Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമവും മരണവും അടുത്തടുത്ത്

punathil

‘കന്യാവനങ്ങൾ’ എനിക്ക് എന്നും പ്രിയ നോവലാണ്. അത് ആദ്യം പ്രസിദ്ധീകരിക്കുമ്പോൾ, ഞാൻ വിദ്യാർഥിയായിരുന്നു. അന്നത്തെ വായനയിൽനിന്ന് അതിലെ അന്തരീഷവും കഥാപാത്രങ്ങളും മനസിൽ മായാതെ നിന്നു. വർഷങ്ങൾക്കുശേഷം ‘കന്യാവനങ്ങൾ’  വീണ്ടും വായിച്ചപ്പോൾ പുതിയ ജിജ്ഞാസകൾ ഉണർന്നു. എല്ലാ കാലത്തും രസാനുഭൂതി പകരുന്ന ഭ്രമകരമായ സൗന്ദര്യം ആ നോവലിനുണ്ടെന്നും കണ്ടു.

മരുഭൂമിയുടെ നിർദയമായ കാലമായാലും നാഗരികതയുടെ ക്രൂരമൽസരമായാലും മോഹകാമങ്ങളുടെ കരിമ്പടം കന്യാവനങ്ങളിലെ കഥാപാത്രങ്ങളുടെ ജീവിതങ്ങൾക്കുമീതേ കരിനിഴൽ വീഴ്ത്തുന്നു. മനുഷ്യൻ ശരീരം കൊണ്ടു സഹിക്കുകയും ശരീരത്താൽ രസിക്കുകയും ചെയ്യുന്നു. അറബുനാടിന്റെ ഇന്ദ്രീയാനുഭൂതിയാണ് ഈ നോവലിന്റെ ഒരു സവിശേഷത. അതിനുളളിൽ കഴിയുമ്പോഴാണു മനുഷ്യനിലെ എല്ലാ ത്വരകളും യഥാർഥത്തിൽ അവന്റെ ദുരിതവും ദുർവിധിയും വഹിക്കുന്നതായി നാം മനസിലാക്കുക. അറബികളായാലും പ്രവാസികളായാലും വ്യർത്ഥതയ്ക്കു അവസാനമില്ല. എത്ര വിനയം കൊണ്ടാലും  നിങ്ങളുടെ വേദന ഇളച്ചുകിട്ടുകയുമില്ല. ഈ നോവലിലെ കഥാപാത്രങ്ങളിൽ നല്ലതോ ചീത്തയോ ഇല്ല. നോവലിലെ കുഞ്ഞാവയെ നോക്കൂ. ഒരു പാവം ചെറുപ്പക്കാരൻ. എന്നാൽ അയാളും കാമമോഹങ്ങളുടെ ഇരയാണ്. റസിയ സുന്ദരിയാണ്. ധനികയാണ്. ഉദാരത അവർക്കുണ്ടെങ്കിലും അവരും കാമാന്ധതയുടെ ഇരയാണ്. ഇതൊന്നുമില്ലെങ്കിലും മരുഭൂമി നിങ്ങളെ വേട്ടയാടും. കെടുതികളാലും വേദനകളാലും ഞെരിക്കും. എത്ര നിർമമതയോടെയാണു പുനത്തിൽ ഈ കഥയൊക്കെ പറയുന്നത്.

‘കന്യാവനങ്ങൾ’  എന്നാണു പേരെങ്കിലും ഈ നോവലിൽ പച്ചപ്പോ നിഷ്ക്കളങ്കതയോ ഒരിടത്തുമില്ല. നഗരത്തിലായാലും മരുഭൂമിയിലായാലും മനുഷ്യനെ കാത്തിരിക്കുന്നതു പരാജയങ്ങളാണ്. ഈ പരാജയങ്ങളിലേക്കുളള യാത്രയാണ് ഓരോ ജീവിതവും. ആ പാതയിൽ ഒരിക്കൽ നാം വിജയിച്ചതായി തോന്നും. വൈകാതെ നാം നിലത്തേക്കു വലിച്ചെറിയപ്പെടുകയും ചെയ്യും. ഭൗതികവിജയമായാലും പ്രണയസാഫല്യമായാലും ദുർവിധിയുടെ ഇരിപ്പിടമാണതെന്ന ദർശനമാണു കന്യാവനങ്ങളിലെ ഓരോ കഥാപാത്രത്തെയും ദു:ഖിതരാക്കുന്നത്. 

