Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറും നാളുകളെ പെരുന്നാളാക്കിയ കുഞ്ഞിക്ക

punathil

ഓർമ്മക്കുറിപ്പ് എഴുതേണ്ടി വരുന്നത് സങ്കടകരമായ കാര്യമാണ്. ഒപ്പമുണ്ടെന്നു കരുതുന്നവർ ഇല്ലാതായെന്നും നാമിപ്പോഴുമുണ്ടെന്നും വിചാരിച്ചുകൊണ്ട് എഴുതുന്നതിൽത്തന്നെ ദാരുണമായ ഒരു തമാശയുണ്ട്. ഈ ഒക്ടോബർ സാംസ്കാരികലോകത്തിനെന്നപോലെ എനിക്കും വലിയ നഷ്ടങ്ങളുടെ മാസമാണ്. ആദ്യം വി.സി ഹാരിസ്. ഇപ്പോൾ പുനത്തിൽ കുഞ്ഞബ്ദുള്ള. ഇരുവർക്കും പൊതുവായ ഒരു സ്വഭാവമുണ്ട്. വലുപ്പച്ചെറുപ്പങ്ങളും നാട്യങ്ങളുമില്ലാത്ത സൗഹൃദത്തിന്റെ ആളുകളായിരുന്നു ഇരുവരും.

സ്മാരകശിലകളും കന്യാവനങ്ങളും മരുന്നും ഒപ്പം കുഞ്ഞബ്ദുള്ളയുടെ അതുവരെയുള്ള കഥകളും ചെറുപ്പത്തിലേ വായിച്ചതാണ്. അന്നുമിന്നും ഏറ്റവും പ്രിയപ്പെട്ട കൃതി സ്മാരകശിലകൾതന്നെ. ഒരിക്കൽ വടകരയിലൂടെ യാത്രചെയ്തപ്പോൾ കണ്ടുമുട്ടിയ മനുഷ്യർ പൂക്കോയ തങ്ങളും ഏറമുള്ളാനും പൂക്കുഞ്ഞിബിയും കുഞ്ഞാലിയുമൊക്കെയായി മാറി എന്നെ ഒരപരലോകത്തെത്തിച്ച ഓർമ്മയുമുണ്ട്. ഇതൊക്കെയുള്ളതുകൊണ്ടാവും പിന്നീടൊരിക്കൽ എന്റെ കൂട്ടുകാർ ഒരുമിച്ചിരുന്ന മുറിയിൽ കുഞ്ഞബ്ദുള്ളയെ നേരിട്ടു കണ്ടപ്പോൾ ഞാൻ തരിച്ചു നിന്നുപോയത്. ആ തരിപ്പ് സൗഹൃദത്തിന്റെ ഊഷ്മളതയ്ക്കു വഴിമാറാൻ അധികം നേരം വേണ്ടിവന്നില്ല. കുഞ്ഞബ്ദുള്ള എന്റെയും കൂട്ടുകാരനായി. മറ്റു കൂട്ടുകാർക്കെന്നപോലെ എനിക്കും കുഞ്ഞിക്കയായി.

പിന്നീട് എത്രതവണ കണ്ടുമുട്ടിയെന്നോ വെറും നാളുകളെ പെരുന്നാളാക്കിയെന്നോ കണക്കെടുക്കാനാവുന്നില്ല. പുസ്തകപ്രസാധകനായിരുന്ന എൻ രാജേഷ് കുമാറായിരുന്നു ആ കൂടിച്ചേരലിനിടയിലെ പ്രധാന കണ്ണി. രാജേഷേട്ടനും ഹാരിസ് മാഷും കെ.എം. വേണുഗോപാലും ബി. മുരളിയും ജയൻ ശിവപുരവും ചിത്രകാരൻ ഭാസ്കരനും പലപ്പോഴും കൂടെയുണ്ടായിരുന്നു. കൂട്ടുകാർക്കൊപ്പമിരുന്നുള്ള കഥകളിൽ ഒളിവോ മറയോ ഉണ്ടായിരുന്നില്ല. അവയൊക്കെ അഭിമുഖങ്ങളിലും ആവർത്തിക്കപ്പെട്ടപ്പോൾ അമ്പരപ്പു കൂടുകയും ചെയ്തു.

