കാണിയുടെ കഥ; കലയുടെയും
കഥ അറിഞ്ഞാണ് ആട്ടം കാണേണ്ടത് എന്ന് കഥകളിയുടെ കാഴ്ചശീലത്തിന്റെ സൗന്ദര്യശാസ്ത്രമാണ്. ആട്ടമറിഞ്ഞ് കഥ എഴുതണം എന്നതാണ് കഥകളി പ്രമേയമായി കഥ എഴുതുന്നവരോട് നിർദേശിക്കാനുള്ളതെങ്കിൽ ഉണ്ണി ആർ. ആട്ടമറിഞ്ഞ് എഴുതിയ കഥയാകുന്നു ഗംഭീരവിക്രമ.
കഥ അറിഞ്ഞാണ് ആട്ടം കാണേണ്ടത് എന്ന് കഥകളിയുടെ കാഴ്ചശീലത്തിന്റെ സൗന്ദര്യശാസ്ത്രമാണ്. ആട്ടമറിഞ്ഞ് കഥ എഴുതണം എന്നതാണ് കഥകളി പ്രമേയമായി കഥ എഴുതുന്നവരോട് നിർദേശിക്കാനുള്ളതെങ്കിൽ ഉണ്ണി ആർ. ആട്ടമറിഞ്ഞ് എഴുതിയ കഥയാകുന്നു ഗംഭീരവിക്രമ.
കഥ അറിഞ്ഞാണ് ആട്ടം കാണേണ്ടത് എന്ന് കഥകളിയുടെ കാഴ്ചശീലത്തിന്റെ സൗന്ദര്യശാസ്ത്രമാണ്. ആട്ടമറിഞ്ഞ് കഥ എഴുതണം എന്നതാണ് കഥകളി പ്രമേയമായി കഥ എഴുതുന്നവരോട് നിർദേശിക്കാനുള്ളതെങ്കിൽ ഉണ്ണി ആർ. ആട്ടമറിഞ്ഞ് എഴുതിയ കഥയാകുന്നു ഗംഭീരവിക്രമ.
കഥ അറിഞ്ഞാണ് ആട്ടം കാണേണ്ടത് എന്ന് കഥകളിയുടെ കാഴ്ചശീലത്തിന്റെ സൗന്ദര്യശാസ്ത്രമാണ്. ആട്ടമറിഞ്ഞ് കഥ എഴുതണം എന്നതാണ് കഥകളി പ്രമേയമായി കഥ എഴുതുന്നവരോട് നിർദേശിക്കാനുള്ളതെങ്കിൽ ഉണ്ണി ആർ. ആട്ടമറിഞ്ഞ് എഴുതിയ കഥയാകുന്നു ഗംഭീരവിക്രമ. ഇന്ന് 90 വയസ്സുള്ള കൈമളിന്റെ മുത്തച്ഛൻ നളനുണ്ണിയുടെ വേഷങ്ങൾ കണ്ടിട്ടുണ്ട്. കാണിയുടെ കാഴ്ചപാരമ്പര്യത്തിന്റെ കഥയാണ് ഗംഭീരവിക്രമ. നീലകണ്ഠൻ നമ്പീശൻ, ഉണ്ണികൃഷ്ണക്കുറുപ്പ്, ഗംഗാധരൻ, രാമൻകുട്ടിനായർ, കൃഷ്ണൻകുട്ടി പൊതുവാൾ, അപ്പുക്കുട്ടിപ്പൊതുവാൾ, കവളപ്പാറ നാരായണൻ നായർ, പട്ടിക്കാംതൊടി രാവുണ്ണിമേനോൻ എന്നിവർ കഥാപാത്രങ്ങളാവുന്ന കഥ.
കഥകളി സംസ്കാരമില്ലാത്തവർക്ക് ഈ അനശ്വരർ കഥയിലെ സാങ്കൽപിക കഥാപാത്രങ്ങൾ മാത്രം. അല്ലാത്തവർക്ക് സുവർണ സമ്പൂർണ സമ്പന്നമായ കലാമണ്ഡല കഥകളിക്കാലം പ്രത്യാനയിക്കാം. കൈമളെപ്പോലെ പല ദേശത്തും ഇപ്രകാരം കാണികൾ വളർത്തിയ കഥകളിയുടെ ചരിത്രമുണ്ട്. ‘പാട്ട് പിടിക്കാൻ’ ടേപ്പ് റിക്കോർഡറുമായി നടന്ന ഒരു ഗായകാരാധക സംഘത്തിന്റെ പിടിച്ചുപറിയാണ് ഇന്നത്തെ മഹാഗായകരുടെ ശബ്ദത്തിന്റെ അനശ്വരതയ്ക്ക് ഹേതു. കുറുപ്പിന്റെ പാട്ടിനായി മാത്രം മണിക്കൂറുകൾ ദൈർഘ്യമുള്ള ഒന്നിലധികം കസെറ്റുകളുമായി വന്ന് മൈക്കിനടുത്തുനിന്ന് റിക്കോർഡ് ചെയ്തവരുണ്ടായിരുന്നു. കഥയിൽ പറയുന്ന നാലാംദിവസത്തിലെ ‘അക്കഥ കേട്ടോ വന്നാൻ’ എല്ലാം അങ്ങനെ രേഖപ്പെട്ടു കേട്ടവയാണ്.
കൈമൾ എന്ന കാണിയിലൂടെ കഥകളിയുടെ ഒരു പ്രത്യേക കാലഘട്ടത്തെ പുനരാവിഷ്കരിക്കുകയാണ് ഉണ്ണി ആർ. മരിച്ചവരുടെ കളി കാണാൻ പോകുന്ന കളിഭ്രാന്തനായ കൈമളിനെ പുതിയ തലമുറ സംശയത്തോടെ ‘നോക്കിക്കാണുന്നു.’ കൈമൾ പുതിയ കഥകളി കാലത്തിൽ നിന്നുകൊണ്ട് പഴയകാലത്തെ വീണ്ടെടുക്കുകയാണ്. നളനുണ്ണിയും പട്ടിക്കാംതൊടിയും കവളപ്പാറയും രാമൻകുട്ടി നായരുമടങ്ങുന്ന പലതലമുറ, തുടർതലമുറയിലെ പാട്ടുകാർ, മേളക്കാർ. ഇവരിലൂടെ കഥകളിയുടെ കാലാന്തരങ്ങൾ ഒരുക്കിയെടുക്കുകയാണ്. ഏറ്റുമാനൂരും കിടങ്ങൂരും വരുന്നതുകൊണ്ട് തെക്കൻചിട്ട കാണിയായി കൈമളെ കാണാം. വടക്കും ഇപ്രകാരം കാഴ്ചക്കാരും പക്ഷക്കാരും ഉണ്ടായിരുന്നു. കഥയിൽ പുനർജനിക്കുന്ന കലാകാരന്മാരെല്ലാം പക്ഷങ്ങൾക്കതീതരും ഗംഭീരവിക്രമന്മാരുമാണ്. ഉദ്ഭവത്തിന് രാമൻകുട്ടിനായരുടെ രാവണന് പൊതുവാൾമാർ മേളമൊരുക്കി നമ്പീശനും കുറുപ്പും പാടിയാലേ ഗാംഭീര്യം വരൂ. ഏവരും രാവണന്മാർ.
നടന്ന് കളിക്കുപോകൽ, മുറുക്കി, കണ്ട കഥകളികളുടെ രസം പറഞ്ഞ്, കാണാൻ പോകുന്ന കളിയെ ഭാവന ചെയ്തുള്ള കാഴ്ചശീലം. ആ കാലത്തിന്റെ പ്രതിനിധിയാണ് കൈമൾ. കൃഷ്ണൻകുട്ടിയും അപ്പുക്കുട്ടിയും കൊട്ടുകാരായതിനാൽ കൃഷ്ണൻകൊട്ടി എന്ന സരസഗ്രാമീണതയിൽ ചേർത്തുള്ള സംബോധന; കളിക്കാർക്കൊപ്പം മദ്യസേവ, അതിനിടയിൽ സൗന്ദര്യബോധമാർന്ന ചർച്ച, മേൽക്കൈ സ്ഥാപിക്കൽ, ഇങ്ങനെ കലാകാരനും കാണിയും സംവാദവേദിയായി കാഴ്ചയുടെ വിശകലനത്തിലൂടെ കഥകളി നിരൂപണം ഗർഭം ധരിക്കുന്നതിന്റെ ചിത്രങ്ങൾ ഈ കഥയിലുണ്ട്. നമ്പീശന് കുറുപ്പോ ഗംഗാധരനോ ശിങ്കിടി നന്നാവുക, ചെങ്ങന്നൂരോളം കവളപ്പാറ വരുമോ? മൂത്തമനയുടെ ചെണ്ടയെ കവച്ചുവയ്ക്കില്ലേ വെച്ചൂരിന്റെ അലർച്ച തുടങ്ങി തെക്കുവടക്ക് ആസ്വാദന താരതമ്യം എല്ലാം കഥയിൽ അന്തർലീനമാകുന്നു.
രാവണോദ്ഭവത്തിൽ, കഥകളിയുടെ ചരിത്രത്തിൽ കലാമണ്ഡലം രാമൻകുട്ടിനായരെ വെല്ലുന്ന രാവണൻ ഉണ്ടായിട്ടില്ല എന്ന് കഥയുടെ പ്രമേയം അസന്ദിഗ്ധമാകുന്നു. രാമൻകുട്ടിനായർ രാവണൻ കെട്ടി നാമാന്തരവും രൂപാന്തരവുമാവുന്ന സന്ദർഭത്തെ പുതിയ രാഷ്ട്രീയ പരിപ്രേക്ഷ്യത്തോട് കഥാകൃത്ത് സമന്വയിക്കുമ്പോഴാണ് കഥയിൽ ഒളിപ്പിച്ച ‘ആട്ടം’ അഥവാ പകർന്നാട്ടം തിരനോക്കി പുറത്തുവരുന്നത്. ഇതൊരു രാഷ്ട്രീയ പരിപ്രേക്ഷ്യയ്ക്കുള്ള കഥയാക്കാനാണ് കഥകളി പ്രമേയമായി തെരഞ്ഞെടുത്തത്. രാഷ്ട്രീയ കഥകളിയിലെ കാണിയായി കഥാകാരൻ അരങ്ങിനു മുന്നിലിരിക്കുന്നു.
എൻ.എസ്. മാധവന്റെ കാർമെനുശേഷം മലയാളത്തിൽ സമ്പൂർണ കഥകളി കഥ വരികയാണ്. കാർമെൻ നടന്റെ, വേഷക്കാരന്റെ കഥയായിരുന്നു. ഗംഭീരവിക്രമ കലാകാരന്മാരിലൂടെയുള്ള കാഴ്ചക്കാരന്റെ കഥയാവുന്നു.
രാവണൻ പത്താമത്തെ ശിരസ്സും സ്വയം വെട്ടാൻ രാവുണ്ണിമേനോനിൽ വന്നുദ്ഭവിപ്പതു നോക്കി എന്ന ഒളപ്പമണ്ണയുടെ വരികളാണ് മുൻപ് ഉദ്ഭവത്തിന്റെ ശക്തി കാണിച്ച ഏക മലയാളകവിത. അത് ശിഷ്യൻ രാമൻകുട്ടിയിൽ ഉദ്ഭവിക്കുകയാണ് കഥയിൽ. കഥകളി കൽപനകളുടെ ചന്തവും കഥയിൽ കാണാം.
കുറുപ്പെന്നാൽ കറുപ്പുപോലെ ലഹരി, താടിയിലേക്കൊഴുകിയ മുറുക്കാന്റെ നിണം തുടച്ചു. ചെണ്ടയുടെ താണ്ഡവത്തിൽ പരമശിവനായി കൃഷ്ണൻകുട്ടി പൊതുവാൾ, മദ്ദളത്തിൽ പാർവതി അപ്പുക്കുട്ടിപ്പൊതുവാൾ, അരങ്ങിലെ ശിവപാർവതി സംയോഗം, ആദ്യവസാനമുള്ള മറുപടി, പൊതുവാളിന് മദ്ദളം മടിശ്ശീലപോലെയാണ്, ആട്ടവിളക്കിനു താഴെ ഒറ്റത്തിരിപോലെ കത്തി നിൽക്കുന്ന നോട്ടം, ഉൾക്കണ്ണാൽ അരങ്ങിലെ ആട്ടമറിഞ്ഞു കൊട്ടുന്ന കൃഷ്ണൻകുട്ടി പൊതുവാൾ, തുടങ്ങി കഥകളി കൽപനകളുടെ ഘോഷയാത്രതന്നെയുണ്ട് കഥയിൽ. ഒപ്പം കഥകളി അന്തരീക്ഷം ഒരുക്കുന്നതിലും കഥാകൃത്ത് ശ്രദ്ധിച്ചിട്ടുണ്ട്. ഉദ്ഭവത്തിന്റെ ആട്ടക്രമത്തെ, പകർന്നാട്ടത്തെ കൃതഹസ്തതയോടെ കൈകാര്യം ചെയ്യുന്നു. ജീവിതത്തിൽ പല മുഖങ്ങളായി ആടുന്ന കേവലമനുഷ്യനെക്കുറിച്ചും കഥയിൽ പറയുന്നുണ്ട്.
കഥകളി കാണൽ ഒരു സംസ്കാരമാണ്. ഒരേ കഥ, ഒരേ വേഷക്കാർ, എത്ര കണ്ടിട്ടും അതിനുമുന്നിൽ അദ്ഭുതത്തോടെ നോക്കി നിൽക്കുന്ന മലയാളി കഥകളി ഭ്രാന്തനാണ്. കഥകളിയുടെ കരുത്തും കാന്തിയും കത്തിവേഷത്തിലാണ്, രാവണനിലാണ്. ഉദ്ഭവത്തിലാണ്. ചിട്ടയുടെ കഥയും കളിയുമാണത്. അതിൽ ആത്മബോധത്തിന്റെ അന്തസ്സാർന്ന രാവണത്വം വിരുദ്ധനാമധാരിയായ രാമൻകുട്ടി നായരിൽ ഉണ്ടായിരുന്നു. ലങ്ക ദഹിപ്പിക്കുന്ന ഹനുമാനായും ലങ്ക വാഴുന്ന രാവണനായും ഈ വേഷക്കാരൻ അരങ്ങിൽ അമരനായി.
കലാകാരന്മാർ മരിച്ചെന്ന് ഉറപ്പുണ്ടായിട്ടും അവരുടെ അനശ്വരതയിൽ ലയിച്ച് കളി കാണാൻ പോകുന്ന കൈമൾ; കേരളത്തിൽ ഇത്തരം കൈമൾമാർ ധാരാളം. കത്തിവേഷം വരുമ്പോൾ രാമൻകുട്ടിനായരെ, സ്ത്രീവേഷത്തിൽ ശിവരാമനെ മനസ്സിൽ പ്രാണപ്രതിഷ്ഠ നടത്തുന്ന ആസ്വാദകർ ഇന്നും ഉണ്ട്. പുതുഗായകരുടെ ശബ്ദത്തിൽ നമ്പീശനെയും കുറുപ്പിനെയും മാറി കേൾക്കുന്നവർ; മേളപ്പദമുഖങ്ങളെ മാറ്റി പൊതുവാൾമാരെ കേൾക്കുന്നവർ. അവരുടെ മനസ്സിലെ ടേപ്പ് റിക്കോർഡറിൽ യന്ത്രസരസ്വതി കടാക്ഷിച്ച ഗാനങ്ങളുണ്ട്. ആട്ടങ്ങളുണ്ട്. പാരമ്പര്യശക്തിയിലേക്കുള്ള തിരിച്ചുപോക്ക് കഥയിൽ കാണുന്നു.