ദെസ്തോവ്സ്കിയുടെ ‘ദി ഇഡിയറ്റ്’ ആരംഭിക്കുന്നതു വധശിക്ഷയെപ്പറ്റി ട്രെയിനിൽ നടക്കുന്ന ഒരു നീണ്ട സംവാദത്തോടെയാണ്. പ്രിൻസ് മിഷ്കിൻ പാരിസിലോ മറ്റോ താൻ നേരിൽ കണ്ട ഒരു വധശിക്ഷ, ഒരു ഗില്ലറ്റിൻ,  വിവരിക്കുകയാണവരോട്. ജനക്കൂട്ടത്തിനു നടുവിൽ കൊലമരത്തിലേക്കു പോകുന്ന മനുഷ്യൻ. പച്ചയ്ക്ക് ഒരാളെ കൊല്ലുന്നതിന്റെ പൈശാചികത പങ്കുവയ്ക്കുകയാണവിടെ. 

ദെസ്തോവ്സ്കി തന്റെ യൗവനകാലത്തു ഭീകരപ്രവർത്തനത്തിന്റെ പേരിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്നു. പക്ഷേ, വധശിക്ഷയിൽനിന്ന്, ഫയറിങ് സ്‌ക്വാഡിനു മുന്നിൽ വെടിയുണ്ട കാത്തുനിൽക്കേ, അവസാന നിമിഷം മോചിതനായ ആളാണ്. അതു സാർ ചക്രവർത്തി ഒരുക്കിയ ഒരു നാടകമായിരുന്നു. ദെസ്തോവ്സ്കി അടക്കം ചെറുപ്പക്കാരായ ഏതാനും തടവുകാര്‍ക്ക് മാപ്പു നൽകാൻ ചക്രവർത്തി തീരുമാനിച്ചു. എന്നാൽ, വധശിക്ഷയ്ക്കുള്ള നടപടികൾ പതിവുപോലെ നടത്താനും  വെടിയുതിർക്കുന്നതിനു തൊട്ടുമുൻപ്, ശിക്ഷ റദ്ദാക്കിയതായി അറിയിപ്പു നൽകാനും ഉത്തരവിട്ടു. സാർ ചക്രവർത്തി ഒരുക്കിയ ഈ നാടകം തന്നെ ഉഗ്രമായ ശിക്ഷയായിരുന്നു. ദെസ്തോവസ്കിക്ക് ഒപ്പം ജീവൻ തിരിച്ചുകിട്ടിയ രണ്ടു ചെറുപ്പക്കാർക്കും മനോനില തെറ്റിപ്പോയി. ദെസ്തോവ്സ്കിയെ ആ അനുഭവം ഒരു എഴുത്തുകാരനാക്കി. പ്രപഞ്ചജീവിത രഹസ്യമന്വേഷിക്കുന്നവനാക്കി, വധശിക്ഷാവിരുദ്ധനാക്കി. ഇത്തരത്തിൽ അഹിംസയുടെ കലാതത്വം വെളിച്ചം പകരുന്ന സന്ദർഭങ്ങളാണ് പുനത്തിലിന്റെ നോവലിലുമുളളത്. കന്യാവനങ്ങളിൽ സൗദിയിലെ  പരസ്യവധശിക്ഷയുടെ രണ്ടു വിവരണമുണ്ട്. സംവാദാത്മകമല്ലെങ്കിലും അശരണരായ പ്രാണനുകളുടെ നെടുവീർപ്പുകൾ പുനത്തിലിന്റെ വാക്കുകളിൽനിന്നും കേൾക്കാം. 

അവിഹിതബന്ധത്തിനു ശിക്ഷിക്കപ്പെട്ട പ്രവാസിയായ ചെറുപ്പക്കാരനെ മരുഭൂമിയിലെ സൂര്യനു കീഴെ നിർത്തി, ജനക്കൂട്ടം നോക്കിനിൽക്കെ തലവെട്ടിക്കൊല്ലുന്നതാണ് ആദ്യത്തേത്,. "വാളേന്തിയ ആൾ വാൾ ആകാശത്തേക്കുയർത്തി. അതിന്റെ മുന ദൈവത്തിന്റെ നേരെ നീണ്ടു" എന്നാണു പുനത്തിൽ എഴുതുന്നത്. ദൈവത്തിനുനേരെയാണ് വ്യർഥപ്രാണന്റെ വേദനയുടെ മുന നീളുന്നത്. കൊലയുടെ ഭയാനകതയും കൊല്ലപ്പെടുന്നവന്റെ നിരാലംബതയും എത്ര സൂക്ഷ്മതയോടെയാണു ചിത്രീകരിച്ചതെന്നു നോക്കുക. രണ്ടാമത്തെ മരണശിക്ഷയിലേക്കുപോകും മുൻപ് നോവലിൽ ഉടലാർന്നുനിൽക്കുന്ന മാദകത്വത്തിന്റെ ഒരു അനുഭവം പറയാം.

ഞാൻ ‘കന്യാവനങ്ങൾ’  ഓർക്കുമ്പോഴൊക്കെ മദാലസയായ റസിയ എന്ന കഥാപാത്രം അവരുടെ നേർത്ത രാത്രിവേഷത്തിൽ വരും. സ്ത്രീയുടെ കാമം ഒരു യക്ഷിക്കഥ പോലെയാണു പുനത്തിൽ എഴുതുക. ശരിക്കും ഇത്രമേൽ കാമരൂപിണികളാകുമോ പെണ്ണുങ്ങൾ? ഞാൻ ആദ്യം കന്യാവനങ്ങൾ വായിച്ചപ്പോൾ അതിലെ മാംസബദ്ധമായ, മദഗന്ധമുള്ള ജീവിതങ്ങളാണ് എന്നെ ഉലച്ചത്, അതിന്റെ ഭാരവുമായാണു ഞാൻ യൗവനം കടന്നത്. ഇപ്പോൾ നോക്കുമ്പോൾ റസിയ ആയിരത്തൊന്നുരാവുകളിൽനിന്നിറങ്ങുവന്ന കഥാപാത്രമായിട്ടാണ് എനിക്കുതോന്നുന്നത്. ആയിരത്തൊന്നുരാവുകളിലും ഷെഹ്റാസാദ് എന്ന യുവസുന്ദരി വിധിയുടെ വാൾമുനയ്ക്കു മുന്നിലിരുന്നാണല്ലോ ആ കഥകളത്രയും പറയുന്നത്. അതായതു മരണവും കാമവും അടുത്തടുത്ത് നിൽക്കുന്നതായി നാം കാണുന്നു.

ഇനി രണ്ടാമത്തെ മരണശിക്ഷയുടെ വിവരണം. അതോടെ നോവൽ തീരും, ഹിംസയ്ക്കെതിരെ ഒരു നിലവിളിയോടെ. 

മരുഭൂമിയിലെ വലിയ അലച്ചിലുകൾക്കൊടുവിൽ ഹബീബ് എന്ന കഥാപാത്രം ജിദ്ദയിലേക്കു തിരിച്ചെത്തുന്നു. "ആദിമാതാവിന്റെ മണ്ണിൽ ഹബീബ് വന്നിറങ്ങി. കാലം ഹബീബിനെ കാത്തിരിക്കുകയായിരുന്നു" എന്ന് കുഞ്ഞബ്ദുല്ല എഴുതുന്നു. കാലം എന്തിനുവേണ്ടിയാണ് അയാളെ കാത്തുനിന്നത്? എല്ലാ പ്രയത്നങ്ങൾക്കുമൊടുവിൽ മനുഷ്യൻ പരാജിതനോ മൃതരൂപനോ ആയിത്തീരുമെന്നു പഠിപ്പിക്കാനോ? അതോ തളരാതെ, അടുത്ത പച്ചപ്പിനെ ലക്ഷ്യമാക്കി നീങ്ങാനോ? നോവലിസ്റ്റ് ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം തരുന്നില്ല പകരം നമ്മെ തിരശ്ശീല വീഴുന്നതിനു തൊട്ടു മുൻപുള്ള രംഗം കാട്ടിത്തരുന്നു. 

ഭാവിയുടെ ശൂന്യതയുമായി ഹബീബ് ഒരു മൈതാനത്തു പോയിരിക്കുന്നു. അപ്പോഴാണ് അയാൾ അറിയുന്നതു തലേന്ന് ഒരു പ്രവാസിസ്ത്രീയെ അവിടെയാണു കല്ലെറിഞ്ഞുകൊന്നതെന്ന്. ചോരയുടെ അടയാളമുളള ഒരു കല്ല് അയാൾ എടുത്തുനോക്കുന്നു. വായനക്കാരന് അറിയാം ആ സ്ത്രീ ഹബീബിന്റെ ആരാണെന്ന്. കൊലയുടെ ആഹ്ലാദം പങ്കിടാൻ ഒരു ജനക്കൂട്ടം ഒത്തുകൂടിനിൽപുണ്ട്. കന്യാവനങ്ങളിലെ അവസാന വാക്യങ്ങൾ ഇങ്ങനെ: "അപ്പോൾ- ഹവ്വയുടെ കബറിടത്തിൽനിന്ന് ആദിമാതാവിന്റെ രോദനം കേൾക്കുന്നു. അതു വനരോദനമായി മാറുന്നു". 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം