അൽ- അറേബ്യൻ നോവൽ ഫാക്ടറി

ഇത്രയും ആക്രാന്തപ്പെട്ട്‌ ഒരു നോവലും വായിച്ചു തീർത്തിട്ടില്ല.. വായിക്കുന്തോറും എവിടെയൊക്കെയോ മുറുക്കം കൂടുകയാണ്. ബെന്യാമിന്റെ "അൽ- അറേബ്യൻ നോവൽ ഫാക്ടറി " വായിച്ചിട്ട് അടുത്ത ഒരു സുഹൃത്ത്‌ രേഖപ്പെടുത്തിയത് പകുതി വായിച്ചു നിർത്തിയ പുസ്തകമെന്നാണ്. പക്ഷേ 438 പേജുള്ള പുസ്തകം രണ്ടു ദിവസമെടുത്തു വായിക്കാൻ എന്ന നിരാശ മാത്രമേ എന്റെ മുന്നിലുണ്ടായുള്ളൂ. ഓരോ നിമിഷവും അലിഞ്ഞു മുറുക്കുന്ന നിസ്സഹായത അറിഞ്ഞു തന്നെ വായിച്ചു. മധ്യപൂർവേഷ്യൻ രാജ്യങ്ങളുടെ രാഷ്ട്രീയവും ഭീകരവാദവും, തീവ്രവാദത്തിന്റെ വേരുകളും ഒക്കെ ഉറങ്ങുന്ന ഒരു വലിയ നോവൽ. ചരിത്ര ആഖ്യായിക എന്നൊക്കെ വിവക്ഷിക്കാവുന്ന ഒന്ന്. ബെന്യാമിൻ വീണ്ടും തരമായിരിക്കുന്നു. ജോലിയുപേക്ഷിച്ചു ഒരു നോവലെഴുത്തുകാരനായി തുടരാനുള്ള അർഹത ബെന്യാമിൻ നേടിയെടുത്തിരിക്കുന്നു.

അറേബ്യൻ രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവത്തിന്റെ പിന്നാമ്പുറങ്ങൾ പകർത്തിയെഴുതിയ നോവലാണ്‌  "അൽ- അറേബ്യൻ നോവൽ ഫാക്ടറി " .ഒരു വിദേശിയായ നോവലിസ്റ്റിന് നോവലെഴുതാനുള്ള പ്രാഥമിക വിവരങ്ങൾ സംഭരിയ്ക്കാനായി ചുമതലയെൽക്കുന്നവർ. അവരിൽ ഓരോരുത്തരുടെയും ലക്‌ഷ്യം നോവൽ വിവരങ്ങൾ നേടുക എന്നത് മാത്രമല്ല ആ രാജ്യത്തിൽ അവരെ കാത്തിരിക്കുന്ന മറ്റു പലതും ഉണ്ടായിരുന്നു. അതവരെ കൊണ്ടെത്തിക്കുന്നതോ ലോകരാജ്യങ്ങൾ വരെ ഉറ്റു നോക്കിയ ഒരു സോഷ്യൽ മീഡിയ സമരത്തിലേക്കും. 

സന്തോഷങ്ങളുടെ ആ നഗരത്തിൽ വന്നെത്തുമ്പോൾ ഇതിലെ നായകനും ആഖ്യാതാവുമായ പ്രതാപിനും അവിടെ ഒരു കാത്തിരിപ്പുണ്ടായിരുന്നു. ഒരു വ്യാഴവട്ടം നിശബ്ദമായിരുന്നു, പിന്നെ അയാളിലെയ്ക്ക് ഒഴുകിയെത്തിയ പ്രണയം. അതയാളിലേക്ക് അസ്ഥിയിൽ പറ്റിപ്പിടിച്ചെന്ന പോലെ ഒട്ടിയിരുന്നിരുന്നു. പൊട്ടി ചിതറാൻ ആകാതെ അയാൾ അതിനെ താലോലിച്ചു കൊണ്ടുമിരുന്നു. അവളെ കാണാൻ വേണ്ടി മാത്രം ആ നഗരത്തിലെത്തുകയും പക്ഷേ വിപ്ലവത്തിന്റെ കാഴ്ചകളുടെ ഭാഗമാവുകയും ചെയ്ത പ്രതാപിന്റെ തോന്നലുകളാണ് ഈ പുസ്തകം വരച്ചു വയ്ക്കുന്നത്. പ്രതാപിനോപ്പം നോവലിസ്റ്റിന് വിവരശേഖരണത്തിനായി റിയാസും , എട്വിനും വിനോദും ഉണ്ടായിരുന്നു. പിന്നെ അവരുടെ പെൺ സുഹൃത്തുക്കളും . റിയാസിന്റെ നിഗൂഡത അയാളുടെ ആഴമുള്ള കണ്ണുകളോളം തന്നെ നിഗൂഡവുമായിരുന്നു.

ഗൾഫ് നാടിന്റെ സമൃദ്ധിയുടെ പച്ച വെളിച്ചത്തിനുമപ്പുറം  ഇരുവിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തര കലഹങ്ങളുടെ കാരണങ്ങളിൽ കൂടി കടന്നു വായന തീവ്രവാദത്തിന്റെ പൊട്ടിതെറിയ്ക്കലിലും പൊതുജനത്തിന്റെ വിപ്ലവ മനസ്സിന്റെ തീപ്പൊരികളിലേക്കും കടന്നു ചെല്ലുന്നു. സ്വെച്ഛാധിപത്യതിന്റെ അവസാനം എത്തുന്ന ഒരു സമരത്തിലേയ്ക്ക് കണ്ണ് നട്ടിരിയ്ക്കുന്ന ഒരു ജനതയുണ്ട്‌, പക്ഷേ അതിന്റെ അവസാനം എത്താൻ സാധ്യതയുള്ള മതത്തിന്റെ ഭയപ്പെടുതലുകൾ വിപ്ലവ മനസുകളെ മുരടിപ്പിക്കുന്നുമുണ്ട്. ജനാധിപത്യം വരണം എന്നാഗ്രഹിയ്ക്കുമ്പോൾ തന്നെ സ്വേച്ഛാധിപത്യത്തെ  പാടെ തള്ളിയകറ്റാൻ പറ്റാത്ത ഒരു സമൂഹമുണ്ട്‌. പലപ്പോഴും അവർ അതിനെ എതിർക്കാത്തത് ശക്തമായ ഒരു ജനാധിപത്യ അടിത്തറ മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ ഇല്ലാത്തത് കൊണ്ട് തന്നെയാകുമോ?

"അൽ- അറേബ്യൻ നോവൽ ഫാക്ടറി " എന്ന നോവലിൽ പരാമർശിയ്ക്കപ്പെട്ട  ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ’ എന്ന നോവലിന്റെ സ്വതന്ത്ര പരിഭാഷകൻ ആയി സ്വയം നോവലിസ്റ്റും നോവലിൽ ഒരു തലത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.  ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ’  എന്ന നോവൽ എഴുതിയ സമീറ പർവീൻ എന്ന പെൺകുട്ടിയ്ക്ക്‌ വേണ്ടിയുള്ള അന്വേഷണം ആയി പോകുന്നുണ്ട് ചില നിമിഷങ്ങളിൽ ഈ നോവൽ. പക്ഷേ ആഖ്യാതാവായ പ്രതാപിനൊപ്പം അത് വായനക്കാരനും ആഗ്രഹിയ്ക്കുന്നുണ്ട്. കാരണം ആ നോവൽ വായന അത്രയേറെ പ്രതാപിനെ ഇളക്കി മറിച്ചപ്പോൾ തന്നെ അതിന്റെ വായന വായനക്കാരനും ആവശ്യപ്പെടുക കൂടി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ബെന്യാമിൻ അൽ അറേബ്യൻ നോവൽ ഫാക്ടറിയ്ക്കൊപ്പം തന്നെ "മുല്ലപ്പൂ നിറമുള്ള പകലുകൾ " എന്ന നോവൽ കൂടി പുറത്തിറക്കിയിരിക്കുന്നു. സമീറയുടെ  ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ ’  എന്ന നോവലിന്റെ സ്വതന്ത്ര പരിഭാഷയെന്നോണം ആണ് ഈ നോവൽ കൂടി ഒന്നിച്ചു പുറത്തിറങ്ങിയിരിക്കുന്നത്. കാരണം ഒരു നോവലോടെ ഈ യാത്ര പൂർണമാകില്ല. 

മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളുടെ രാഷ്ട്രീയം അത്രയധികമൊന്നും മലയാളികൾ ചർച്ച ചെയ്തിട്ടില്ല. കാരണം നമുക്ക് ചർച്ച ചെയ്യാൻ സ്വന്തം നാട്ടിൽ തന്നെ വിഷയങ്ങൾ ഉണ്ടായിരുന്നു. ഒന്നാമതു മുസ്ലീം രാഷ്ട്രമെന്ന ബിംബം തന്നെ അത്തരത്തിലുള്ള ഒരു ചർച്ചയെ മറ്റു രാജ്യങ്ങളിൽ നിന്ന് പിന്തിരിപ്പിച്ചു. രാജ്യത്ത് താമസിക്കുന്ന മലയാളികൾ പോലും കവറിട്ടു മൂടിയ നിലയിൽ രാഷ്ട്രീയം സംസാരിക്കുമ്പോൾ സന്തോഷത്തിന്റെ നഗരത്തിലെ യഥാർത്ഥ രാഷ്ട്രീയം എവിടെയൊക്കെയോ മറഞ്ഞു കിടക്കുകയാണ്. ഏറെക്കുറെ വ്യക്തമായി തന്നെ ബെന്യാമിൻ അത് പറഞ്ഞു വയ്ക്കുന്നു. ചരിത്രത്തിന്റെ വ്യക്തമായ നിലപാടുകളോടെ ഓരോ കഥാപാത്രങ്ങളിൽ നിന്ന് ഗൾഫ് നാടുകളുടെ ചരിത്രം പറയുമ്പോൾ അതിൽ പലതും ചുട്ടു പൊള്ളിക്കുന്നവയാണ്. 

'അൽ അറേബ്യൻ നോവൽ ഫാക്ടറി' വായിക്കുന്നവർ 'മുല്ലപ്പൂ നിറമുള്ള പകലു'കളും വായിച്ചു പോകും. കാരണം ബെന്യാമിൻ പറഞ്ഞത് പോലെ പരസ്പരം ആസക്തിയോടെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന രണ്ടു നാഗങ്ങളാണ് അവ രണ്ടും. തലയേത് വാലേത് എന്ന് വേർതിരിച്ചു എടുക്കാൻ ആകാത്ത പോലെ അവ കെട്ട്പിണഞ്ഞു കിടക്കുന്നു. എന്തായാലും പ്രതാപിനെ ഉൾപ്പെടെ വിദേശ നോവലിസ്റ്റ് എല്പ്പിച്ച ദൌത്യം അവസാനം വിജയം കണ്ടോ? അതുപോലെ പ്രതാപിന്റെ പ്രണയം, റിയാസിന്റെ ഭീകരവാദം വരെ വേരുകൾ നീണ്ട രഹസ്യം, സമീറ എന്ന നിഗൂഡയായ പെൺകുട്ടി, വായനയുടെ മാറ്റ് കൂട്ടുന്ന രഹസ്യങ്ങൾ ആണിവ. മുല്ലപ്പൂ വിപ്ലവത്തിന്റെ പെണ്ണിരയ്ക്ക് എന്താണ് അവളുടെ കഥയിൽ പറയാനുണ്ടായിരുന്നത്... വായനയ്ക്കായി കാത്തിരിക്കാം...