90 കഴിഞ്ഞ കൈമൾ മാജിക്കൽ റിയലിസത്തിലേക്കല്ല നടന്നെത്തുന്നത്. അഭാവത്തിൽ വരുന്ന ഓർമ എന്ന കലാസൗന്ദര്യശാസ്ത്രം ഉണ്ണി ആർ. കഥയിൽ ഒളിപ്പിച്ചുവയ്ക്കുന്നു. കലയിലെ രാഷ്ട്രീയവും കഥയിൽ ചർച്ചയാവുന്നു. ആസ്വാദകന്റെ നിഷ്ഠുരവും നിഷ്കരുണവുമായ സമീപനങ്ങളുടെ തുറന്ന മനസ്സാണ് കൈമൾ. വരാനായി കുറിപ്പു കൊടുത്തയയ്ക്കുന്ന ശീലത്തിൽനിന്നു വരെ മുക്തി ചെയ്യാത്തയാൾ.
രാമൻകുട്ടിനായരുടെ രാവണൻ ‘വെയ്ക്ക്’ എന്ന് ആടുമ്പോൾ വരംവയ്ക്കാത്ത ബ്രഹ്മാവില്ല. സൂര്യനെ ഉറഞ്ഞുപോകുവിധം നിശ്ചലനാക്കാൻ കഴിയുന്ന രാവണൻ. അങ്ങനെ തെക്കൻ പക്ഷപാതിത്വത്തിനിടയിലും കല്ലുവഴിച്ചിട്ടയുടെ പ്രതാപസൗന്ദര്യം ഉദ്ഘോഷിക്കുകയാണ് കൈമൾ. കല്ലുവഴി മേളക്കാരും പാട്ടുകാരും ചാലക്കുടി പുഴ കടന്നെത്തി ഉയർന്ന കഥയും ഈ കഥ പറയാതെ പറയുന്നു. അഥവാ വടക്കൻ ചിട്ടയാണ് തെക്കൻ ഭാഗത്ത് പ്രബലമായത്. കോട്ടയം കഥയുടെ ചിട്ടയാണ് കോട്ടയത്തുകാരനായ കഥാകാരനിൽ ഭദ്രമായത്.
കുറുപ്പും നമ്പീശനും കുടികൊള്ളുന്ന ടേപ്പ് റിക്കോർഡർ എന്ന രൂപകത്തിലൂടെ തുടങ്ങുന്ന കഥ രാമൻകുട്ടിനായരുടെ ഉദ്ഭവത്തിന്റെ പ്രൗഢിയിൽ അവസാനിക്കുമ്പോൾ കഥകളിയെ കണ്ടുകണ്ട് വളർത്തി പെരുപ്പിച്ചവരുടെ പ്രതിനിധിയായ കൈമളെ കേന്ദ്രസ്ഥാനത്തു നിർത്തി ഉണ്ണി കഥയെ പ്രതീകാത്മകമാക്കുന്നു.
തെക്കൻഭാഗത്തെ ഒരു കാണിയുടെ പരിപ്രേക്ഷ്യത്തിൽ പറയുന്ന കഥ തെക്കുവടക്ക് ഭേദമെന്യേ വായിക്കപ്പെടുന്നു. ചിട്ടകൾ അസ്ഥാനത്താവുന്ന കാലത്തും ചിട്ടയുടെ മൂല്യത്തിന്റെ ധ്വനിയും ആട്ടപ്രകാരസൗന്ദര്യവും കഥയിൽ പ്രത്യക്ഷതലത്തിൽ ചർച്ച ചെയ്യുന്നു. കഥകളിയിൽ ഗംഭീരവിക്രമന്മാരുടെ കാലത്തിന്റെ കലാശമെന്ന സത്യത്തിലേക്കും കഥയിലെ ഒരു വാചകം മുദ്ര പിടിക്കുന്നു.
ഗംഭീരവിക്രമ
ഉണ്ണി ആർ.
മനോരമ ബുക്സ്
വില: 120 രൂപ
ഉണ്ണി ആറിന്റെ ‘ഗംഭീരവിക്രമ!,’ ‘മലമുകളിൽ രണ്ടുപേർ’ എന്നീ രണ്ട് ഗംഭീരകഥകൾ മനോരമബുക്സിലൂടെ. പുസ്തകം വാങ്ങുവാന്‍ 8281765432 ലേക്ക് whatsapp ചെയ്യുക.