതിവാര ടാപ്പിങ് ഏറെ സൗകര്യപ്രദമാണ്. നാളെയുടെ അനിവാര്യതയായ ഈ ശൈലി സ്വീകരിക്കുന്ന റബർ കൃഷിക്കാർക്കു മാത്രമല്ല, ടാപ്പിങ് തൊഴിലാളികൾക്കും മികച്ച സാമ്പത്തികനേട്ടം ഉണ്ടാക്കാമെന്നു കണക്കുകൾ വ്യക്തമാക്കുന്നു.
തൊഴിൽ നഷ്ടപ്പെടാത്ത വിധത്തിൽ ആവശ്യാനുസരണം ടാപ്പേഴ്സ് ബാങ്കുകൾ രൂപീകരിക്കുകയാണ് വേണ്ടത്. തോട്ടമുടമകൾ സഹകരിച്ച് ആഴ്ച മുഴുവൻ തൊഴിൽ നൽകുന്ന രീതിയിൽ പ്രതിവാര ടാപ്പിങ്ങിന് ഒരു തൊഴിലാളിയെ നിയോഗിച്ചാലും മതി.
ഫോൺ– 9447598489