മാവിലെ കായികപ്രവർത്തനരീതിയാണ് ഒട്ടിക്കൽ അഥവാ ഗ്രാഫ്റ്റിങ്. രണ്ടു രീതികളിൽ ഇത് ചെയ്യാം. വശം ചേർത്തൊട്ടിക്കൽ, സ്റ്റോൺ ഗ്രാഫ്റ്റിംഗ് (ഇളം തൈയിലൊട്ടിക്കല്‍) എന്നിങ്ങനെ.
ഒട്ടുതൈയ്ക്ക് രണ്ടു ഘടകങ്ങളാവശ്യമാണ്. നല്ല മാങ്ങയണ്ടി മുളപ്പിച്ചുള്ള തൈയും മാതൃവൃക്ഷത്തിൽ വളരുന്നൊരു ശിഖരവും. മാങ്ങയണ്ടി മുളപ്പിച്ച തൈ (സ്റ്റോക് തൈ) മാതൃവൃക്ഷത്തിന്റെ (സയോൺ) അടുത്തുവച്ച് യോജിപ്പിച്ചൊരു പ്രത്യേക ചെടിയാക്കി എടുക്കുക എന്നതാണ് ഒട്ടിക്കലിൽ സംഭവിക്കുന്നത്.
വശം ചേർത്തൊട്ടിക്കൽ: ഇതിന് ഇനാർച്ചിങ് എന്നും പറയും. സ്റ്റോക് തൈ സയോൺ മരത്തിനടുത്തെത്തിച്ചു തിരഞ്ഞെടുത്ത കമ്പുമായി ഒട്ടിക്കുകയാണ് ചെയ്യുന്നത്. പെൻസിൽ വണ്ണമുള്ള സ്റ്റോക് തൈയും അതേ വലുപ്പമുള്ള സയോൺ കമ്പുമായി ഒട്ടിക്കണം. മരക്കൊമ്പ് തറയോടു ചേർന്നുള്ളതെങ്കിൽ ചട്ടികളിൽ വളരുന്ന സ്റ്റോക് തൈ നിലത്തുവെച്ചുതന്നെ ഒട്ടിക്കാം. മുകളിലുള്ള കമ്പുകളുമായിട്ടാണ് ഒട്ടിക്കേണ്ടതെങ്കിൽ തട്ടുകൾ നിർമിച്ച് അതിന്മേൽ തൈകൾ വയ്ക്കേണ്ടിവരും.
ഒട്ടിക്കുന്ന വിധം ഇപ്രകാരം: സ്റ്റോക് തൈയിൽ മൺനിരപ്പിൽനിന്നു 10–15 സെ.മീ. മുകളിൽ 6–7 സെ.മീറ്റര്‍ നീളത്തിൽ തൊലി അല്‍പം തടിയോടുകൂടി ചെത്തിമാറ്റുക. ഇതേ നീളത്തിലും താഴ്ചയിലും സയോൺ കമ്പിന്റെ മുകളറ്റത്തുനിന്നും 15–20 സെ.മീറ്റർ താഴെ തണ്ട് ചെത്തി എടുക്കുക. ഇനി മുറിവുകൾ രണ്ടും വിടവുകളില്ലാത്ത വിധം ചേർത്ത് ചണച്ചരടുകൊണ്ടു നന്നായി ചുറ്റിക്കെട്ടുക. ഇതിനു പുറമേ മെഴുകുതുണിയോ പ്ലാസ്റ്റിക് റിബണോകൊണ്ടു പൊതിയണം. ചട്ടിയിൽ നനവു നിലനിർത്താൻ മറക്കരുത്. ഒട്ടിച്ചു മൂന്നു മാസമാകുന്നതോടെ മാതൃവൃക്ഷവുമായുള്ള ബന്ധം മുറിക്കാം. ഇതിനു മുന്നോടിയായി ഒട്ടിച്ച ഭാഗത്തിനു താഴെയായി സയോൺ കമ്പിലും മുകളിലായി സ്റ്റോക് തൈയിലും V ആകൃതിയില്‍ മുറിവുണ്ടാക്കണം. ഒരു മാസം കഴിഞ്ഞ് ഈ മുറിവിന് ആഴം കൂട്ടണം. ഇതുകൊണ്ടൊന്നും തൈയ്ക്കു വാട്ടം ഉണ്ടാകുന്നില്ലായെങ്കിൽ ഒട്ടിക്കൽ വിജയിച്ചു. പൂർണമായും മുറിച്ചെടുക്കുക. ഇനി നടുന്നതുവരെ നനയും തണലും നൽകി സംരക്ഷിക്കണം. ഈ സമയവും ചില തൈകൾ ഉണങ്ങി പോകാം. നല്ല തളിർപ്പും വളർച്ചയുമുള്ളത് നടാനുപയോഗിക്കുക.
സ്റ്റോൺ ഗ്രാഫ്റ്റിംഗ്: ഈ രീതിക്ക് ഇപ്പോൾ വളരെ പ്രചാരം ലഭിച്ചിരിക്കുന്നു. മാങ്ങയണ്ടി മുളപ്പിച്ച് രണ്ടോ മൂന്നോ ആഴ്ച പ്രായമായ തൈകളിലാണ് ഒട്ടിക്കുന്നത്. സ്റ്റോക് തൈയുടെ തലപ്പ് ഏകദേശം 10 സെ.മീ മുകളിൽ വച്ചു മുറിച്ചു മാറ്റുക. ഈ ഭാഗത്തുനിന്നു നേരെ താഴോട്ടു മധ്യത്തിലൂടെ 3–4 സെ.മീ നീളത്തിലൊരു പിളർപ്പുണ്ടാക്കുക. ഇതേ കനത്തിലുള്ള സയോൺ കമ്പ് മാതൃവൃക്ഷത്തിൽനിന്നു മുറിച്ചെടുക്കണം. ഇതിന്റെ മുകളറ്റത്തുള്ള ഞെട്ടു നിർത്തി താഴേക്കുള്ള ഇലകൾ മുറിച്ചു നീക്കുക. ഈ കമ്പിന്റെ കീഴറ്റത്ത് 3–4 സെ.മീ നീളത്തിൽ ചെത്തി ആപ്പിന്റെ ആകൃതിയിലാക്കണം. ഈ ഭാഗം സ്റ്റോക് തൈയുടെ പിളർപ്പിലേക്ക് ഇറക്കിവച്ച് പോളിത്തീൻ നാടകൊണ്ടു വരിഞ്ഞുകെട്ടണം. ഇനി തണലിൽ വച്ചു നനയ്ക്കുക. ഒട്ടിക്കൽ ശരിയായെങ്കിൽ സയോൺ കമ്പിൽ മൂന്നാഴ്ചകൊണ്ടു തളിരുകൾ കിളിർക്കും. അഞ്ചാറു മാസത്തെ വളർച്ചയിൽ മാറ്റിനടുകയും ചെയ്യാം. വശം ചേർത്തൊട്ടിക്കുമ്പോള്‍ സ്റ്റോക് തൈയ്ക്ക് ഒരു വർഷം പ്രായം വേണം. എന്നാല്‍ സ്റ്റോൺ ഗ്രാഫ്റ്റിംഗ് ആകുമ്പോൾ മൂന്ന് ആഴ്ച വളർച്ച മതിയാകും. സയോൺ കമ്പിനുവേണ്ടിയുള്ള മാതൃവൃക്ഷം കായ്ച്ചു തുടങ്ങി വിളവുമേന്മ വ്യക്തമാകുന്നതോടെ ഒട്ടിക്കലിനു തിരഞ്ഞെടുക്കാവുന്നതുമാണ്.