ഏറ്റവും പ്രിയപ്പെട്ടവരുമായി തർക്കത്തിലേർപ്പെട്ടു വഴക്കിടുക എന്നൊരു ദു:സ്വഭാവം എനിക്കുണ്ടായിരുന്നു. ഒരിക്കൽ ചെങ്ങന്നൂരിൽ വച്ചു കണ്ടപ്പോൾ കുഞ്ഞിക്കയുമായും വഴക്കിട്ടു. അദ്ദേഹത്തിന്റെ ഒരു കഥയിലെ

Never keep a glass full and never keep a glass empty.

Empty the glass that is full and fill the glass that is empty

എന്ന വരികൾ ആൽബർട്ടോ മൊറേവിയയുടെ Time of indifference എന്ന നോവലിൽ നിന്നല്ലേ എന്നു ഞാൻ ചോദിച്ചു. കളിമട്ടിൽ ചോദിച്ചതാണ്. അത്തരം വരികൾ ഇങ്ങനെയൊക്കെയാണല്ലൊ കൈയിൽക്കിട്ടുക എന്നൊരു സ്വാഭാവികമായ പറച്ചിൽ മാത്രം. പക്ഷേ കുഞ്ഞിക്കയുടെ മുഖം മാറി. അതുപോലെ എനിക്കു പ്രിയപ്പെട്ട മറ്റൊരെഴുത്തുകാരനായ മേതിലിന്റെ കഥകളെക്കുറിച്ചും ഒരിക്കൽ തർക്കമായി. പക്ഷേ ഒന്നുണ്ട്; പിന്നീടു കാണുമ്പോഴും കുഞ്ഞിക്ക അതൊന്നും ഉള്ളിലേക്കെടുത്തില്ല. എന്നും ഒരേ അടുപ്പം. ഒരേ സ്നേഹവും വാത്സല്യവും.

നാലഞ്ചു വർഷമായി കുഞ്ഞിക്കയുമായുള്ള കൂടിക്കാഴ്ചകൾ ഇല്ലാതായിട്ട്. രാജേഷേട്ടന്റെ മരണവും കുഞ്ഞിക്കയുടെ ആരോഗ്യപ്രശ്നങ്ങളുമായിരുന്നിരിക്കാം പ്രധാനകാരണം. പക്ഷേ അദ്ദേഹത്തെക്കുറിച്ചുള്ള ഉത്കണ്ഠകളും സങ്കടങ്ങളും സൗഹൃദത്തിന്റെ ഓർമ്മകളും എന്നുമുണ്ടായിരുന്നു. ഇന്നു കുഞ്ഞിക്ക പോയി എന്നു കേൾക്കുമ്പോൾ സ്മാരകശിലകളിലെ ഒരു സന്ദർഭം സന്ദർഭം ഓർമ്മവരുന്നു. മായികമായ ഒരനുഭവത്തിൽ ജിന്നുകളുടെ കളിയിൽപ്പെട്ട് നഷ്ടമായ പണം അടുത്ത വർഷം തിരികെക്കിട്ടും എന്ന പൂക്കോയ തങ്ങളുടെ കുലുക്കമില്ലായ്മ! മനുഷ്യരുടെ ഒരു വർഷമാണല്ലൊ ജിന്നുകളുടെ ഒരു ദിവസം! ഇന്നു മറ്റേതോ അതീതലോകത്തേക്കുപോയ കുഞ്ഞിക്ക, ജിന്നുകളുടെ ആ ദിവസങ്ങളിലൊന്നിൽ നാം വീണ്ടും കണ്ടുമുട്ടും. ഇന്നത്തേക്കു വിട.

Read more on Punathil Kunjabdulla Literature

Your Rating: